നാഗ്പൂർ: ബഹുനില കെട്ടിടത്തിന്റെ ബാൽക്കണിയിലൂടെ കടന്നുപോകുന്ന മേൽപ്പാലം. നാഗ്പൂരിലാണ് ഈ അത്യപൂർവ കാഴ്ച. നഗരത്തിലെ അശോക് നഗർ ഏരിയയിൽ നാഷണൽ ഹൈവേ അതോറിറ്റി പണിയുന്ന ഇൻഡോറ-ദിഘോരി ഇടനാഴിയുടെ ഭാഗമായ മേൽപ്പാലമാണ് ഇത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പലതരത്തിലുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്. ബാൽക്കണിൽ സ്ഥാപിച്ചിരുന്ന പൈപ്പുകൾപോലും നീക്കംചെയ്യാതെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
മേൽപ്പാലനിർമ്മാണം ചർച്ചയായതോടെ പ്രതികരണവുമായി എൻഎച്ച് അധികൃതർ രംഗത്തെത്തി. ബാൽക്കണി നിർമ്മിച്ചിരിക്കുന്നത് കൈയേറ്റപ്രദേശത്താണെന്നും ഇത് നീക്കംചെയ്യാൻ നാഗ്പൂർ മുൻസിപ്പൽ കോർപ്പറേഷന് കത്തെഴുതിയിട്ടുണ്ടെന്നുമാണ് അവർ പറയുന്നത്. കൈയേറ്റം ഉടൻ ഒഴിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ സൂചിപ്പിച്ചു.
പാലത്തിന്റെ ഒരുഭാഗം കെട്ടിടത്തിനുള്ളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അത് കെട്ടിടത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്. 'പാലത്തിന്റെ കുറച്ചുഭാഗം കെട്ടിടത്തിനുള്ളിലൂടെ കടന്നുപോകുന്നുണ്ട്. ആ സ്ഥലം ഉപയോഗശൂന്യമാണ്. ആരും ആ സ്ഥലം ഒരുകാര്യത്തിനും ഉപയോഗിക്കുന്നില്ല. തറനിരപ്പിൽ നിന്ന് 14 മുതൽ 15 അടിവരെ ഉയരത്തിലാണ് പാലം കടന്നുപോകുന്നത്. ഒരുതരത്തിലുള്ള സുരക്ഷാപ്രശ്നങ്ങളും ഇല്ല'-കെട്ടിടത്തിലെ താമസക്കാർ പറയുന്നു.
കെട്ടിടം മുമ്പ് ഇപ്പോഴത്തെ ഭൂവുടമയ്ക്ക് പാട്ടത്തിന് നൽകിയതാണെന്നാണ് മുൻസിപ്പൽ ഉദ്യോഗസ്ഥൻ പറയുന്നത്. ഇതിന്റെ രേഖകളെല്ലാം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൂർത്തിയായിക്കഴിഞ്ഞശേഷമായിരിക്കും അനന്തര നടപടികൾ സ്വീകരിക്കുക. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കെട്ടിടം പൊളിക്കാതെ പാലം നിർമ്മിച്ച ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കും രൂക്ഷ വിമർശനങ്ങളാണ് നേരിടുന്നത്. ഇതിന് അനുമതി നൽകിയ ഭരണാധികാരികളെയും സമ്മതിക്കണമെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |