SignIn
Kerala Kaumudi Online
Friday, 03 May 2024 4.13 AM IST

ചില പൊലീസ് മാമന്മാർ അത്ര വെടിപ്പല്ല

opinion

അന്വേഷണ മികവ് കാട്ടി ഒരുവശത്ത് കേരള പൊലീസ് അഭിമാനമാകുമ്പോൾ ഒരു വിഭാഗം കൊടുംക്രിമിനലുകളായി അധഃപതിക്കുന്ന കാഴ്ചയാണ് ഓരോ ദിനവും കാണുന്നത്. മാങ്ങ മോഷണം മുതൽ അനാശാസ്യം, സാമ്പത്തിക ക്രമക്കേട്, ലഹരി ഇടപാട് കൈക്കൂലി തുടങ്ങി പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസുകൾ ഏറുകയാണ്. നെടുങ്കണ്ടത്ത് രാജ്കുമാറെന്ന മനുഷ്യനെ ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ കരിനിഴൽ മാറി വരുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി പൊലീസുകാർ ക്രിമിനൽ കേസുകളിൽ പെടുന്നത്.

മാനംകെടുത്തിയ

മാങ്ങാ മോഷണം
പൊലീസിനെ ഏറ്റവുമധികം നാണംകെടുത്തിയ സംഭവമായിരുന്നു മാങ്ങാ മോഷണക്കേസ്. സംഭവത്തിൽ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും സേനയ്ക്കുണ്ടായ കളങ്കം ബാക്കിയാണ്. 2022 സെപ്തംബർ 30ന് പുലർച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുന്നിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്‌കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി ടി.വി കാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിഹാബ് 10 കിലോ മാങ്ങയാണ് കവർന്നത്. രാവിലെ കട തുറക്കാൻ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കടയുടെ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ വാഹനത്തിന്റെ നമ്പർ ഉൾപ്പടെ വ്യക്തമായിരുന്നതാണ് പൊലീസുകാരനെ കണ്ടെത്താൻ സഹായിച്ചത്. കടയുടെ അരികിൽ സ്‌കൂട്ടർ നിറുത്തിയ പൊലീസുകാരൻ മാമ്പഴങ്ങൾ എടുത്ത് വണ്ടിയിൽ ഇടുന്നതുൾപ്പടെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പിള്ളി പൊലീസ് കേസെടുത്തിരുന്നു. ഇതോടെ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്യുകയും ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. സംഭവം പൊലീസ് സേനയ്ക്ക് അപമാനമായതോടെ കേസ് ഒത്ത് തീർക്കാനുള്ള ശ്രമങ്ങൾ നടന്നു. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും കേസ് ഒത്തുതീർക്കണമെന്നും കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയതോടെ മോഷണകേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. എന്നാൽ മോഷണക്കേസിൽ പ്രതിയാകുക വഴി പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കണ്ടെത്തിയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഇയാളെ പിരിച്ചുവിടാൻ നടപടിയെടുത്തത്. നേരത്തെ ഷിഹാബിന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചാണ് കേസ് ഒത്തുതീർപ്പാക്കിയതെന്നതും പരിഗണിച്ചു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗകേസിൽ പ്രതിയാണ് ഷിഹാബ്. ഈ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് മാങ്ങ മോഷണം നടത്തിയത്. ഇതുകൂടാതെ അടിപിടി, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ കേസുകളിലും ഇയാൾ പ്രതിയായിരുന്നു.

മോഷണം മുതൽ

ലഹരി ഇടപാട് വരെ

ഇടുക്കി പീരുമേട്ടിൽ കടയിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ഒടുവിൽ പിടിയിലായതും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സിവിൽ പൊലീസ് ഓഫീസർ സാഗർ പി. മധുവിനെ സസ്പപെൻഡ് ചെയ്തു. കേരള പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് പ്രതി. സംഭവം നടന്ന കഴിഞ്ഞ നവംബർ 24ന് കടയിലെത്തിയ സാഗർ കടയുടമയോട് നാരങ്ങാവെള്ളം ചോദിച്ചു. ഉടമ വെള്ളമെടുക്കാൻ തിരിഞ്ഞ തക്കം നോക്കി പണപ്പെട്ടിയിൽ നിന്ന് പണം കവരുകയായിരുന്നു. ഇത് കടയുടമ കണ്ടതോടെ പ്രശ്‌നമായി. ഒടുവിൽ നാട്ടുകാരുടെ മുന്നിൽനിന്ന് രക്ഷപ്പെടാൻ പണം കൊടുത്തു. പ്രശ്‌നം ഒത്തുതീർപ്പായതോടെ കേസായില്ല. പക്ഷേ വകുപ്പുതല നടപടി നേരിടേണ്ടി വന്നു.

സേനയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു വീര്യമേറിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി തൊടുപുഴയിൽ പൊലീസുകാരൻ പിടിയിലായ സംഭവം. കഴിഞ്ഞ ആഗസ്റ്റ് 20ന് ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ എം.ജെ. ഷാനവാസിനെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പൊലീസുകാരൻ പിടിയിലായത്. ഷാനവാസിന്റെ കാറിൽ നിന്ന് മൂന്നര ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.

പൊലീസുകാരന്റെ

അനാശാസ്യ കേന്ദ്രം

പീരുമേട്ടിൽ വാടകയ്ക്കെടുത്ത റിസോർട്ടിൽ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിലൊരാൾ പൊലീസുകാരൻ! സംഭവത്തിൽ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ ടി. അജിമോനെ ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് പീരുമേട് തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോട്ടിലെ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് മൂന്നു അന്യസംസ്ഥാനക്കാരടക്കം അഞ്ച് സ്ത്രീകളെ പിടികൂടി. പൊലീസെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പിൽ പൊലീസുകാരന്റെ പങ്കാളിത്തം അന്വേഷണ ഉദ്യോഗസ്ഥർ അറിഞ്ഞത്.

പൊലീസ് റിസോർട്ടിലെത്തിയ വിവരമറിയിക്കാൻ റിസോർട്ടിലുണ്ടായിരുന്ന സ്ത്രീകൾ ആദ്യം വിളിച്ചത് അജിമോനെയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പ്രധാന നടത്തിപ്പുകാരൻ അജിമോനാണെന്ന് ഉറപ്പുവരുത്തി. പൊലീസ് കാണിച്ച അജിമോന്റെ ഫോട്ടോ സ്ത്രീകൾ തിരിച്ചറിയുകയും ചെയ്തു. സ്ത്രീകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിക്കാൻ പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന കാരണത്താൽ അജിമോനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പൊലീസുകാരൻ ഉൾപ്പെടെ മൂന്നു പേരാണ് കേന്ദ്രം നടത്തിയിരുന്നത്. റിസോർട്ട് നടത്തിപ്പുകാരനായ ജോൺസനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയതായി പീരുമേട് ഡിവൈ.എസ്.പി പറഞ്ഞു. പൊലീസ് സ്റ്റേഷന്റെ അധികം ദൂരത്തിലല്ലാതെയുള്ള റിസോർട്ട് കുറച്ചു നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇടപാടുകൾ നടന്നു വരുന്നതായാണ് പിടിയിലായവർ നൽകിയ മൊഴി. നടത്തിപ്പുകാരനായ പൊലീസുകാരന്റെ സ്വാധീനത്താലാണ് വിവരം പുറത്തറിയാതിരുന്നത്. കുമളി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഇവർ സത്രീകളെ എത്തിച്ച് നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് പീരുമേട്ടിൽ ജോലി ചെയ്യവേ അനധികൃത ഇടപാടുകളുടെ പേരിൽ കഴിഞ്ഞ ഒക്ടോബറിലാണ് അജിമോനെ കാഞ്ഞാറിലേക്ക് സ്ഥലം മാറ്റിയത്.

ബന്ധുവിന്റെ മണൽകടത്തിന് ഒത്താശ

കരിമണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ നടന്നിരുന്നത് കോടികളുടെ അനധികൃത മണ്ണെടുപ്പായിരുന്നു. കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ മേഖലയിൽ അടുത്ത നാളുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ മണൽ ലോബി നിർബാധം മണ്ണ് ഖനനം നടത്തുന്നതായും ചില പൊലീസ് ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്യുന്നതായും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. മേഖലയിൽ മണ്ണ്, കല്ല് തുടങ്ങിയവ ഖനനം നടത്തുന്ന ലോബിയിലുള്ളയാൾ എസ്.എച്ച്.ഒയുടെ അടുത്ത ബന്ധുവാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് കരിമണ്ണൂർ പൊലീസിനെ അറിയിക്കാതെ തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് ടിപ്പർ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടി. അനധികൃത മണ്ണ് ഖനനം പിടികൂടിയതിന് തൊട്ടുപിന്നാലെ കരിമണ്ണൂർ എസ്.എച്ച്.ഒയുടെ ചുമതല വഹിക്കുന്ന സബ് ഇൻസ്‌പെക്ടർ കെ.എ. അബിയെ അടിമാലിയലേക്ക് സ്ഥലം മാറ്റി. യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവും ഇതേ പൊലീസ് ഉദ്യോഗസ്ഥനെതിരെയുണ്ടായിരുന്നു.

മനുഷ്യാവകാശ കമ്മിഷനിലും പരാതി

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് മുന്നിലെത്തുന്ന കേസുകളിൽ 50 ശതമാനവും പൊലീസിനെതിരായ പരാതികൾ. പൊലീസ് അപമര്യാദയായി പെരുമാറുന്നതിനെക്കുറിച്ചാണ് പരാതികളിലേറെയുമെന്ന് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പൊലീസിന്റെ മര്യാദയില്ലാത്ത പെരുമാറ്റം, മർദ്ദനം, പരാതികൊടുത്തിട്ടും കേസ് എടുക്കാതിരിക്കൽ, കൈക്കൂലി ആവശ്യപ്പെടൽ തുടങ്ങിയ പരാതികളാണ് മനുഷ്യാവകാശ കമ്മിഷനു മുന്നിലെത്തുന്നതെന്നു കമ്മിഷൻ അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടത്തിയ സിറ്റിങ്ങിൽ ഭൂരിഭാഗം പരാതികളും പൊലീസിനെതിരെയായിരുന്നു. പല പരാതികളിലും പൊലീസ് നടപടി എടുക്കുന്നില്ല. വളരെയധികം നല്ല ഓഫിസർമാരുള്ള കേരള പൊലീസിന്റെ വില കളയുന്നത് അഴിമതിക്കാരായ ചില ഓഫിസർമാരാണ്. എങ്ങനെ ജനങ്ങളോട് പെരുമാറണമെന്നറിയില്ല. പലതരം മാഫിയ ബന്ധങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അവരെ നിയന്ത്രിക്കാനും പരാതിക്കാരുടെ അവകാശം സംരക്ഷിക്കാനും കർശന നടപടികളെടുക്കണമെന്ന ആവശ്യം ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.