നെടുമങ്ങാട്: നാട്ടിൻ പുറങ്ങളിലെ ആരോഗ്യപരിപാലനത്തിന് പുതിയ ശീലങ്ങളെ പരിചയപ്പെടുത്തുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. നഗരപ്രദേശങ്ങളിൽ വ്യാപകമാകുന്ന ഫിറ്റ്‌നെസ് സെന്റർ എന്ന ആശയത്തെ ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കുകൂടി പ്രാപ്യമാക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വേങ്കവിള ഡിവിഷൻ. ഇതിന്റെ ഭാഗമായി വേങ്കവിളയിൽ തയ്യാറാക്കിയ ഓപ്പൺ ജിം ഉദ്ഘാടനത്തിനൊരുങ്ങി.2022-23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിട്ട് മൂന്ന് മാസം മുൻപാണ് ഓപ്പൺ ജിമ്മിന്റെ നിർമ്മാണം ആരംഭിച്ചത്. 15മുതൽ 60വയസുവരെയുള്ളവർക്ക് ഇവിടെ പ്രവേശനമുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജിം ഉപയോഗിക്കാം. രജിസ്‌ട്രേഷനായി നൽകേണ്ടുന്ന തുച്ഛമായ തുകയല്ലാതെ മറ്റൊരുതരത്തിലുള്ള ഫീസും ബ്ലോക്ക് പഞ്ചായത്ത് ഈടാക്കുന്നില്ല. വ്യായാമങ്ങൾക്കുള്ള ഉപകരണങ്ങൾക്കൊപ്പം പ്രഭാത നടത്തത്തിനായുള്ള സൗകര്യവും ഓപ്പൺ ജിമ്മിൽ ഒരുക്കിയിട്ടുണ്ട്. ജിം തുറക്കുന്നതിന് മുന്നോടിയായി പ്രദേശവാസികൾക്കായി ഇതിന്റെ ഉപയോഗം സംബന്ധിച്ച ബോധവത്കരണവും ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നുണ്ട്. ഈ വാരത്തോടെ ജിം പൊതുജനങ്ങൾക്കായി തുറന്ന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |