
തെളിവ് ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച
പൊലീസ് സംഘപരിവാറിന് ഒത്താശ ചെയ്തെന്ന് സന്ദീപാനന്ദഗിരി
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ ആദ്യ അന്വേഷണം അട്ടിമറിച്ചെന്നും വീഴചവരുത്തിയ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. .
രണ്ട് ഡി.വൈ.എസ്.പിമാർക്കും വിളപ്പിൽ ശാല,പൂജപ്പുര സ്റ്റേഷനുകളിലെ ചില പൊലീസുദ്യോഗസഥർക്കും എതിരെ നടപടിക്കാണ് ശുപാർശ.
റിപ്പോർട്ട് ക്രൈംബ്രാഞ്ച് എസ്.പി സുനിൽ ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും കൈമാറി
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമം കത്തിയത്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അടുത്തിടെ കേസിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു.
റിപ്പോർട്ടിലെ കുറ്റപ്പെടുത്തലുകൾ
കന്റോൺമെന്റ്, കൺട്രോൾ റൂം എ.സി.പിമാരുടെ നേതൃത്വത്തിലാണ് ആദ്യം അന്വേഷിച്ചത്. ഇവർ ഗുരുതര വീഴ്ച വരുത്തി.
ആശ്രമ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ പലതും നഷ്ടപ്പെടുത്തി.
പ്രാദേശിക നേതാക്കളുടെ ഫോൺ വിളിയുടെ വിവരങ്ങൾ കേസ് ഡയറിയിൽ ഉൾക്കൊള്ളിച്ചില്ല.
തീ കത്തിയ ദിവസം ആശ്രമത്തിൽ കണ്ട റീത്തിലെ കുറിപ്പ് കൈയക്ഷര പരിശോധനയ്‌ക്കും തുടരന്വേഷണങ്ങൾക്ക് വിധേയമാക്കിയില്ല .
പ്രതികളിലേക്കെത്തിച്ചത് ഒന്നാം പ്രതി പ്രകാശന്റെ ആത്മഹത്യയും സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലും.
പരാതി കിട്ടിയിട്ടും പ്രകാശന്റെ മരണം വിളപ്പിൽശാല പൊലീസ് ഗൗരവത്തോടെ അന്വേഷിച്ചില്ല.
തെളിവുകൾ കൃത്യമായി ശേഖരിച്ചില്ല.
ശേഖരിച്ചതെളിവുകൾ കാണാതായി.
ക്രൈം ബ്രാഞ്ച് ഈ രേഖകൾ വീണ്ടെടുത്താണ് പ്രതികളിലേക്ക് എത്തിയത്. ഈ വീഴ്ചകൾ കാരണമാണു പ്രതികളെ പിടികൂടാൻ നാലര വർഷം വൈകിയത്
''ചില പൊലീസ് ഉദ്യോഗസ്ഥർ സംഘപരിവാറിന് വേണ്ടി ഒത്താശ ചെയ്തു. അന്വേഷണത്തിൽ ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചത്''
--സന്ദീപാനന്ദ ഗിരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |