കുളത്തൂർ : രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ടെക്നോപാർക്ക് വനിതാ ജീവനക്കാരെ പിന്നാലെയെത്തി കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുന്ന
പ്രതി പിടിയിൽ. കാച്ചാണി അയണിക്കാട് വിജിഭവനിൽ വിഷ്ണു (33) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. നിരവധി യുവതികളാണ് അക്രമത്തിനിരയായത്.
ഒരു മാസം മുമ്പ് പുലർച്ചെ ഒരു മണിക്ക് ഇൻഫോസിസിന് മുന്നിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ കടന്നു പിടിച്ചിരുന്നു. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ ഇയാൾ യുവതികളെ ആക്രമിച്ചിട്ടുണ്ട്. ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പതിവായി കൃത്യം നടത്തിയിരുന്നത്. പലരും പരാതി പൊലീസിൽ വിളിച്ചറിയിക്കുമെങ്കിലും തുടർ നടപടികൾക്ക് പോകാറില്ല. പല കോണുകളിൽ നിന്നും പരാതി ഉയർന്നെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല. തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി നമ്പർ കാണാത്ത വിധം തിരിച്ചു വച്ചായിരുന്നു പ്രതിയുടെ സഞ്ചാരം. യുവതികളെ കടന്നുപിടിച്ച ശേഷം വിജനമായ സ്ഥലത്തെത്തി നമ്പർ പ്ലേറ്റ് തിരികെ ഘടിപ്പിച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. നിരവധി സംഭവങ്ങൾ ഉണ്ടായതോടെ അന്വേഷണം ഊർജിതമാക്കി. പ്രതിയുടേത് ഹോണ്ട ഡ്രീംസ് ബൈക്കാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ സഹായത്തോടെ ഈ മോഡലിലുള്ള ബൈക്ക് ഉടമകളുടെ വിലാസം ശേഖരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വെള്ളിയാഴ്ച കുളത്തൂരിൽ വച്ച് ഇയാൾ ഒരു യുവതിയെ കടന്നു പിടിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച ശേഷം തുമ്പ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാപ്ഷൻ : അറസ്റ്റിലായ വിഷ്ണു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |