SignIn
Kerala Kaumudi Online
Friday, 26 April 2024 8.58 PM IST

കർണാടകത്തിൽ കോൺഗ്രസ് ഏങ്ങിനെ ജയിച്ചു, ബിജെപി എന്തുകൊണ്ട് തോറ്റു, കാര്യം സിംപിളായി പറഞ്ഞുതരാം

congress

ബംഗളൂരു: ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും മുൻനിറുത്തി കർണാടകത്തിൽ കോൺഗ്രസ് ജയിച്ചുവരും എന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിച്ചത്. അത് അക്ഷരംപ്രതി യാഥാർത്ഥ്യമാവുകയും ചെയ‌്തിരിക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു കർണാടകയിലേത്. 1983 വരെ കോൺഗ്രസിന്റെ കൊത്തളമായിരുന്നു കർണാടകം. പിന്നീട് പലതവണ തിരിച്ചടിയുണ്ടായെങ്കിലും യു.പിയോ ബീഹാറോ പോലെ ശിഥിലമല്ല സംഘടനാസംവിധാനം എന്നതായിരുന്നു കന്നഡ നാട്ടിലെ കോൺഗ്രസിന്റെ കരുത്ത്. സിദ്ധരാമയ്യയെയും ഡി.കെ.ശിവകുമാറിനെയും പോലെ ഘടാഘടിയൻമാരായ നേതാക്കളും ആവശ്യത്തിന് പണവുമുണ്ട് കോൺഗ്രസിന് ഇവിടെ.

അഭിപ്രായവോട്ടെടുപ്പുകളെല്ലാം ഇക്കുറി കോൺഗ്രസിന്റെ വിജയമാണ് പ്രവചിച്ചത്. ബി.ജെ.പിയിലും ജനതാദൾ എസിലും നിന്ന് നിരവധി നേതാക്കൾ ഇതിനകം കോൺഗ്രസിലേക്ക് കൂടുവിട്ട് കൂടുമാറിക്കഴിഞ്ഞു. പ്രചാരണവേളയിൽ പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ചെത്തി. കന്നഡ മണ്ണിന്റെ മകനായ മല്ലികാർജുൻ ഖാർഗെ അഖിലേന്ത്യ കോൺഗ്രസ് അദ്ധ്യക്ഷനായശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയത്തിൽ ഖാർഗേയ്‌ക്കും അഭിമാനിക്കാം.

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടമല്ല കർണാടകയിൽ നടന്നത്. മുൻ പ്രധാനമന്ത്രി ദേവഗൗഡയും മകൻ കുമാരസ്വാമിയും നേതൃത്വം നല്കുന്ന ജനതാദൾ (എസ് ) സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. മാത്രമല്ല മറ്റു പലയിടത്തും ജയപരാജയങ്ങൾ നിർണയിക്കുന്ന ശക്തിയാവാൻ ജെഡിഎസിന് കഴിയുമെന്ന പ്രചാരണങ്ങൾ ശക്തമായിരുന്നെങ്കിലും ഏശിയില്ല. കിംഗ് മേക്കറാകാനുള്ള കുമാരസ്വാമിയുടെ സ്വപ്‌നവും തകർന്നു.

congress

മുഖ്യമന്ത്രിക്കസേരയിൽ സിദ്ദരാമയ്യയോ ശിവകുമാറോ?

ഭരണം ഉറപ്പായതോടെ രണ്ടുനേതാക്കൾ ഒരേമനസോടെ മുഖ്യമന്ത്രി പദവിയിൽ നോട്ടമിട്ടിരിക്കുന്നത് കോൺഗ്രസിനെ കുഴപ്പിക്കുമെന്നതിൽ സംശയമില്ല. ജനസമ്മതിയിൽ സിദ്ധരാമയ്യയാണ് മുന്നിൽ. എന്നാൽ തന്ത്രശാലി ഡി.കെ.ശിവകുമാറാണ്. പണത്തിന്റെ ശക്തിയും അദ്ദേഹത്തിനുണ്ട്. മത്സരിച്ചവരിൽ ഭൂരിപക്ഷവും ശിവകുമാറിനെ ഏതെങ്കിലും ഒരുതരത്തിൽ ആശ്രയിക്കുന്നുണ്ട്. വലിയ സമുദായമായ വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള ശിവകുമാറിന് ജാതിബലവും കൂടും. വൊക്കലിഗക്കാരൻ കോൺഗ്രസ് മുഖ്യമന്ത്രിയായിട്ട് കാലമേറെയായി. എസ്.എം.കൃഷ്ണയായിരുന്നു അവസാനത്തെ വൊക്കലിഗ മുഖ്യമന്ത്രി.

ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം മൈസൂർ, ബംഗളൂരു, മംഗളൂരു മേഖലയിൽ കോൺഗ്രസിന് കൂടുതൽ കരുത്തേകിയിട്ടുണ്ട് എന്നത് സത്യാണ്. ഹൈക്കമാൻഡുമായി അടുപ്പവും ശിവകുമാറിന് തന്നെ. വൊക്കലിഗ എം.എൽ.എമാർ കുറയണമെന്ന് സിദ്ധരാമയ്യ അനുകൂലികൾ രഹസ്യമായെങ്കിലും ആഗ്രഹിക്കുന്നുണ്ട്. മറുചേരിയിൽ സിദ്ധരാമയ്യ ദുർബലമാകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഇത് കോൺഗ്രസിനെ കുറെയെങ്കിലും ദുർബലമാക്കുന്നു. ഈ പ്രശ്നങ്ങൾ മൂലം സിദ്ധരാമയ്യയ്ക്ക് സ്വന്തം മണ്ഡലമായ മൈസൂരിലെ വരുണയിൽനിന്ന് മാറിനിൽക്കാനാകാത്ത സ്ഥിതിയും വന്നു.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന സിദ്ധരാമയ്യയുടെ നിർദ്ദേശം പാർട്ടി തള്ളിയതിന് പിന്നിലും ഇതേ കാരണങ്ങളായിരുന്നു.ഹൈക്കമാൻഡിന് സിദ്ധരാമയ്യയെ വലിയ പിടുത്തമില്ല. ജാതി ന്യൂനപക്ഷമായ കുറുബ സമുദായത്തിൽ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. ദേവഗൗഡ കഴിഞ്ഞാൽ പാർട്ടിയിൽ രണ്ടാമനായിരുന്ന സിദ്ധരാമയ്യ ദൾ വിട്ട് കോൺഗ്രസിൽ എത്തിയതുപോലും അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതിന്റെ പേരിലായിരുന്നു. ഈ സ്ഥാനത്തർക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലും കോൺഗ്രസിൽ പുകഞ്ഞു. അതേസമയം കടുത്ത അഴിമതിയിൽ മുങ്ങിയ സംസ്ഥാന ബി.ജെ.പി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉയർത്തിയതിൽ മുഖ്യപങ്ക് വഹിച്ചത് സിദ്ധരാമയ്യയെന്ന ആദർശവാനായ നേതാവായിരുന്നു. ഡി.കെ.ശിവകുമാറിന് അത്തരം പരിവേഷമില്ല. കേരളത്തിലെ എ.കെ.ആന്റണിയെയോ, വി.എസ്.അച്യുതാനന്ദനെയോ പോലെയുള്ള നേതാവാണ് കർണാടകത്തിൽ സിദ്ധരാമയ്യ.

bjp

നാഥനില്ലായ്‌മയും അഴിമതിയും ബിജെപിക്ക് തിരിച്ചടിയായി

ബിജെപി. കർണാടകത്തിലുണ്ടാക്കിയ വർഗീയ അസ്വസ്ഥത ജനങ്ങളിൽ കോൺഗ്രസിനെ തിരിച്ചുവിളിക്കണമെന്ന തോന്നൽ ശക്തമാക്കിയിരുന്നു. പൊതുവേ സമാധാനപ്രിയരാണ് കന്നഡക്കാർ. ഹിജാബ് പ്രശ്നവും മുസ്ളിങ്ങൾക്ക് സംവരണം നിഷേധിക്കുന്നതും ഷിമോഗ, ഉഡുപ്പി, മംഗലാപുരം മേഖലയിൽ പടരുന്ന വർഗീയ സംഘർഷങ്ങളും പൗരത്വപ്രശ്‌നങ്ങളും ഏകീകൃത സിവിൽകോഡ് ചർച്ചയുമെല്ലാം വിദ്യാസമ്പന്നരായ കന്നഡ വോട്ടർമാരിൽ ബിജെപി വിരോധം സൃഷ്‌ടിച്ചിട്ടുണ്ട്. അതാണ് കോൺഗ്രസിന് ഗുണം ചെയ്‌തത്.

അടിയന്തരാവസ്ഥയ്ക്കു മുമ്പ് ഭാരതീയ ജനസംഘത്തിന് പറയത്തക്ക അടിത്തറയൊന്നും ഉള്ള സംസ്ഥാനമായിരുന്നില്ല കർണാടക. ഉഡുപ്പി മുനിസിപ്പാലിറ്റിയിലും മറ്റും ചില്ലറ വിജയങ്ങൾ അവർ നേടിയിരുന്നു എന്നുമാത്രം. അടിയന്തരാവസ്ഥയ്ക്കു ശേഷം ജനസംഘം ജനതാപാർട്ടിയുടെ ഭാഗമായിത്തീർന്നു. അതിനുശേഷവും സ്ഥിതി ഒട്ടും ആശാവഹമായിരുന്നില്ല. 1980ൽ പഴയ ജനസംഘക്കാർ ഭാരതീയ ജനതാ പാർട്ടിയായി പുനർജനിച്ചു. 1983 ജനുവരിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 18 സ്ഥാനങ്ങൾ വിജയിച്ച് ബി.ജെ.പി നല്ല തുടക്കംകുറിച്ചു. ദക്ഷിണേന്ത്യയിൽ താമരവിരിഞ്ഞ ആദ്യസംസ്ഥാനമായി മാറി. അത്തവണ ബി.ജെ.പി, രാമകൃഷ്ണ ഹെഗ്‌ഡെയുടെ ജനതാപാർട്ടി സർക്കാരിനെ പുറത്തുനിന്ന് പിന്താങ്ങി. 1984 ഡിസംബറിൽ ഹെഗ്‌ഡെ മന്ത്രിസഭ രാജിവച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവിൽവന്നു. 1985 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ബി.ജെ.പി വെറും രണ്ട് സീറ്റിൽ ഒതുങ്ങി. 1989 നവംബറിൽ അതു നാല് സീറ്റാക്കി വർദ്ധിപ്പിക്കാനേ കഴിഞ്ഞുള്ളൂ. 94 ഡിസംബറിലെ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാർട്ടി 40 സീറ്റോടെ പ്രധാന പ്രതിപക്ഷമായി മാറി. ബി.എസ്. യെദിയൂരപ്പ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായി.1999 ആകുമ്പോഴേക്കും പാർട്ടി നില വളരെ മെച്ചപ്പെടുത്തി. ഒരുപക്ഷേ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും കഴിയുമായിരുന്നു. എന്നാൽ ദേശീയ നേതൃത്വം അടിച്ചേൽപ്പിച്ച ജനതാദൾ (യു) ബാന്ധവം വിനയായി. 44 സീറ്റുകളോടെ പ്രതിപക്ഷ നേതൃസ്ഥാനം നിലനിറുത്തി.

2004 മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ 79 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 65 സീറ്റ് കിട്ടിയ കോൺഗ്രസും 58 സീറ്റ് നേടിയ ജനതാദൾ എസും ചേർന്ന് കൂട്ടുമന്ത്രിസഭയുണ്ടാക്കി. ധരംസിംഗ് മുഖ്യമന്ത്രിയും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയുമായി. 2006 ജനുവരി അവസാനം ആ മന്ത്രിസഭ തകർന്നു. ജനതാദൾ എസും ബി.ജെ.പിയും ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രിയും യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. 20 മാസത്തിനു ശേഷം കുമാരസ്വാമി മുഖ്യമന്ത്രിപദം ഒഴിഞ്ഞെങ്കിലും യെദിയൂരപ്പയ്ക്ക് നല്കിയ പിന്തുണ ഏഴാം ദിവസം പിൻവലിച്ചു. അതേത്തുടർന്ന് ബി.ജെ.പിക്ക് അനുകൂലമായ സഹതാപതരംഗം അലയടിച്ചു. ലിംഗായത്ത് സമുദായം ഒറ്റക്കെട്ടായി യെദിയൂരപ്പയ്ക്കു പിന്നിൽ നിലയുറപ്പിച്ചു. 2008 മേയ് അവസാനം നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേവലഭൂരിപക്ഷത്തോടടുത്ത സീറ്റുകൾ കരസ്ഥമാക്കി. സ്വതന്ത്രന്മാരെയും ചെറുകക്ഷികളെയും കൂടെക്കൂട്ടി യെദിയൂരപ്പ മന്ത്രിസഭ രൂപീകരിച്ചു. അദ്ദേഹം അഴിമതിക്കേസിൽ പ്രതിയായി രാജിവയ്‌ക്കേണ്ടിവന്നപ്പോൾ സദാനന്ദഗൗഡ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയ്ക്ക് ഒരുവർഷംപോലും നിലനില്പുണ്ടായില്ല. വീണ്ടും,​ ലിംഗായത്തുകാരനായ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിപദം ഏറ്റെടുത്തു. 2013ലെ പൊതുതിരഞ്ഞെടുപ്പ് വരെ ആ മന്ത്രിസഭ നിലനിന്നു. അതിനകം ബി.ജെ.പി നേതൃത്വവുമായി പിണങ്ങിപ്പിരിഞ്ഞ യെദിയൂരപ്പ കർണാടക ജനത പാർട്ടി രൂപീകരിച്ചു. 2013ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. 2018ൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ രാജിവയ്‌ക്കേണ്ടിവന്നു. തുടർന്ന് കോൺഗ്രസിന്റെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടി കുമാരസ്വാമി മന്ത്രിസഭ രൂപീകരിച്ചു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റം ശക്തമായി. കുമാരസ്വാമി രാജിവയ്‌ക്കേണ്ടിവന്നു. യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. രണ്ടുവർഷത്തിനകം ദേശീയനേതൃത്വം അദ്ദേഹത്തെക്കൊണ്ട് രാജിവയ്പ്പിച്ച് ബസവരാജ് ബൊമ്മെയെ വാഴിച്ചു. മുൻമുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനാണ് ബസവരാജ്.

മുതിർന്ന നേതാക്കളിൽ പലർക്കും സീറ്റ് നിഷേധിച്ചും പുതുമുഖങ്ങൾക്ക് അവസരം നല്കിയുമാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണവിരുദ്ധവികാരം ഒരുപരിധിവരെ മറികടക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ലിംഗായത്തുകാരനാണെങ്കിലും സമുദായ പിന്തുണയും ജനപിന്തുണയും കുറഞ്ഞത് തിരിച്ചടിയായി. ഹിജാബ് നിരോധനം, പോപ്പുലർഫ്രണ്ട് നിരോധനം, സർക്കാർ സർവീസിലെ നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കൽ എന്നീ നടപടികളിലൂടെ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും അതുവഴി വിജയം ഉറപ്പാക്കാനുമാണ് ബി.ജെ.പി ശ്രമിച്ചത്. പ്രബല വിഭാഗങ്ങളായ ലിംഗായത്തിനും വൊക്കലിംഗർക്കും രണ്ട് ശതമാനം വീതം അധികസംവരണം അനുവദിച്ചതും തിരിച്ചടിയായി എന്നാണ് മനസിലാക്കേണ്ടത്. നരേന്ദ്രമോദിയും അമിത്ഷായും നയിച്ച ഹൈ വോൾട്ടേജ് പ്രചരണം സീറോ വോൾട്ടായി മാറി.

modi

സംസ്ഥാനത്ത് നിരവധി നേതാക്കളുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട പ്രധാന പ്രശ്‌നം നേതാവില്ലായ്‌മയായിരുന്നു. യെദിയൂരപ്പയായിരുന്നു ആസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ കരുത്തനെങ്കിലും ഉറച്ചിരിക്കാൻ പാർട്ടി സമ്മതിക്കാത്തതിന്റെ പ്രശ്നമുണ്ടായിരുന്നു. അതിന്റെ ഈർഷ്യയോടെയാണ് യെദിയൂരപ്പയും അനുയായികളും പാർട്ടിയിൽ നിൽക്കുന്നത്. സഹികെട്ട് ഒരിക്കൽ പാർട്ടിവിട്ട് കെജെപിയുണ്ടാക്കിയ ചരിത്രവും യെദിയൂരപ്പയ്ക്കുണ്ട്. മൂന്ന് തവണ മുഖ്യമന്ത്രിയായെങ്കിലും സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിച്ച യെദിയൂരപ്പയ്ക്ക് ഒരിക്കൽപ്പോലും കാലാവധി തികയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ബി.ജെ.പിക്ക് നേതാവില്ലാത്തതിന് കാരണം ലിംഗായത്ത് വിഭാഗത്തോട് അമിതമായ വിധേയത്വമാണ്. പാർട്ടിയിൽ ലിംഗായത്ത് കഴിഞ്ഞാൽ കരുത്തരായ നേതാക്കളുള്ളത് ബ്രാഹ്മണ സമുദായത്തിൽ നിന്നാണ്. യോഗ്യരെങ്കിലും തേജസ്വി സൂര്യയ്ക്കും സന്തോഷിനും പ്രഹ്ളാദ് ജോഷിയ്‌ക്കുമെല്ലാം സമുദായ യോഗ്യതകൾ തടസമായി. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായത് ലിംഗായത്തെന്ന ഒറ്റ യോഗ്യതയിലായിരുന്നു.

ഷെട്ടർ പാർട്ടിക്ക് പുറത്തുപോകുന്നതോടെ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരു നേതാവാണ് ഒഴിവാക്കപ്പെട്ടത്. കെ.എസ്.ഈശ്വരപ്പയെന്ന സീനിയർ നേതാവാകട്ടെ പാർട്ടിയിലെ ഏക കുറുബ മുഖമായിരുന്നു. സിദ്ധരാമയ്യയ്‌ക്ക് ബദലായി പാർട്ടിയിലുണ്ടായിരുന്ന നേതാവ്. മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന ഈശ്വരപ്പയും ഒഴിവാക്കപ്പെട്ടു. വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള ആർ.അശോക്, അശ്വത്ഥ് നാരായണൻ, ശോഭ കരന്ത്‌ലാജെ എന്നിവരും മാറിനിൽക്കേണ്ടിവരുന്നത് ജാതിപ്രശ്നങ്ങളിലാണ്. ഇത് പാർട്ടിക്കകത്തെ അസ്വസ്ഥതകളാണ്. നേരത്തെ യെദിയൂരപ്പയെ അനങ്ങാൻ വിടാതെ ആക്രമിച്ചിരുന്ന എച്ച്.എൻ. ആനന്ദകുമാറിന്റെയും പ്രശ്നം ജാതി ഗ്രൂപ്പ് കളിയായിരുന്നു. നേതാവില്ലാത്ത പ്രശ്‌നം പാർട്ടി മറികടക്കാൻ ശ്രമിച്ചത് പ്രധാനമന്ത്രി മോദിയെന്ന കരുത്തൻ ബ്രാൻഡിലൂടെയാണ്. കോൺഗ്രസ് പ്രകടന പത്രികയിൽ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് പറഞ്ഞത് ഇക്കുറി ബിജെപിക്ക് വർഗീയ കാർഡ് ഇറക്കാനുള്ള അവസരം നൽകിയ നടപടിയായി. ഇതെല്ലാം ഉപയോഗിച്ച് ഭരണം നിലനിറുത്താമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. കേന്ദ്രത്തിലെ മികച്ച ഭരണവും സംസ്ഥാനത്ത് മൈസൂരൂ - ബംഗളൂരു പാതപോലുള്ള കൂറ്റൻ വികസന പദ്ധതികളും കരുത്തേകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജനവിധി അതെല്ലാം അസ്ഥാനത്താക്കി.

kpcc

പ്രചരണങ്ങൾ ഇങ്ങനെയായിരുന്നു

അഴിമതിയിൽ തുടങ്ങി വർഗീയതയിൽ അവസാനിച്ച പ്രചാരണത്തിനാണ് കർണാടക തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ജനകീയ വിഷയങ്ങൾ പ്രകടനപത്രികയിൽ ഒതുങ്ങി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് കർണാടകയിൽ അരങ്ങേറിയത്. കർണാടക തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയ സാഹചര്യത്തിലും പ്രതിഫലനങ്ങളുണ്ടാക്കും. ജയിക്കാത്ത പാർട്ടിയെന്ന കോൺഗ്രസിന്റെ പേരുദോഷം മാറിയത് യുഡിഎഫിന് ശക്തിപകരും.

ശക്തമായ ഭരണവിരുദ്ധ വികാരം കർണാടകത്തിൽ അലയടിച്ചിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ദുർബലനെന്ന പ്രതിച്ഛായ, അഴിമതി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം പ്രതിപക്ഷത്തുളള കോൺഗ്രസും ജനതാദളും പ്രചാരണത്തിൽ ശക്തമാക്കി. എന്നാൽ ഇതിൽനിന്ന് വർഗീയതയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുന്നതിൽ ബി.ജെ.പി നടത്തിയ ശ്രമങ്ങൾ ജയിച്ചില്ല.

കായംകുളം കൊച്ചുണ്ണി ശൈലിയിലെ അഴിമതി

കർണാടകത്തിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട് ബിജെപി . മെട്രോ നാലാം ഘട്ടം തുറന്നു കൊടുത്തു. ബംഗളൂരു, ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലാക്കി. ബെംഗളൂരു - മൈസൂർ പത്തുവരി പാതയാക്കി. സംസ്ഥാനത്ത് മികച്ച റോഡ് ശൃംഖലയുണ്ടാക്കി. എന്നാൽ ഇതിനെയല്ലാം നിഷ്പ്രഭമാക്കുന്ന അഴിമതി. കമ്മിഷൻരാജ് ഭരണമെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കി. എന്നാൽ ഈ അഴിമതി ഒരുതരം കായംകുളം കൊച്ചുണ്ണി ശൈലിയിലാണ്. വൻകിട പദ്ധതികളിലും ഇടപാടുകളിലുമാണ് അഴിമതി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നല്ല രീതിയിലുണ്ടായിരുന്നു. അതിന് കാരണം സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികളാണ്. അമിതമായ ജാതിപ്രീണനം, ന്യൂനപക്ഷങ്ങളോടുള്ള അവഗണന എന്നിവയും ജനങ്ങളിൽ സർക്കാർ വിരുദ്ധ മനോഭാവമുണ്ടാക്കി. ഇതാണ് കോൺഗ്രസിനെ തുണച്ചത്.

rahul

പുതുജീവൻ ലഭിച്ച കരുത്തിൽ കോൺഗ്രസ്

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും ഈ വർഷംതന്നെ തിരഞ്ഞെടുപ്പ് നടക്കുകയാണ്. മൂന്നിടത്തും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടും. മൂന്നിടത്തും മികച്ച വിജയം നേടാൻ കഴിഞ്ഞാൽ രാഹുലിന്റെ നേതൃത്വം ഉറയ്ക്കും. നരേന്ദ്രമോദിക്ക് ശക്തനായ എതിരാളി എന്ന പ്രതീതി ഉണ്ടാക്കാനും സാധിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ പുതിയ ഘടകകക്ഷികളെ യു.പി.എയിലേക്ക് ആകർഷിക്കാൻ കഴിയും. എന്നാൽ മാത്രമേ 2024ലെ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കോൺഗ്രസിന് സാധിക്കൂ. 2018ൽ കോൺഗ്രസിന് ഇതുപോലൊരു അവസരം കൈവന്നതാണ്. കർണാടകത്തിൽ ജനതാദളുമായി കൂട്ടുമന്ത്രിസഭയുണ്ടാക്കി; രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരം തിരിച്ചുപിടിച്ചു. പക്ഷേ ദേശീയ തലത്തിൽ അനുകൂലസാഹചര്യം മുതലാക്കാനായില്ല. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സഖ്യമുണ്ടാക്കുകയും അതിൽനിന്ന് കോൺഗ്രസിനെ ഒഴിവാക്കുകയും ചെയ്‌തു. തൃണമൂൽ കോൺഗ്രസോ വൈ.എസ്.ആർ കോൺഗ്രസോ കോൺഗ്രസുമായി സഖ്യം ചെയ്യാൻ താത്‌പര്യപ്പെട്ടില്ല. പരിണിതഫലം ഭയങ്കരമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർച്ചയായി രണ്ടാമത്തെ പരാജയം ഏറ്റുവാങ്ങി; രാഹുൽഗാന്ധി പാർട്ടി പ്രസിഡന്റ്പദം രാജിവച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ മികച്ച ഒരവസരമാണ് രാഹുലിനും കോൺഗ്രസിനും കൈവന്നിട്ടുള്ളത്. അവർ അതെങ്ങനെ വിനിയോഗിക്കുമെന്നാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARNATAKA, RESULT, ELECTION, BJP, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.