കോലാർ: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവ ഭഗവാന്റെ കഴുത്തിലെ ആഭരണമാണ് സർപ്പം. തനിക്ക് കർണാടകയിലെ ജനങ്ങളാണ് ശിവ ഭഗവാൻ. അവർ തന്നെ പരിഹസിച്ചോട്ടെ, എന്നാൽ ഇത്തവണയും ബി ജെ പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മോദി പ്രതികരിച്ചു. കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും തന്റെ സർക്കാർ കഠിനാധ്വാനം ചെയ്യുന്നത് കോൺഗ്രസിന് ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് അവരെന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നത്. കോൺഗ്രസ് പാർട്ടിയിലുള്ള 85 ശതമാനം പേരും കമ്മിഷൻ വാങ്ങുന്നവരാണ്. അവരുടെ പ്രധാനമന്ത്രി തന്നെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്.
കർണാടകയിൽ അധികാരത്തിലെത്താനും കൊള്ള നടത്താനും അവർ കഠിനമായി പരിശ്രമിക്കുകയാണ്. എന്നാൽ അത് നടക്കാൻ പോകുന്നില്ല. ഇരട്ട എഞ്ചിൻ സർക്കാരിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് കർണാടകയിലെ ജനങ്ങൾക്ക് അറിയാം. കോലാറിലെ ജനം കോൺഗ്രസിനും ജെ ഡി എസ്സിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്നും മോദി പറഞ്ഞു.
#WATCH | "Congress has again started abusing me. They call me a 'snake' but a snake is the necklace of Lord Shiv and for me, the public of Karnataka is Shiv. Let them abuse me but this time BJP will again win with full majority, " says PM Narendra Modi in Karnataka pic.twitter.com/Rr8lV9K5pc
— ANI (@ANI) April 30, 2023
'പ്രധാനമന്ത്രി മോദി ഒരു ‘വിഷമുള്ള പാമ്പിനെ’ പോലെയാണ്, അത് വിഷമാണോ അല്ലയോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷെ നക്കിയാൽ ചത്തു. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങൾ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു'- ഇതായിരുന്നു ഖാർഗെ കൽബുർഗിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.
പ്രസ്താവന മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ രൂക്ഷമായ വിമർശനമാണ് ബി ജെ പി നേതാക്കളും കേന്ദ്രമന്ത്രിമാരും ഉയർത്തിയത്. അതോടെ തിരുത്തുമായി ഖാർഗെ രംഗത്ത് എത്തി. മോദിയെ വ്യക്തിപരമായ ആക്ഷേപിച്ചതല്ല, ബി ജെ പിയുടെ പ്രത്യയ ശാസ്ത്രം വിഷപ്പാമ്പിന് തുല്യമാണെന്നും അതാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വിശദീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |