പാലക്കാട്: സംസ്കൃത പണ്ഡിതനായിരുന്ന ചേമ്പറ്റ കൃഷ്ണൻ 150 കൊല്ലം മുമ്പ് താളിയോലയിൽ എഴുതിയ ഭാഗവതത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ ഇന്നും നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് രാമശേരി മംഗളശേരി ചേമ്പറ്റ തറവാട്ടിലെ അദ്ദേഹത്തിന്റെ പിൻമുറക്കാർ. തറവാട്ടിലെ അംഗമായ ഡോ.ടി.സുനീത് കുമാറിന്റെ പക്കലാണ് ഇപ്പോൾ താളിയോലയുള്ളത്.
1840ൽ ജനിച്ച ചേമ്പറ്റ കൃഷ്ണൻ 1872ലാണ് ഇത് രചിച്ചത്. എല്ലാവർക്കും വായിക്കാനും മനസിലാക്കാനും സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഭാഗവതം അദ്ദേഹം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലാക്കിയത്. എഴുത്തച്ഛന്റെ മലയാള പരിഭാഷയടക്കം ഭാഗവതം നിരവധിയുണ്ട്. എന്നാൽ, ചേമ്പറ്റ കൃഷ്ണന്റെ ഭാഗവതം അതിന്റെ രൂപവും ഘടനയും കൊണ്ട് ഏറെ സവിശേഷമാണ്.
വർഷങ്ങൾക്ക് മുമ്പ് തറവാട്ടിലെ ഉമാദേവി അമ്മയുടെ ശേഖരത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ചരിത്രകാരന്മാരുടെ പരിശോധനയിലാണ് ഇതിന്റെ മൂല്യം തിരിച്ചറിഞ്ഞത്. തലമുറകളായി നിധിപോലെ സൂക്ഷിക്കുകയാണ്. മലയാള ഭാഷയുടെ പരിണാമത്തെ കുറിച്ച് പഠനം നടത്തുന്നവർക്ക് ഈ താളിയോല ഏറെ പ്രയോജനം ചെയ്യും.
300 ഓലകൾ
35 സെന്റീ മീറ്റർ വലിപ്പത്തിലുള്ള 300 താളിയോലകളിൽ എഴുത്താണി കൊണ്ടാണ് എഴുതിയിരിക്കുന്നത്. ഇടതുവശത്ത് മാർജിനും ക്രമനമ്പറുമുണ്ട്. രണ്ടുപുറത്തും എഴുതിയിട്ടുണ്ട്. ഒരു പുറത്ത് 11 വരികളാണുള്ളത്.
''പൂർണമായും പനയോലയിൽ എഴുത്താണി ഉപയോഗിച്ചാണ് എഴുതിയിട്ടുള്ളത്. 1040 ചിങ്ങത്തിൽ എഴുതി തുടങ്ങി 1047 കുംഭം 13ന് പൂർത്തിയായെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഗവതത്തിന് സ്വന്തമായി ഭാഷയും ഭാവവും നൽകാൻ രചയിതാവ് ശ്രമിച്ചിട്ടുണ്ട്.
-ഡോ.എം.ജി.ശശിഭൂഷൺ, ചരിത്ര പണ്ഡിതൻ.
ചേമ്പറ്റ കൃഷ്ണൻ എന്ന എഴുത്തുകാരനെ ലോകമറിയണമെന്നാണ് ആഗ്രഹം. ചരിത്രാന്വേഷകർക്ക് പ്രയോജനപ്പെടും വിധം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനും പുസ്തകമാക്കാനും ആലോചനയുണ്ട്.
-ഡോ.ടി.സുനീത്കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |