തൃശ്ശൂർ: ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തെ ഗൗരവകരമായി കാണുന്നതായി ഷവോമി ഇന്ത്യ. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. അപകടത്തിൽ മരണപ്പെട്ട ആദിത്യശ്രീയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ഷവോമി ഇന്ത്യ അറിയിച്ചു.
വീഡിയോ കണ്ടുകൊണ്ടിരിക്കേ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം ഞെട്ടലുളവാക്കിയിരുന്നു. ദീർഘനേരം ഉപയോഗിച്ചതിനെ തുടർന്ന് ബാറ്ററി ചൂടായതാണ് കാരണമെന്ന് കരുതുന്നു. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിനിയാണ്.തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കുട്ടിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിടന്നുകൊണ്ട് വീഡിയോ കാണുകയായിരുന്നു. പുതപ്പിനുള്ളലായിരുന്നതിനാൽ പൊട്ടിത്തെറിയുടെ ആഘാതം കൂടി. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റു. വലതു കൈവിരൽ അറ്റു. കൈപ്പത്തി തകർന്നു. തല ഭാഗികമായി തകർന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ആദിത്യശ്രീയുടെ അച്ഛന്റെ, മാലിദ്വീപിൽ ജോലിയുള്ള സഹോദരൻ മൂന്നുവർഷം മുമ്പ് പാലക്കാട് നിന്ന് വാങ്ങിയ റെഡ്മി ഫൈവ് പ്രോ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞവർഷം പാലക്കാടുള്ള റെഡ്മി സർവീസ് സെന്ററിൽ ബാറ്ററി മാറാനായി നൽകിയിരുന്നു. കമ്പനി ബാറ്ററിയാണ് മാറ്റി നൽകിയത് എന്നായിരുന്നു സർവീസ് സെന്ററിൽ നിന്നും അറിയിച്ചത്. അപകടസമയത്ത് ഫോൺ ചാർജ് ചെയ്യുക അല്ലായിരുന്നു എന്നാണ് ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |