വിളവെടുക്കാനുള്ളത് 1000ഹെക്ടറിലെ പുഞ്ചകൃഷി
ആലപ്പുഴ : വേനൽമഴ ശക്തമായതോടെ പുഞ്ചകൃഷി കർഷകർ ആശങ്കയിൽ.
കുട്ടനാട്, അപ്പർ കുട്ടനാട്, കരിനിലം എന്നിവിടങ്ങളിലായി 28,202ഹെക്ടറിലാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. ഇതിൽ 1000 ഹെക്ടറിലെ വിളവെടുപ്പ് ഇനിയും പൂർത്തിയാക്കാനുണ്ട്.
ശക്തമായ മഴയും അത് തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുമാണ് കർഷകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്. വേനൽ മഴയിൽ പല പാടങ്ങളും ഇപ്പോൾ തന്നെ വെള്ളത്തിലാണ്.
വെള്ളക്കെട്ടായ പാടത്ത് യന്ത്രങ്ങൾ ഇറക്കി കൊയ്യാൻ ബുദ്ധിമുട്ടാണ്. നെല്ലിലെ ഈർപ്പം, കറവൽ എന്നിവയുടെ പേരിൽ ചില പാടശേഖരങ്ങളിൽ മില്ലുകാരും കർഷകരും തമ്മിൽ തർക്കവും നിലനിൽക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ നെല്ല് സംഭരണവും മന്ദഗതിയിലാണ്.
കാലാവസ്ഥാവ്യതിയാനം കാരണം ഇത്തവണ പലഘട്ടങ്ങളിലായിട്ടാണ് വിളവിറക്കിയത്. ഇത് കൊയ്‌ത്ത് നീണ്ടുപോകാൻ കാരണമായി. കനത്ത ചൂടിൽ 120 ദിവസംകൊണ്ട് പാകമാകേണ്ട നെൽച്ചെടികൾ 90മുതൽ 95 ദിവസംകൊണ്ട് പാകമായത് തൂക്കത്തെ ബാധിച്ചു. ഏക്കറിന് 75 മുതൽ 100 കിലോവരെ നെല്ലിന്റെ കുറവ് ഉത്പാദനത്തിലും ഉണ്ടായതായി കർഷകർ പറയുന്നു.
ഈർപ്പത്തിന്റെ
പേരിൽ ചൂഷണം
വേനൽമഴയെത്തിയതോടെ സംഭരണത്തിനെത്തുന്ന മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതും കർഷകർക്ക് തിരിച്ചടിയാണ്. ഒരു ക്വിന്റലിന് അഞ്ചുകിലോ വരെ കിഴിവ് വാങ്ങിയിരുന്ന സ്ഥലത്ത്, മഴയെത്തിയതോടെ ഈർപ്പത്തിന്റെ പേരുപറഞ്ഞ് അത് പതിനഞ്ച് കിലോവരെയാക്കി മില്ലുകാർ ഉയർത്തിയിട്ടുണ്ട്. ഇതേച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ വിളവെടുടുത്ത പാടശേഖരങ്ങളിൽപ്പോലും നെല്ല് സംഭരണം വൈകുകയാണ്. കാര്യമായ ഈർപ്പവും പതിരും ഇല്ലാഞ്ഞിട്ടും മില്ലുകാർ അവസരംമുതലാക്കി ചൂഷണം ചെയ്യുകയാണെന്ന് കർഷകർ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |