
കൊച്ചി: ശബരിമലയിലും എരുമേലിയിലും രാസ കുങ്കുമത്തിന്റേയും പ്ലാസ്റ്റിക് സാഷെ പായ്ക്കറ്റുകളുടേയും വില്പന നിരോധിച്ച് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വംബോർഡും ബന്ധപ്പെട്ട അധികൃതരും ഇക്കാര്യം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു. മണ്ഡലകാലത്ത് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ശബരിമലയിലും പമ്പയിലുമുള്ള പ്ലാസ്റ്റിക് നിരോധനം ലംഘിക്കാൻ അനുവദിക്കരുതെന്നാണ് കോടതി നിർദ്ദേശം. എരുമേലിയിൽ കെമിക്കൽകുങ്കുമവും ഷാമ്പൂ പായ്ക്കുകളും സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നം ഗ്രാമപഞ്ചായത്ത് അഭിഭാഷകയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. മുമ്പ് മഞ്ഞളും പ്രകൃതിചേരുവകളും ചേർത്തുണ്ടാക്കുന്ന കുങ്കുമമായിരുന്നു. എന്നാൽ ഇപ്പോൾ രാസകുങ്കുമമാണ് കൂടുതൽ. പേട്ടതുള്ളാനെത്തുന്നവർ ഇത് പരിസരമാകെ വിതറും. കഴുകിക്കളയാൻ ഷാമ്പൂ/ സോപ്പുപൊടി ധാരാളമായി ഉപയോഗിക്കും. ഇവയുടെ പായ്ക്കറ്റുകൾ വലിയതോട്ടിലേക്കാണ് തള്ളുന്നതെന്നും ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ സാഹചര്യമൊരുക്കാൻ എരുമേലി പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയും ഹെൽത്ത് ഇൻസ്പെക്ടർമാർ മുഖേന നടപടിയെടുക്കണം. വിഷയം വീണ്ടും പരിഗണിക്കുന്ന 12ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.
ഇടത്താവളങ്ങൾ തയ്യാർ
മണ്ഡലതീർത്ഥാടനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ, ഇടത്താവളങ്ങൾ സജ്ജമാണെന്ന് ദേവസ്വംബോർഡും റെയിൽവേയും ടൂറിസം പ്രമോഷൻ കൗൺസിലും അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകർക്ക് പ്രത്യേക ക്യൂ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
ശബരിമല കാനനപാത നേരത്തേ തുറക്കണമെന്ന
ഹർജിയിൽ വിശദീകരണം തേടി
കൊച്ചി: എരുമേലിയിൽ നിന്നുള്ള കാനനപാതയിലൂടെ നവംബർ 15നുതന്നെ തീർത്ഥാടകരെ കടത്തിവിടണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയടക്കം വിശദീകരണം തേടി. ഡൽഹി സ്വദേശി ശ്യാംമോഹനാണ് ഹർജിക്കാരൻ. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നവംബർ 17ന് വൃശ്ചികമാസ പൂജയ്ക്കായി നടതുറക്കുമ്പോൾ ശബരിമലയിൽ എത്തുന്നതിനാണ് 15നുതന്നെ പരമ്പരാഗതപാത തുറന്നുനൽകണമെന്ന ആവശ്യം ഉന്നയിച്ചത്. കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തിവിടുന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാറില്ലെന്ന് ഹർജിയിൽ പറയുന്നു. ഇതുവഴി സന്നിധാനത്ത് എത്താൻ രണ്ടുദിവസംവേണം. നട തുറക്കുന്ന 17ന് ദർശനം നടത്തുന്നതിനുള്ള പാസ് ലഭിച്ചിട്ടുണ്ട്. അതിനാലാണ് 15നുതന്നെ കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തിവിടണമെന്നാവശ്യപ്പെട്ടത്.
എന്നാൽ 17നേ കാനനപാത തുറക്കൂവെന്ന് ദേവസ്വം അഭിഭാഷകൻ വിശദീകരിച്ചു. കാനനപാത തുറക്കുന്നതിന് മുമ്പ് പലഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതിയും വാക്കാൽ അഭിപ്രായപ്പെട്ടു. തുടർന്ന് ഹർജി 12ന് പരിഗണിക്കാൻ മാറ്റി.
കെ.എസ്. ബൈജുവിനെ റിമാൻഡ് ചെയ്തു
റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെ റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ രണ്ടാം പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിനെ 12വരെയും എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. ഉണ്ണികൃഷ്ണൻ പോറ്റിതിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെയാണ് മൂവരെയും കോടതിയിൽ ഹാജരാക്കിയത്. അടച്ചിട്ട കോടതിയിലായിരുന്നു വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |