കൊടുങ്ങല്ലൂർ: കക്കൂസ് മാലിന്യം ജലാശയത്തിൽ പതിവായി തള്ളിയിരുന്ന കൊച്ചി സ്വദേശികളായ മൂന്നംഗ സംഘത്തെയും ടാങ്കർ ലോറിയെയും നാട്ടുകാർ പിടികൂടി. മാലിന്യം തള്ളി പിടിയിലായ സംഘത്തിന് കൊടുങ്ങലൂർ നഗരസഭ രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.
നഗരസഭാ പ്രദേശമായ മേത്തല ചിത്തിര ജംഗ്ഷന് കിഴക്കുവശം ആളൊഴിഞ്ഞ പറമ്പിലാണ് മാസങ്ങളിലായി കക്കൂസ് മാലിന്യം തള്ളിയിരുന്നത്. ഇതേത്തുടർന്ന് സമീപത്തുള്ള സ്‌നേഹാലയ എന്ന അംഗൻവാടിയിലേക്ക് പോകുന്നതിനും ബുദ്ധിമുട്ടായിരുന്നു. തോടുകളും സമീപപ്രദേശത്തെ ശുദ്ധജലസ്രോതസുകളും മലിനപ്പെട്ടിരുന്നു.
പരാതിയെത്തുടർന്ന് മാലിന്യം തള്ളുന്നവരെ പിടികൂടാൻ വാർഡ് കൗൺസിലർ കെ.എസ്. ശിവറാമിന്റെ നേതൃത്വത്തിൽ നാട്ടുകാർ രാത്രിയിൽ കാവലുണ്ടായിരുന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നൈറ്റ് സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ പതിവു പോലെ മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു.
സംഭവം അറിഞ്ഞ് നഗരസഭാ വൈസ് ചെയർമാൻ വി.എസ്. ദിനിലും പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുമായ എൻ.എച്ച്. നജ്മ, കെ.സി. ശ്രീജ, കെ.എൻ. ജെറിൽദേവ്, സാനിറ്റേഷൻ വർക്കർമാരായ പ്രേംജിത്, പ്രേംലാൽ, ഷക്കീർ എന്നിവരടങ്ങിയ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി.
തുടർന്ന് ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളിയ കൊച്ചി സ്വദേശികളായ ബറാഷ് , ഫിറോസ്, ലോറി ഡ്രൈവർ ഷിഫാസ് എന്നിവർക്ക് ആരോഗ്യ വിഭാഗം രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. ടാങ്കർ ലോറി കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |