കൊച്ചി: 'ആ പെൺകുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം. അവസാനനിമിഷം അവൾ പ്രതിക്കുമുന്നിൽ പെട്ടുപോയി. എത്രമാത്രം ഭയവും വേദനയും അവൾ അനുഭവിച്ചിരിക്കും. ആലോചിക്കാനേ വയ്യ. അവളുടെ ജീവത്യാഗം മറവിയിലാണ്ടുപോവില്ല. കോടതി ആദരാഞ്ജലി അർപ്പിക്കുന്നു..' കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവം അടിയന്തര സിറ്രിംഗ് നടത്തി പരിഗണിക്കവേ ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകൾ ഇടറി. കണ്ണടയൂരി കണ്ണുതുടച്ചു.
വലിയ മെഡിക്കൽ കരിയർ സ്വപ്‌നംകണ്ട മിടുക്കി. ഡോക്ടറാകാൻ ആഗ്രഹിച്ചതുകൊണ്ടാണ് വന്ദനയ്ക്ക് ജീവൻ നഷ്ടമായത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർന്നത്. ആ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കും? ഇത്തരമൊരു ദാരുണ സംഭവമുണ്ടാകാതിരിക്കാനാണ് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങളെ കർശനമായി നേരിടണമെന്ന് പലതവണ പറഞ്ഞത്. ഒടുവിൽ അതു സംഭവിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അടിയന്തരമായി സ്പെഷ്യൽ സിറ്റിംഗ് നടത്തി വിഷയം പരിഗണിച്ചത്. സംഭവത്തിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടിക്കൂടേയെന്നും വാക്കാൽ പറഞ്ഞു
സംഭവം ചൂണ്ടിക്കാട്ടി ആരോഗ്യ സർവകലാശാല നൽകിയ ഹർജിയും പരിഗണിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയണമെന്ന ഹർജി നേരത്തെ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
പൊലീസിന്റെ കൈയിൽ തോക്കുണ്ടായിരുന്നില്ലേ?
പ്രതിയുമായി ആശുപത്രിയിൽ എത്തിയ പൊലീസുകാർക്ക് തോക്കുണ്ടായിരുന്നില്ലേയെന്നും ഡിവിഷൻബെഞ്ച് വാക്കാൽ ആരാഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ നടപടികൾ വേണം. സംരക്ഷണം നൽകാൻ എന്തുകൊണ്ട് പൊലീസിന് കഴിഞ്ഞില്ല. സൈനികരായിരുന്നെങ്കിൽ ജീവൻകൊടുത്ത് സംരക്ഷണം നൽകിയേനേ. പൊലീസിന് എന്തിനാണ് തോക്ക് നൽകിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകണമായിരുന്നു. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുമോ. പൊലീസ് പൂർണമായും പരാജയപ്പെട്ടു.
സംഭവത്തെത്തുടർന്ന് ഡോക്ടർമാർ ഒന്നടങ്കം സമരംചെയ്യുന്നു. അവരെ എങ്ങനെ കുറ്റംപറയും. സമരംമൂലം എത്രയോ രോഗികൾ ബുദ്ധിമുട്ടിയിട്ടുണ്ടാവും. ഈ രോഗികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരു സമാധാനം പറയും. എന്തൊരു സ്ഥിതിയാണിത്. ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനും പൊലീസിനുമല്ലേ. അക്രമം മുൻകൂട്ടിക്കാണാൻ പൊലീസിന് കഴിയേണ്ടേ.
പൊലീസുകാർ നോക്കിനിൽക്കെയാണ് യുവഡോക്ടർ ആക്രമിക്കപ്പെട്ടത്. പ്രതിയുടെ ചലനങ്ങൾ നിരീക്ഷിക്കണമായിരുന്നു. ഫോണിൽ നോക്കിയിരുന്നാൽ ഒന്നുംചെയ്യാനാവില്ല. വനിതാഡോക്ടർ അടക്കമുള്ളവരാണ് ആശുപത്രിയിലുള്ളതെന്ന് അറിഞ്ഞിട്ടും പൊലീസ് പുറത്തുനിന്നു. വിദേശത്ത് സ്റ്റെൺഗണ്ണുമായാണ് പൊലീസെത്തുന്നത്. ഇവിടെ ലാത്തി മാത്രമാണുള്ളത്.
പൊലീസുകാർക്കും പരിക്കേറ്റു. ആക്രമണങ്ങൾ തടയാൻ പരിശീലനം ലഭിച്ചവരല്ലേ ഇവർ. പൊലീസുകാരടക്കമുള്ളവർക്ക് കുത്തേറ്റിട്ടും പ്രതിയെ കീഴടക്കാൻ കഴിഞ്ഞില്ല. ഹൗസ് സർജൻസി ചെയ്യുന്ന പെൺകുട്ടികൾ ഇനി എങ്ങനെ രാത്രികാലങ്ങളിൽ ഡ്യൂട്ടിക്കുവരും. താലൂക്ക് ആശുപത്രികളിൽ പെൺമക്കളെ ആരെങ്കിലും ഇനി ഹൗസ് സർജൻസിക്ക് വിടുമോ. ആതുരസേവത്തിനിറങ്ങിയ യുവഡോക്ടർ ശവപ്പെട്ടിയിൽ വീട്ടിലെത്തുന്ന സ്ഥിതിയായി. ഇനിയെങ്കിലും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രത്യേകപരിഗണന നൽകൂ എന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |