തിരുവനന്തപുരം : ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏറ്റവും ദുഷ്കരമായ മാറ്റി പാർപ്പിക്കലിന് ശാശ്വത പരിഹാരം വരുന്നു.തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയായ കല്ലറയിൽ എൻ.സി.സിയ്ക്കായി സംസ്ഥാന സർക്കാർ പണിയുന്ന അത്യാധുനിക പരിശീലന കേന്ദ്രമാണ് ദുരന്തഘട്ടങ്ങളിൽ നാടിന് താങ്ങാവുക.കല്ലറ പാട്ടറ പാങ്ങലുകുന്നിലെ റവന്യൂവകുപ്പിന്റെ എട്ടര ഏക്കർ സ്ഥലത്താണ് ഹെലിപ്പാഡ് ഉൾപ്പെടെ പണിയുന്നത്.ഇതിന്റെ ശിലാസ്ഥാപനം ബുധനാഴ്ച വൈകിട്ട് നാലിന് കല്ലറ ബസ്റ്റാൻഡ് ഗ്രൗണ്ടിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും.
2019ൽ മൂന്നര ഏക്കർ സ്ഥലം അനുവദിച്ചിരുന്നെങ്കിലും ചരിവുള്ള പ്രദേശമായതിനാൽ കൂടുതൽ സ്ഥലം വേണമെന്ന ആവശ്യം പരിഗണിച്ചാണ് 5ഏക്കർ കൂടി അനുവദിക്കാൻ തീരുമാനിച്ചത്.ഇത് സംബന്ധിച്ച് ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും.25കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.അഞ്ചുവർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണ ചുമതല.
നടത്തിപ്പ് എൻ.സി.സിക്കാണെങ്കിലും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും.ദുരന്തഘട്ടങ്ങളിൽ ജനങ്ങളെ സാധാരണയായി സ്കൂളുകളിലും ഒാഡിറ്റോറിയങ്ങളിലുമാണ് മാറ്റി പാർപ്പിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ മതിയായ ടോയ്ലറ്റ് സംവിധാനങ്ങളോ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യമോ ഉണ്ടാകാറില്ല.ഇതിനെല്ലാം പരിഹാരമാവുകയാണ് എൻ.സി.സിയുടെ പരിശീലന കേന്ദ്രം.
വർഷം മുഴുവൻ പരിശീലനം
പുതിയ കേന്ദ്രം സജ്ജമാകുന്നതോടെ സംസ്ഥാനത്ത് മുഴുവൻ സമയം പരിശീലനം ആരംഭിക്കും.10ദിവസം കൂടുമ്പോൾ ഓരോ ബാച്ച് വീതം എത്തും.നിലവിൽ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് എൻ.സി.സി പരിശീലനം നടക്കുന്നത്.എന്നാൽ സ്കൂളുകൾ ഹൈടെക്കായതോടെ മുൻകാലങ്ങളിലെ പോലെ എൻ.സി.സിക്ക് പരിശീലനത്തിനായി വിട്ടു കിട്ടാത്ത സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |