ചെന്നൈ: കർണാടക താളവാദ്യത്തിന്റെ ഖ്യാതി ലോകമാകെ എത്തിച്ച വിശ്വപ്രസിദ്ധ മൃദംഗ വിദ്വാൻ കാരൈക്കുടി ആർ.മണി (77) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ ചെന്നൈയിലായിരുന്നു അന്ത്യം.
ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും തലപ്പൊക്കമുള്ള പ്രതിഭയായ കാരൈക്കുടി മണി ലോക പ്രശസ്ത സംഗീതജ്ഞർക്കും വാദ്യകലാകാരന്മാർക്കുമൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. എം.എസ്.സുബ്ബുലക്ഷ്മി, ഡി.കെ.പട്ടമ്മാൾ, എം.എൽ.വസന്തകുമാരി, മധുര സോമു, ടി.എം.ത്യാഗരാജൻ, ഡി.കെ.ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി. എം. കൃഷ്ണ തുടങ്ങിയ പ്രതിഭകൾക്ക് വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. രാജ്യാന്തര സംഗീതമാസികയായ ‘ലയമണിലയ’ത്തിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്. ഗുരുകുല സമ്പ്രദായത്തിൽ നിരവധി ശിഷ്യരെ പരിശീലിപ്പിച്ചിട്ടുണ്ട്.
1945 സെപ്തംബർ 11ന് കാരൈക്കുടിയിൽ സംഗീതജ്ഞനായ ടി.രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായാണ് ഗണപതി സുബ്രഹ്മണ്യം എന്ന മണിയുടെ ജനനം. രണ്ടാം വയസിൽ സംഗീതം പഠിച്ചുതുടങ്ങി. തകിലും നാദസ്വരവും പഠിച്ചു.
കാരൈക്കുടി ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കിടെ അച്ഛന്റെ തോളിലിരുന്ന് താളം പിടിച്ച മണിയുടെ വാസന മൃദംഗത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ കാരൈക്കുടി രഘു അയ്യങ്കാറിന്റെയടുത്ത് മൃദംഗ പഠനത്തിനു ചേർത്തു. കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃംദംഗം വായിച്ചാണ് അരങ്ങേറ്റം. എട്ടാം വയസിൽ കോപ്പുതൈ അമ്മൻ കോവിലിൽ പുതുക്കോട്ടൈ കൃഷ്ണമൂർത്തി അയ്യരുടെ വിണക്കച്ചേരിക്ക് പക്കം വായിച്ചു.
മൃദംഗ കുലപതിയായിരുന്ന പാലക്കാട് മണി അയ്യരുടെ വാദനം പ്രചോദനമായി. ടി.ആർ.ഹരിഹര ശർമ്മ, കെ.എം.വൈദ്യനാഥൻ എന്നിവരുടെ ശിക്ഷണത്തിൽ മൃദംഗ പഠനം തുടർന്നു. കാരൈക്കുടി രംഗ അയ്യനാഗറും വിക്കു വിനായക്‌റാമിന്റെ പിതാവ് ഹരിഹര ശർമ്മയിയും കെ.എം വൈദ്യനാഥനും ഗുരുക്കന്മാരായി.
പതിനഞ്ചാം വയസിൽ ചെന്നൈയിലേക്ക് താമസം മാറിയതോടെ മുതിർന്ന സംഗീതജ്ഞർക്ക് മൃദംഗം വായിച്ചു തുടങ്ങി. പതിനെട്ടാം വയസിൽ അന്നത്തെ രാഷ്ട്രപതി ഡോ.രാധാകൃഷ്ണനിൽ നിന്ന് ദേശീയ പുരസ്‌കാരം സ്വീകരിച്ചു. 1998 ൽ കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരം ലഭിച്ചു.
മണിയുടെ മൃദംഗ പരീക്ഷണങ്ങൾ
മൃദംഗവാദനത്തിൽ കാരൈക്കുടി മണിയുടെ പരീക്ഷണങ്ങൾ സുന്ദരമായ ഭാവതലങ്ങൾ സമ്മാനിച്ചു. 1986ൽ ലോകപ്രശസ്ത പ്രതിഭകളെ ഉൾപ്പെടുത്തി താള, തന്ത്രിവാദ്യങ്ങൾ സമന്വയിപ്പിച്ച 'ശ്രുതിലയ' എന്ന ലയവിന്യാസ കച്ചേരി ശ്രദ്ധേയമായി. ചെന്നൈ, ബംഗളൂരു, ഓസ്‌ട്രേലിയ, ലണ്ടൻ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ ശ്രുതിലയ സേവ സ്‌കൂളും ആരംഭിച്ചു.
വായ്പ്പാട്ടുകാരുടെ പിൻപാട്ടുകാരനായി വാദ്യം വായിക്കുകയല്ല അദ്ദേഹം ചെയ്തത്. വോക്കൽ ഇല്ലാതെ മൃദംഗവും മറ്റു താളവാദ്യങ്ങളും മാത്രം ഉൾപ്പെടുത്തി തനിയാവർത്തനം കച്ചേരി രൂപപ്പെടുത്തി. മൃദംഗവാദനത്തെ ശാസ്ത്രീയ നൃത്തവുമായി സമന്വയിപ്പിച്ച്, അനന്തരവളും പ്രശസ്ത ഭരതനാട്യ നർത്തകിയുമായ രാജേശ്വരി സായിനാഥിനൊപ്പം താള സംഗീത നൃത്ത സമന്വയം അവതരിപ്പിച്ചു.
ലോകപ്രശസ്തരായ പല സംഗീതജ്ഞർക്കൊപ്പം മണി മൃദംഗം വായിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആർട്സ് ഓർക്കസ്ട്രയിലെ പോൾ ഗ്രോബോസ്‌കി, ഫിന്നിഷ് സംഗീതജ്ഞൻ ഇറോ ഹമിനിമി, ഇറ്റലിയിലെ ലിവിയോ മഗ്നിനി, അമേരിക്കയിലെ പോൾ സിമൺ എന്നിവർക്കൊപ്പം ആൽബങ്ങൾക്കു വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. ഇറോ ഹമിനിമി തന്റെ നാല് കോമ്പോസിഷനുകൾക്കും മണിയുടെ പേരാണ് നൽകിയത്.
പിത്തുകുളി മുരുകദോസിന്റെ ഭക്തിഗാനങ്ങൾക്കുള്ള മണിയുടെ അകമ്പടി അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭ അടയാളപ്പെടുത്തി. രാഗങ്ങളിലും കീർത്തനങ്ങളിലും അസാമാന്യ പ്രാവീണ്യമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |