അയിലൂർ: പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി കാര്യക്ഷമമാവാത്തതിനാൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന അയിലൂർ പഞ്ചായത്തിലെ എടപ്പാടം, നൂറം, നീലങ്കോട്, അയിലൂർ പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറികളിൽ കുടിവെള്ള വിതരണം നടത്തുകയാണ്. വീടുകളിലേക്ക് ലോറിയിൽ കൊണ്ടുവരുന്ന കുടിവെള്ളം ബാരലുകളിൽ നിറച്ചു നൽകുകയാണ് ചെയ്യുന്നത്. മാർച്ച് അവസാനവാരം മുതൽ തുടങ്ങിയ കുടിവെള്ള വിതരണം പ്രദേശത്തെ കൂടുതൽ വീടുകളിലേക്ക് പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു. പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള സമഗ്ര കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലവിതരണ ശൃംഖല കാര്യക്ഷമല്ലാത്തതും ചിലയിടങ്ങളിൽ പണി പൂർത്തിയാവാത്തതിനാലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. എന്നാൽ പ്രാദേശിക ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ളം ചില പ്രദേശങ്ങളിൽ ഉണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. ജല ജീവൻ മിഷന്റെ കണക്ഷനുകൾക്ക് അപേക്ഷകൾ നൽകിയ പ്രദേശങ്ങളിലേക്ക് വിതരണ കുഴലുകൾ സ്ഥാപിക്കാൻ ജല അതോറിറ്റി കരാർ നൽകാത്തതും വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നുണ്ട്.
പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴലുകൾ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ആവശ്യക്കാർ ഉണ്ടായിട്ടും പലസ്ഥലങ്ങളിലും വിതരണ കുഴലുകൾ റോഡിന്റെ ഒരു വശത്ത് മാത്രം സ്ഥാപിച്ച് ജല വിതരണം ആരംഭിച്ചത് മിക്ക പ്രദേശങ്ങളിലും പ്രശ്നം സൃഷ്ടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജല അതോറിറ്റി ഓഫീസിൽ പരാതി നൽകിയിട്ടും ഫലം ഉണ്ടായില്ല. പുതുതായി ജല വിതരണക്കുടൽ സ്ഥാപിക്കാൻ കരാർ നടപടികൾ ഉണ്ടായാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം ആവുകയുള്ളൂ എന്ന് അധികൃതർ പറയുന്നു. ജലവിതരണ കുഴലുകൾ സ്ഥാപിക്കുന്ന പണി പൂർത്തിയായെങ്കിലും അടിപ്പെരണ്ട പുഴയ്ക്ക് കുറുകെ വിതരണക്കുഴൽ സ്ഥാപിക്കാത്തതിനാൽ കുടിവെള്ള വിതരണവും ആരംഭിച്ചിട്ടില്ല.
അപേക്ഷ നൽകിയിട്ടും വെള്ളം കിട്ടാക്കനി
അയിലൂർ പഞ്ചായത്തിലെ പ്രധാന ജലസംഭരണി സ്ഥാപിച്ച കൈതച്ചിറ മേഖലയിലെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി അപേക്ഷ നൽകിയെങ്കിലും ജലസംഭരണിക്ക് സമീപത്തുള്ള രണ്ട് കിലോമീറ്റർ പ്രദേശത്തെ അപേക്ഷകർക്ക് വീടിനു മുന്നിലൂടെ ദൂരദിക്കുകളിലേക്ക് പോകുന്ന വിതരണ കുഴലുകളും ഭീമൻ ജലസംഭരണിയും നോക്കി നിൽക്കാൻ മാത്രമാണ് വിധിയെന്ന് പഴിചാരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |