കോട്ടയം: തീറ്റ വിലവർദ്ധിച്ചതും ഗുണനിലവാരം കുറഞ്ഞ താറാവുകളെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നിന്ന് ഇ
റക്കുമതി ചെയ്യുന്നതും നാടൻ താറാവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കോഴിതീറ്റ, അരി തീറ്റ എന്നിവയുടെ വില കൂടിയതോടെ താറാവിൻ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ ഭാരിച്ച ചിലവ് വരുന്നതാണ് കർഷകരെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.
വളർത്താൻ പെടാപാട്
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ താറാവിൻ കുഞ്ഞുങ്ങളെ വളർത്താൻ കഴിയാത്തതാണ് മറ്റൊരു തിരിച്ചടി. പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ് കൊഴിഞ്ഞു പോയ നെല്ലുകളായിരുന്നു താറാവുകളുടെ പ്രധാന ഭക്ഷണം. എന്നാൽ, ഇപ്പോൾ, പാടശേഖരസമിതികളും കൃഷിക്കാരും പാടശേഖരത്തിൽ താറാവുകളെ വളർത്താൻ അനുവദിക്കുന്നില്ലെന്നാണ് താറാവ് കർഷകരുടെ പരാതി.
ജില്ലയിലെ പാടശേഖരങ്ങളിൽ താറാവുകളെ വളർത്താൻ കഴിയാത്തതിനാൽ, ആലപ്പുഴ ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളിലേക്ക് താറാവുകളെ എത്തിച്ച് തൊഴിലാളികളെ കൂലിക്ക് നിർത്തിയാണ് വളർത്തുന്നത്. കൂലിച്ചിലവ് 1000 രൂപയാകും.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ 20 ദിവസമെങ്കിലും താറാവുകളെ ഇറക്കി തീറ്റ നൽകുന്നതിനുള്ള അനുമതി വേണമെന്നാണ് കർഷകരുടെ ആവശ്യം. താറാവ് കർഷകരെ സഹായിക്കുന്നതിനായി വേണ്ട യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നുമില്ല.
മേഖലയിൽ നിന്നും പിൻവാങ്ങൽ,
ജില്ലയിൽ വെച്ചൂർ, കുമരകം മേഖലകളിലാണ് കുട്ടനാടൻ താറാവ് (നാടൻ താറാവ്) കൃഷിയുള്ളത്. മുൻപ് ഒരു വാർഡിൽ 60 ഓളം കർഷകരുണ്ടായിരുന്ന മേഖലയിൽ ഇപ്പോൾ 2,3 പേർ മാത്രമാണ് അവശേഷിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഹാച്ചറിയിൽ നിന്നാണ് കർഷകർ ആവശ്യമായ കുഞ്ഞുങ്ങളെ വാങ്ങുന്നത്. സർക്കാരിന്റെ ഹാച്ചറി നിരണത്തുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ് ലഭിക്കുന്നത്. അതിനാൽ, സ്വകാര്യ ഹാച്ചറികളെ ആശ്രയിക്കണം കർഷകർ.
വില ഇങ്ങനെ,
ഒരു താറാവ് കുഞ്ഞിന് 23.60 രൂപ. ചെമ്പല്ലി, ചാര എന്നിങ്ങനെ രണ്ട് ഇനങ്ങളാണ് ഉള്ളത്.
ഒരുകിലോയ്ക്ക് കർഷകർക്ക് ലഭിക്കുന്നത് 200, 210 രൂപയാണ് മാർക്കറ്റ് വില 330 രൂപയാണ് വില. താറാവ് മുട്ടയ്ക്ക് 9 രൂപയാണ് വില. ഇറക്കുമതി താറാവ് മുട്ടയ്ക്ക് 6,7 രൂപയാണ് വില.
കോഴിതീറ്റ വില 3000
അരി കിലോ 30
പ്രതികരണം
പാരമ്പര്യമായി താറാവ് കൃഷിയാണ്. തീറ്റ വിലവർദ്ധനവിനെയും മറ്റ് പ്രതിസന്ധികളെയും തരണം ചെയ്ത് വിൽക്കാൻ പാകമാകുമ്പോളാണ് പക്ഷിപ്പനിയും വില്ലനായെത്തുന്നത്. നഷ്ടം സഹിച്ച് മേഖലയെയും ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല.
(മദനൻ, താറാവ് കർഷകൻ കുടവെച്ചൂർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |