
തൃശൂർ: തൃശൂർ പൂരത്തിൽ റെക്കാഡ് ജനക്കൂട്ടത്തെ തുടർന്ന്, തെക്കോട്ടിറക്കത്തിനിടയിലും കുടമാറ്റം നടക്കുമ്പോഴുമുണ്ടായ വൻ തിരക്കിൽ തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായതെന്ന് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ഭരണകൂടവും പൊലീസും ദേവസ്വങ്ങളും വിവിധ വകുപ്പും ചേർന്ന് അടിയന്തരമായി യോഗം ചേർന്ന് സ്ഥിതിഗതികൾ പഠിച്ചും ന്യൂനതകൾ പരിഹരിച്ചും അടുത്ത വർഷത്തെ പൂരത്തിനുള്ള പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യം ഉയർന്നു. ദേവസ്വങ്ങൾക്കും പൂരപ്രേമികൾക്കും മറ്റ് നടത്തിപ്പുകാർക്കുമെല്ലാം ഇക്കാര്യത്തിൽ സമാന അഭിപ്രായമാണ്. പാറമേക്കാവിന്റെ കുടമാറ്റത്തിനിടെ ആനകളുടെ കാൽച്ചുവട്ടിൽ വരെ ജനങ്ങളെത്തുന്ന സ്ഥിതിയുണ്ടായി. ആനയുടെ ചുറ്റുഭാഗത്തും ജനങ്ങളായിരുന്നു. ഏതെങ്കിലും ആന ഒന്ന് തിരിഞ്ഞാൽ വൻദുരന്തം ഉണ്ടാകുമെന്ന നില വന്നു. ബാരിക്കേഡില്ലാത്തതിനാൽ ജനം തിക്കിത്തിരക്കിയെത്തി. തെക്കേഗോപുരനടയിൽ നിൽക്കാവുന്നതിനേക്കാൾ ഇരട്ടി ജനമാണെത്തിയത്. അടുത്ത വർഷവും ഈ നില തുടർന്നാൽ വലിയ സുരക്ഷാവീഴ്ചകൾക്കും അപകടങ്ങൾക്കും വഴിവെയ്ക്കും. അതേസമയം, വടക്കുന്നാഥ ക്ഷേത്രമതിൽക്കകത്ത് ജനക്കൂട്ടത്തിന് നേരെ ലാത്തിവീശിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സാദ്ധ്യതയില്ലെന്നാണ് വിവരം. ദേവസ്വം ഭാരവാഹികളും ജനപ്രതിനിധികളും പൊലീസ്, സർക്കാർ നേതൃത്വങ്ങളെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
പൊലീസിലും കലിപ്പ്
നാല് ദിവസമായി വിശ്രമമില്ലാതെ ജനക്കൂട്ടത്തിനിടെ ഡ്യൂട്ടി ചെയ്ത പൊലീസുകാർക്ക് മതിയായ വിശ്രമം അനുവദിച്ചില്ലെന്ന് വ്യാപക പരാതിയുണ്ട്. പൂരം സാമ്പിൾ വെട്ടിക്കെട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥരെ വരെ രാത്രിയിൽ തിരിച്ചുവിളിച്ച് ചുമതലയേൽപ്പിച്ചു. പെരുമഴയത്ത് വീട്ടിലെത്തിയവർക്കെല്ലാം തിരിച്ചെത്തേണ്ടി വന്നു. അനുമതിയില്ലാതെ ഡ്യൂട്ടി പോയിന്റിൽ നിന്നും മടങ്ങിയെന്നതാണ് പൊലീസുകാരെ തിരിച്ചുവിളിക്കാൻ ഇടയാക്കിയതെന്ന് പറയുന്നു. സുരക്ഷാ ക്രമീകരണം പാളിയതിന്റെ രോഷമാണ് മേലുദ്യോഗസ്ഥർ പ്രകടിപ്പിച്ചതെന്ന പരാതിയും ഉയർന്നു.
മാറ്റം വേണ്ടത് ഇങ്ങനെ
തെക്കേഗോപുരനടയിൽ കൂടുതൽ പേർക്ക് നിന്നുകൊണ്ട് കുടമാറ്റം കാണാൻ അവസരം
വി.ഐ.പി. ഗാലറികളുടെ വലിപ്പം കുറച്ചും ഒഴിഞ്ഞ സ്ഥലം ഉപയോഗിച്ചും സ്ഥലവിസ്തൃതി കൂട്ടണം
കുടമാറ്റത്തിന് നിരക്കുന്ന ആനകളുടെ ചുറ്റും ബാരിക്കേഡ്, കൂടുതൽ പൊലീസ്
സ്ത്രീകളും കുട്ടികളും കൂടുതലായി വന്ന സാഹചര്യത്തിൽ കുടമാറ്റത്തിന് കൂടുതൽ സുരക്ഷ
തൃശൂർ പൂരത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത പൊലീസുകാരെ നിയോഗിക്കുന്നത് നിയന്ത്രണത്തിൽ തടസമുണ്ടാക്കും. തിരക്ക് നിയന്ത്രിക്കുന്നതിൽ കൂടുതൽ ജാഗ്രത വേണം.
ഡോ.ടി.എ.സുന്ദർമേനോൻ
പ്രസിഡന്റ്, തിരുവമ്പാടി ദേവസ്വം
തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് അടിയന്തരയോഗം ഇപ്പോൾ ചേർന്നാലേ അടുത്ത വർഷത്തേയ്ക്ക് കൃത്യമായ പദ്ധതി ഉണ്ടാക്കാനാകൂ. അടുത്ത വർഷം പൂരത്തിന് മുൻപ് മാത്രം യോഗം ചേർന്നാൽ ഇപ്പോഴത്തെ പ്രശ്‌നം തിരിച്ചറിയപ്പെടാതെ പോയേക്കാം.
ജി.രാജേഷ്,
സെക്രട്ടറി, പാറമേക്കാവ് ദേവസ്വം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |