കൊച്ചി: താനൂരിലെ ഉൾപ്പെടെ എല്ലാ ബോട്ടപകടങ്ങൾക്കും പ്രധാനകാരണം ഓവർലോഡിംഗ് ആണെന്നിരിക്കെ എത്ര പേർക്ക് കയറാമെന്ന് താഴത്തെയും മുകളിലെയും ഡെക്കിലും ബോട്ടിൽ കയറുന്ന സ്ഥലങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവയ്ക്കണമെന്ന് ഹൈക്കോടതി. കേസിൽ അഡ്വ.വി.എം. ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചെന്ന് ഉറപ്പാക്കണം. സുരക്ഷാകാര്യങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അവബോധമില്ലാത്തതിനാൽ ബോട്ടിന്റെ സ്രാങ്ക്, ലാസ്കർ, മാസ്റ്റർ തുടങ്ങിയവർ ജാഗ്രത പുലർത്തണന്നും സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
അനുവദിക്കപ്പെട്ട സ്ഥലത്തുമാത്രം യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുകയും അല്ലാത്തയിടങ്ങളിൽ ബാരിക്കേഡ് വയ്ക്കുകയും വേണം. എല്ലാ ബോട്ടുകൾക്കും തേർഡ്പാർട്ടി ഇൻഷ്വറൻസ് ഉണ്ടാകണം. കേസ് അടുത്തമാസം ഏഴിന് പരിഗണിക്കും.
ബോട്ടിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ കയറുന്നത് ഒഴിവാക്കുകയെന്നതാണ് പ്രാഥമികകാര്യം. മഹാകവി കുമാരനാശാനെ നഷ്ടപ്പെട്ട റെഡീമർ ബോട്ടപകടത്തിനിടയാക്കിയ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് അതീവ ദുഃഖകരമാണ്. താനൂരിൽ 22 പേർക്ക് കയറാൻ അനുമതിയുണ്ടായിരുന്ന ബോട്ടിൽ 37 പേരുണ്ടായിരുന്നെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. 15 കുട്ടികളടക്കം 22 പേരാണ് വെള്ളത്തിൽ മുങ്ങിയും ചെളിയിൽ താഴ്ന്നും മരിച്ചത്. ഇതിന് ഇനിയെങ്കിലും പരിഹാരമുണ്ടാകേണ്ടേയെന്നും കോടതി ചോദിച്ചു.
സൈബർ ആക്രമണങ്ങൾ
ലക്ഷ്മണരേഖ കടക്കുന്നു
താനൂർ ദുരന്തത്തെത്തുടർന്ന് സ്വമേധയാ കേസെടുത്തതിന്റെയും നിലപാടുകളുടെയും പേരിൽ കോടതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ലക്ഷ്മണരേഖ ലംഘിക്കുന്നതാണെന്നും ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാൽ ശക്തമായി മുന്നോട്ടുപോകുമെന്നും ജസ്റ്റിസ് ദേവൻരാമചന്ദ്രൻ വാക്കാൽ പറഞ്ഞു. നിയമവിരുദ്ധമായി എന്തും ചെയ്യാം, ചോദ്യം ചെയ്യരുതെന്നാണ് ഇവരുടെ നിലപാട്. സൈബറിടങ്ങളിലിരുന്നല്ല, പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയണം. കോടതിയുടെ ശബ്ദം ഇല്ലാതാക്കാനാവില്ല. സഹിഷ്ണുത ബലഹീനതയായി കാണരുത്.
ജനങ്ങൾക്കുവേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാരിനോ മറ്റാർക്കെങ്കിലുമോ വിരുദ്ധമാണെന്ന് കരുതരുത്. താനൂർ ബോട്ട് ദുരന്തത്തിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശമനുസരിച്ചാണ് സ്വമേധയാ കേസെടുത്തത്. കൃത്യനിർവഹണത്തിനിടെ യുവ വനിതാഡോക്ടർ അക്രമിയുടെ കുത്തേറ്റ് മരിച്ചതും താനൂരിൽ 15 കുട്ടികളടക്കം 22 പേർ മരിച്ചതും അടുത്തടുത്ത ദിവസങ്ങളിലുണ്ടായ നടുക്കുന്ന സംഭവങ്ങളാണ്. ഇതെല്ലാം കണ്ടുംകേട്ടും എങ്ങനെ മിണ്ടാതിരിക്കാനാകും. സൈബർ ആക്രമങ്ങൾക്കുപിന്നിൽ ചില അഭിഭാഷകരടക്കം ഉണ്ടെന്നും സൂചിപ്പിച്ചു.
അറ്റ്ലാന്റിക്കിന്റെ പിഴവുകൾ
കാണാത്ത മാരിടൈം ബോർഡ്
ടി.കെ.സുനിൽകുമാർ
കൊച്ചി: യാനങ്ങൾക്ക് ലൈസൻസ് നൽകാൻ 2017ൽ നിലവിൽ വന്ന കേരള മാരിടൈം ബോർഡ്, താനൂരിൽ അപകടമുണ്ടാക്കിയ പഴഞ്ചൻ മത്സ്യബന്ധനബോട്ടിനെ പുത്തനാക്കുന്നതിൽ ഒരുകുറവും കണ്ടില്ല.
ഡിസൈൻ സമർപ്പിക്കാതെ, അംഗീകാരമില്ലാത്ത യാർഡിൽ പുതുക്കിപ്പണിത അറ്റ്ലാന്റിക്കിന്റെ ഉടമയിൽ നിന്ന് 10,000രൂപ പിഴ വാങ്ങി, 2021ലെ കേന്ദ്ര ഇൻലാൻഡ് വെസൽ ആക്ട് പ്രകാരം നിർമ്മാണം ക്രമപ്പെടുത്താമെന്നായിരുന്നു മാരിടൈം ബോർഡിന്റെ നിർദേശം. കേന്ദ്രനിയമത്തിൽ യാനങ്ങളുടെ സർവേയും സർട്ടിഫിക്കേഷനും സംബന്ധിച്ച ചട്ടങ്ങളേ ആയിട്ടുള്ളൂ. ഡിസൈൻ, നിർമ്മാണ ചട്ടങ്ങൾ രൂപീകരിക്കാൻ ചർച്ച നടക്കുകയാണ്. ഇൻലാൻഡ് വെസൽ ആക്ടിലെ നിബന്ധനകൾ പാലിച്ചിരുന്നെങ്കിൽ യാനത്തിന്റെ ഹള്ളും എൻജിനും ഉൾപ്പടെ എല്ലാ ഭാഗങ്ങളും പുതിയതു തന്നെ വേണമായിരുന്നു. യാർഡിനും അംഗീകാരം നിർബന്ധമായേനെ.
അറ്റ്ലാന്റിക് ഉടമ ജനുവരി 12ന് ബേപ്പൂർ പോർട്ട് ഒഫ് രജിസ്ട്രിയിൽ സമർപ്പിച്ച അപേക്ഷയിൽ, പിഴ സ്വീകരിച്ച് നിർമ്മാണം ക്രമപ്പെടുത്താമെന്ന് ഫെബ്രുവരി 28നാണ് മാരിടൈം ബോർഡ് അധികൃതർ ആലപ്പുഴ രജിസ്റ്ററിംഗ് അതോറിറ്റിക്ക് കത്തയച്ചത്. തുടർന്ന് ഹീൽ, സ്റ്റെബിലിറ്റി ടെസ്റ്റുകൾക്ക് കൊച്ചി സർവകലാശാലയിലെ ഷിപ്പ് ടെക്നോളജി വകുപ്പിലെ നേവൽ ആർക്കിടെക്ട് സി.ബി. സുധീറിനെ നിയോഗിച്ചു. പിന്നാലെ ഏപ്രിൽ 12ന് തുറമുഖ വകുപ്പ് ചീഫ് സർവേയർ സർവേ, ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകുകയായിരുന്നു.
അറ്റ്ലാന്റിക്കിന്റെ ഹീൽ, സ്റ്റെബിലിറ്റി പരിശോധനകൾ മാത്രമാണ് നടത്തിയത്. ബോട്ടിൽ 20 പേർ കയറിയാൽ അപകടമുണ്ടാകില്ലെന്ന് പരിശോധനയിൽ ബോദ്ധ്യമായതിനാലാണ് അംഗീകാരം നൽകിയത്. ഡിസൈൻ തന്റേതല്ല. യാർഡ് പരിശോധിക്കേണ്ടതില്ലായിരുന്നു.
പ്രൊഫ.സി.ബി. സുധീർ
ചട്ടം ലംഘിച്ച് നിർമ്മിച്ച യാനങ്ങളെ 2021ലെ കേന്ദ്രനിയമത്തിലെ സെക്ഷൻ 87 (2) പ്രകാരം പിഴവാങ്ങി ക്രമപ്പെടുത്താം. നിയമലംഘനമൊന്നും ഉണ്ടായിട്ടില്ല.
ടി.പി. സലിംകുമാർ
സി.ഇ.ഒ, കേരള മാരിടൈം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |