ന്യൂ ഡൽഹി : മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ.കെ. ശൈലജ എം.എൽ.എ. ഡൽഹിയിൽ കെ.കെ. ശൈലജയുടെ പുസ്‌തകം ''മൈ ലൈഫ് ആസ് എ കൊമ്രേഡ് " പ്രകാശനം ചെയ്‌ത ചടങ്ങിലാണ് പ്രതികരണം. ഒറ്റയ്‌ക്കല്ല ഒന്നും ചെയ്‌തത്. കൂട്ടായ പ്രവർത്തനമായിരുന്നു. പാർലമെന്ററി പ്രവർത്തനങ്ങളെയും ഇതര പ്രവർത്തനങ്ങളെയും ഒരേ പോലെയാണ് പാർട്ടി കാണുന്നത്. നാല് തവണ എം.എൽ.എയാകാൻ പാർട്ടി അവസരം നൽകി. ഒരു പഞ്ചായത്ത് മെമ്പർപോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി കുര്യൻ ജോസഫിന് നൽകി പ്രകാശനം ചെയ്‌തു. ശൈലജയിൽ പൂർണ വിശ്വാസമർപ്പിച്ചാണ് ആരോഗ്യവകുപ്പ് നൽകിയിരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ആ വിശ്വാസം പൂർണമായും കാത്തു സൂക്ഷിക്കാൻ ശൈലജയ്‌ക്ക് കഴിഞ്ഞു. എൽ.ഡി.എഫ് കൂട്ടായാണ് കൊവിഡിനെ നേരിട്ടതെന്ന് പിണറായി വ്യക്തമാക്കി.
കനൽ വഴികളിലൂടെ നടന്നും കടന്നാക്രമണങ്ങളെ ചെറുത്തുമാണ് ശൈലജ ഈ നിലയിൽ എത്തിയതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. സി.പി.എം. പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡൽഹിയിലെ കേരള സർക്കാർ പ്രത്യേക പ്രതിനിധി പ്രൊഫസർ കെ.വി. തോമസ് എന്നിവർ പങ്കെടുത്തു.
ഇംഗ്ലീഷിലുള്ള പുസ്‌തകം ജഗർനോട്ട് പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |