പൂനെ: ചാരപ്രവർത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒയിലെ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനാണ് ഇയാൾ രഹസ്യവിവരങ്ങൾ കൈമാറിയത്. ഡി.ആർ.ഡി.ഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഡയറക്ടറായിരുന്ന പ്രദീപ് കുരുൽക്കറിനെ ബുധനാഴ്ചയാണ് പിടികൂടുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ പൂനെയിലെ കോടതിയിൽ ഹാജരാക്കി.
പ്രദീപ് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. യുവതിയുടെ ഫോട്ടോ ഉപേയാഗിച്ചാണ് ഇയാളെ വശത്താക്കിയത്. കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി വാട്സ്‌ആപ്പും മറ്റു സോഷ്യൽ മീഡിയകൾ വഴിയും ഇയാൾ പാക് ഇന്റലിജൻസ് ടീം അംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു. തന്റെ കൈവശമുള്ള ഔദ്യോഗിക രഹസ്യങ്ങൾ ശത്രുരാജ്യത്തിന് ലഭിച്ചാൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അറിഞ്ഞിട്ടും തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് ശത്രുരാജ്യത്തിന് വിശദാംശങ്ങൾ നൽകിയെന്നാണ് ഭീകര വിരുദ്ധ സംഘത്തിന്റെ കണ്ടെത്തൽ. പ്രദീപ് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഡി.ആർ.ഡി.ഒയിൽ നിർണ്ണായക സ്ഥാനമാണ് പ്രദീപ് കുരുൽക്കറിന് ഉണ്ടായിരുന്നത്. എ.ഡി, എം.ആർ.എസ്.എ.എം, നിർഭയ് സബ്സോണിക് ക്രൂയിസ് മിസൈൽ സിസ്റ്റം, പ്രഹാർ, ക്യു.ആർ.എസ്.എ.എം, എക്‌സ്.ആർ.എസ്.എം, ഹൈപ്പർബാറിക് ചേംബർ എന്നിവയ്‌ക്കായുള്ള മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെ നിരവധി സൈനിക എഞ്ചിനിയറിംഗ് സിസ്റ്റങ്ങളുടെയും ഉപകരണങ്ങളുടെയും വിജയകരമായ രൂപകൽപ്പനയിലും വികസനത്തിലും ഡെലിവറിയിലും ഇയാൾ പ്രധാന പങ്ക് വഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |