SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.35 AM IST

രക്ഷകരാണ് കൊല്ലരുത്...

opinion

കൊട്ടാരക്കരയിൽ 23 വയസുള്ള യുവ ഡോക്ടറെ, പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച ലഹരിമരുന്നിന് അടിമയായ സർക്കാർ അദ്ധ്യാപകൻ കുത്തിക്കൊന്നു. സംഭവത്തിന്റെ നടുക്കം ആരോഗ്യപ്രവർത്തകരിൽ നിന്ന് കേരളമാകെ പടർന്നിരിക്കുന്നു! ഡോക്ടർമാരും നഴ്സുമാരുമടക്കം ആരോഗ്യപ്രവർത്തകർ വർഷങ്ങളായി ചെറുതും വലുതുമായ അതിക്രമങ്ങൾക്ക് വിധേയമാവുന്നുണ്ട്. അന്നെല്ലാം ശക്തമായ നടപടികളെടുക്കാനോ കുറ്റവാളികൾക്ക് കടുത്ത ശിക്ഷയുറപ്പാക്കാൻ നിയമനിർമ്മാണം നടത്തുകയോ ചെയ്യാതെ കണ്ണടച്ചതിന്റെ ദുരന്തഫലമാണ് കൊട്ടാരക്കരയിൽ കണ്ടത്. പരിക്കേറ്റ കാലിൽ മരുന്നുവയ്ക്കുന്നതിനിടെ ബന്ധുവിനെ കണ്ടാണ് പ്രതി അക്രമാസക്തനായത്. ജീവനക്കാർ മറ്റ് മുറികളിലേക്ക് രക്ഷപ്പെട്ടതോടെ വന്ദന മുറിയിൽ ഒറ്റപ്പെടുകയായിരുന്നു. സന്ദീപ് ഡോ.വന്ദനയെ തലയ്ക്ക് കുത്തി, ചവിട്ടി നിലത്തിട്ട് ദേഹത്ത് കയറിയിരുന്ന് തുരുതുരാ കുത്തുകയായിരുന്നു. പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു ഈ അതിക്രൂരകൃത്യം.

മതിയായ സുരക്ഷയില്ലാത്തതോ നിയമമില്ലാത്തതോ അല്ല ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയാക്കുന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായം. കൊട്ടാരക്കര ആശുപത്രിയിൽ പൊലീസിന്റെ കൺമുന്നിലാണ് ഡോക്ടർ ആക്രമിക്കപ്പെട്ടത് എന്നത് ശരിയാണ്. ഇതിനു മുൻപുണ്ടായ അനവധി സംഭവങ്ങളിൽ യാതൊരു സുരക്ഷയുമില്ലാത്ത ആശുപത്രിയിൽ കടന്നുകയറിയാണ് ആരോഗ്യപ്രവർത്തകരെ ആക്രമിച്ചിരുന്നത്. ഇത്തരം ആക്രമണങ്ങളിൽ പൊലീസുകാരടക്കം പ്രതികളായിട്ടുണ്ട്. മാസത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകരെങ്കിലും ആക്രമിക്കപ്പെടുന്നതായാണ് കണക്ക്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരുമാണ് ആക്രമിക്കപ്പെടുന്നതിലേറെയും. ഇതിലേറെയും വനിതാ ഡോക്ടർമാരും. 11വർഷമായി ആശുപത്രി സംരക്ഷണ നിയമം നിലവിലുള്ള നാട്ടിലാണ് ഈ അതിക്രമങ്ങൾ തുടർക്കഥയാവുന്നത്.

ശക്തമായ സുരക്ഷാ സംവിധാനമുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതയായ പി.ജി ഡോക്ടറെ രോഗിയുടെ ബന്ധു വയറ്റിൽ ചവിട്ടിവീഴ്‌ത്തിയത് അടുത്തകാലത്താണ്. പൊലീസ് എയ്ഡ്പോസ്റ്റും തൊട്ടടുത്ത് പൊലീസ് സ്റ്റേഷനുമുള്ള ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലായിരുന്നു കൊല്ലം സ്വദേശിയുടെ പരാക്രമം. സിസിടിവി ദൃശ്യങ്ങളടക്കം പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. തിരുവനന്തപുരം ജനറലാശുപത്രിയിലും ഹരിപ്പാട് താലൂക്കാശുപത്രിയിലും അതിനു മുൻപ് ഡോക്ടർമാരെ കൈയേറ്റം ചെയ്തു. ഒ.പി സമയം കഴിഞ്ഞിട്ടും രോഗികളെ പരിചരിക്കുകയായിരുന്ന വനിതാ ഡോക്ടറാണ് ജനറലാശുപത്രിയിൽ ആക്രമിക്കപ്പെട്ടത്. രോഗിയുടെ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിലാണ് ഹരിപ്പാട്ടെ ഡോക്ടർക്ക് നേരേ കൈയേറ്റമുണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാഷ്വാൽറ്റിയിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച സംഭവവുമുണ്ടായി. കൊല്ലം നീണ്ടകര താലൂക്കാശുപത്രിയിൽ ഡോക്ടറെയും നഴ്സിനെയും കമ്പി വടികളുപയോഗിച്ചാണ് ആക്രമിച്ചത്. രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരമർദ്ദനം. കായംകുളം നൂറനാട്ടെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ ആക്രമിച്ചതും അടുത്തിടെയാണ്.

ഡോക്ടർമാരും നഴ്സുമാരും മാത്രമല്ല, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരും അടിക്കടി ആക്രമിക്കപ്പെടുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ ചവിട്ടിക്കൂട്ടിയത് ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്നു. ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ ജനപ്രതിനിധികളും പ്രതികളായിട്ടുണ്ട്. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചത് ശൂരനാട്ടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മട്ടാഞ്ചേരിയിൽ സർക്കാരാശുപത്രിയിൽ വനിതാ ഡോക്ടറെ അസഭ്യവർഷം നടത്തിയ സംഭവവുമുണ്ടായി. കോഴിക്കോട്ട് ആക്രമിക്കപ്പെട്ടത് സീനിയർ കാർഡിയോളജിസ്റ്റാണ്. 2021ഓഗസ്റ്റ് വരെ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതിന് 43 കേസെടുത്തിരുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോ.രാഹുൽ മാത്യുവിനെ ആക്രമിച്ച കേസിലെ പ്രതി സിവിൽ പൊലീസ് ഓഫീസറാണ്. മെഡിക്കൽ കോളേജ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലൊഴികെ മറ്റിടങ്ങളിൽ കാര്യമായ പൊലീസ് സംരക്ഷണമില്ല. ഭൂരിഭാഗം ആശുപത്രികളിലും സി.സി.ടി.വി നിരീക്ഷണവും കാര്യക്ഷമമല്ല. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്താലും യഥാസമയം കുറ്റപത്രം നൽകാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ രക്ഷിക്കുകയാണ് നിലവിലെ രീതി. ജാമ്യമില്ലാ കുറ്റം ചുമത്തിയാലും ആറുമാസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കുമെന്ന പഴുതാണ് ഈ കേസുകളിലെല്ലാം മുതലെടുക്കപ്പെടുന്നത്.

തലസ്ഥാനത്തെ ക്രൂരകൃത്യം

ഭരണസിരാകേന്ദ്രത്തിന് മൂക്കിനു തുമ്പിലെ ഫോർട്ട് ഗവ. ആശുപത്രിയിൽ വനിതാ ഡോക്ടർക്കു നേരെ ആക്രമണമുണ്ടായത് രണ്ടുവർഷം മുൻപാണ്. വനിതാ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ ശരീരത്തിലെ മുറിവിന്റെ കാരണം അന്വേഷിച്ചതായിരുന്നു പ്രകോപനം. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു പ്രതികൾ. പൊലീസിനെ വിളിച്ചിട്ടും ഏറെക്കഴിഞ്ഞാണ് എത്തിയത്. ആക്രമണത്തിനിരയായ കായംകുളം സ്വദേശിയായ ഡോ. മാലു മുരളി പറഞ്ഞതിങ്ങനെ:- ''രോഗവിവരങ്ങൾ തിരക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഭീകര അക്രമമായിരുന്നു നടന്നത്. ഭിത്തിയിൽ ചേർത്ത് നിർത്തി മർദ്ദിച്ചു. തറയിലേക്ക് വീണിട്ടും മർദ്ദനം തുടർന്നു. മുതുകിലും ചവിട്ടി. കാലിൽ പിടിച്ച് വലിച്ചിഴച്ചു. വസ്ത്രം വലിച്ചു കീറി. ഡോക്ടർ എന്നതിലുപരിയായി ഒരു സ്ത്രീയാണെന്നു പോലും പരിഗണിക്കാതെയായിരുന്നു ആക്രമണം. ഏറെക്കാലം ശരീരമാസകലം വേദനയായിരുന്നു'' ഡോക്ടറായ അച്ഛൻ മുരളിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് സാധാരണക്കാരെ പരിചരിക്കണമെന്ന ആഗ്രഹത്തിലാണ് ഫോർട്ട് ആശുപത്രിയിലേക്ക് എത്തിയത്.

രക്ഷയില്ല,

ഓപ്പറേഷൻ

തീയറ്ററിലും

കാഷ്വാൽറ്റിയിൽ മാത്രമല്ല ഓപ്പറേഷൻ തീയറ്ററിലും ഡോക്ടർമാർ ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. പന്തളത്തായിരുന്നു സംഭവം. വാഹനാപകടത്തെ തുടർന്ന് പരുക്കേറ്റ കുടുംബാംഗങ്ങൾക്കൊപ്പം സ്വകാര്യ ആശുപത്രിയിയ കുളനട സ്വദേശി അരുണാണ് വനിതാ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും കയ്യേറ്റം ചെയ്തത്. ആശുപത്രി ഉപകരണങ്ങൾക്കും കേടുപാട് വരുത്തി. അരുൺ കാറിൽ സഞ്ചരിക്കവേ, പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് മകൻ അമർജിത്തിന് പരിക്കേറ്റു. ഉടൻ തൊട്ടടുത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. അമർജിത്തിനെ ഓപ്പറേഷൻ തിയറ്ററിൽ പരിശോധിക്കുന്നതിനിടയിൽ,‍ പ്രകോപിതനായ അരുൺ ഓപ്പറേഷൻ തിയറ്ററിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ കുഞ്ഞുമോനെ തള്ളി വീഴ്ത്തി. കുഞ്ഞുമോന്റെ കൈക്കും മൂക്കിനും പരുക്കേറ്റു. പിന്നീട്, തിയറ്ററിനുള്ളിൽ കയറിയ അരുൺ കയ്യിലിരുന്ന ജ്യൂസിന്റെ കുപ്പി ഡോക്ടർക്ക് നേരെ വലിച്ചെറിഞ്ഞു. നഴ്സുമാരും മറ്റും തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ഡോക്ടറുടെ മുഖത്തടിച്ചു.

'ഒരാൾ കൊല്ലപ്പെടും, ഉടൻ'

ആശുപത്രികളിലെ കൈയാങ്കളിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐ.എം.എ പ്രസിഡന്റ് സുൽഫി നൂഹു മുന്നറിയിപ്പ് നൽകിയത് അടുത്തിടെയാണ്. ഈ ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർദ്ധിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. ‘ഒരാൾ കൊല്ലപ്പെടും, ഉടൻ! അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാം. കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ ആരോഗ്യപ്രവർത്തകയോ കൊല്ലപ്പെടും. അധികം താമസിയാതെ. ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അദ്ഭുതം. പലപ്പോഴും തലനാരിഴയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല'- ഇതായിരുന്നു സമൂഹമാദ്ധ്യമത്തിൽ സുൽഫിയുടെ കുറിപ്പ്. ആഴ്ചയിൽ ഒന്നുവീതം ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നു. ഇതോടെ, രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ലെന്നും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സ്വയം പ്രതിരോധ രീതിയിലേക്ക് (ഡിഫൻസീവ്) മാറുന്നതായും ഡോക്ടർമാർ പറയുന്നു. ഇത് രോഗികൾക്ക് ഗുണകരമല്ല.

ഡോക്ടർമാർ

സ്വയം പ്രതിരോധത്തിലേക്ക്

ആശുപത്രികളിൽ അതിക്രമവും കൈയേറ്റവും വർദ്ധിച്ചതോടെ ഡോക്ടർമാർ സ്വയം പ്രതിരോധരീതിയിലേക്ക് മാറുകയാണ്. ചികിത്സാ പിഴവ് ആരോപിച്ചാണ് ഭൂരിഭാഗം ആക്രമണങ്ങളും. അതിനാൽ സ്വന്തം ഭാഗം സുരക്ഷിതമാക്കാനുള്ള നടപടികൾ ഡോക്ടർമാർ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡിഫൻസീവ് മെഡിസിൻ പ്രാക്ടീസ് എന്നാണിതിന് പറയുക. അത്യാഹിതം ഒഴികെയുള്ള കേസുകളിൽ കൂടെ ആളുണ്ടെങ്കിലേ ചികിത്സയുള്ളൂ എന്നതാണ് ഇപ്പോഴത്തെ രീതി. ഇൻജെക്ഷൻ നൽകുന്നതിനും കൂടെ ആളുണ്ടാവണം. കുത്തിവയ്പ്പുകൾ എടുക്കുമ്പോഴുള്ള ചെറിയ അലർജിയുടെ പേരിൽ പോലും ഡോക്ടർമാർ ആക്രമിക്കപ്പെട്ടതോടെയാണ് ഈ മുൻകരുതൽ. സ്വകാര്യാശുപത്രികൾ ഈ രീതിയിലേക്ക് ചികിത്സാനയം മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്കാനിംഗ് അടക്കം എല്ലാ പരിശോധനാ രീതികൾക്കും രോഗിയെ വിധേയമാക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്യും. നിയമപരമായി സുരക്ഷിതരാവാനാണ് രോഗലക്ഷണം കണ്ട് ചികിത്സ നൽകുന്ന രീതി മാറ്റി സമർത്ഥരായ ഡോക്ടർമാർ പോലും പ്രതിരോധത്തിലേക്ക് പിന്തിരിയുന്നത്. കൂടുതൽ പരിശോധനകളും വില കൂടിയ മരുന്നുകളുമെല്ലാം ഇതിന്റെ ഭാഗമാകുമ്പോൾ നഷ്ടം രോഗികൾക്ക് മാത്രമാണ്.

ആശുപത്രികളെ

സുരക്ഷിതമാക്കണം

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഏറെക്കാലമായുള്ള ആവശ്യം. ഇപ്പോഴുള്ള ആശുപത്രി സംരക്ഷണ നിയമത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തണം. നിലവിലെ നിയമപ്രകാരം കേസുകളിൽ പ്രതിയായാലും എളുപ്പത്തിൽ ജാമ്യം കിട്ടും. ആശുപത്രി സംരക്ഷണ നിയമപ്രകാരം ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് മൂന്നുവർഷം തടവും അരലക്ഷം രൂപ പിഴയും കിട്ടാവുന്ന ജാമ്യമില്ലാ കുറ്റമാണ്. എന്നാൽ ഇത്തരം കേസുകളിൽ കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ല. ഈ നിയമപ്രകാരം ആശുപത്രികൾ പ്രത്യേക സുരക്ഷാ മേഖലയിലാണ്. എന്നാൽ ഈ സുരക്ഷാ മേഖലയിലാണ് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുന്നത്. നിയമം ശക്തമായി നടപ്പാക്കാതെ സർക്കാരും പൊലീസും നോക്കിനിൽക്കുകയാണ്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആശുപത്രികളിലെ ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷയാണ്. ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയാൽ രണ്ട് വർഷം തടവ്, ആരോഗ്യ പ്രവർത്തകരോട് അപമര്യാദ കാട്ടിയാൽ രണ്ട് വർഷം തടവ്, ഭീഷണിപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ്, കൈയേറ്റം ചെയ്താൽ ഏഴ് വർഷം തടവ്, ആശുപത്രിയിൽ നാശനഷ്ടമുണ്ടാക്കിയാൽ രണ്ട് വർഷം തടവ്, അതിക്രമിച്ച് കയറിയാൽ ആറുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. എന്നാൽ ഈ വകുപ്പുകൾ ചുമത്തി പ്രതികൾക്ക് ശക്തമായ ശിക്ഷ വാങ്ങി നൽകാൻ സർക്കാരിനും പൊലീസിനും കഴിയുന്നില്ല. അതിനാലാണ് അതിക്രമങ്ങൾ കാട്ടുന്നവർക്കെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ട് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇടയ്ക്കിടെ സമരം ചെയ്യേണ്ടി വരുന്നത്. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാനായില്ലെങ്കിൽ അവരുടെ മനോവീര്യം തകരും. അത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ നട്ടെല്ലൊടിക്കും. മികച്ച ഡോക്ടർമാർ വിദേശത്തേക്ക് ചേക്കാറാനും ഇതിടയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR VANDANA DAS MURDER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.