പാലക്കാട്: സംസ്ഥാന സർക്കാർ 2018-ൽ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയിൽ അംഗങ്ങളായ കർഷകർ പ്രതിസന്ധിയിൽ. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് കീഴിൽ കോഴിവളർത്തലിൽ ഏർപ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകരാണ് തുക ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. വിത്തുധനം, പരിപാലനച്ചെലവ് ഇനങ്ങളിൽ മൂന്നരക്കോടിയിലധികം രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റി നൽകാനുള്ളതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ജനുവരി 23ന് സമരം ചെയ്തിരുന്നെങ്കിലും മാർച്ച് അവസാനത്തോടെ എല്ലാവർക്കും തുക ലഭ്യമാക്കുമെന്നാണ് സൊസൈറ്റി അധികൃതർ അറിയിച്ചത്. എന്നാൽ ഇതുവരെയായിട്ടും തുക ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പ വാങ്ങി വിത്തുധനം നൽകുകയും പരിപാലനച്ചെലവ് വഹിക്കുകയും ചെയ്ത കർഷകർ നിലവിൽ വായ്പ തിരിച്ചടവ് മുടങ്ങി വലിയ കടക്കെണിയിലാണ്. തുക നൽകുന്നതിൽ സൊസൈറ്റി ഇനിയും വീഴ്ച വരുത്തിയാൽ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ചു ശക്തമായ സമരത്തിനു കർഷകർ നിർബന്ധിതരാകുമെന്ന് കേരള ചിക്കൻ കർഷക ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.
ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗൾട്രി മിഷൻ, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിർവഹണത്തിനു ചുമതലപ്പെടുത്തിയിരുന്നത്.
അംഗങ്ങളാകുന്ന കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി നൽകുകയും 40 ദിവസം വളർച്ചയെത്തുന്ന മുറയ്ക്ക് കോഴികളെ തിരികെവാങ്ങി പരിപാലനച്ചെലവായി കിലോഗ്രാമിനു എട്ടുമുതൽ 11 വരെ രൂപ ലഭ്യമാക്കുകയും ചെയ്യുന്നവിധത്തിലായിരുന്നു പദ്ധതി.
കോഴിക്കുഞ്ഞ് ഒന്നിന് 130 രൂപയാണ് വിത്തുധനമായി ബ്രഹ്മഗിരി സൊസൈറ്റി കർഷകരിൽ നിന്നു വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |