കോഴിക്കോട് : എല്ലാവർക്കും വാസയോഗ്യമായ വീട് എന്ന സ്വപ്നം തീരദേശ മേഖലയിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പുതിയ തൊഴിൽ സംരംഭങ്ങളിലൂടെ തൊഴിൽ തേടാനുള്ള മേഖലയായി തീരദേശ മേഖലയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കണ്ടി ഗവ.എൽ.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളെയും വികസനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അണിനിരത്തും. ക്ഷേമപ്രവർത്തനങ്ങളിൽ എല്ലാ മത്സ്യത്തൊഴിലാളികളെയും പങ്കാളികളാക്കി നിലവിലുള്ള സാമൂഹിക സാമ്പത്തിക സ്ഥിതി വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസമേഖലയിൽ ഇന്ന് നടപ്പാക്കുന്ന പദ്ധതികളെന്ന് മന്ത്രി പറഞ്ഞു. പള്ളിക്കണ്ടി ഗവ എൽ.പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിച്ച് ആവശ്യമെങ്കിൽ മെച്ചപ്പെട്ട കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിന് മന്ത്രി അഹമ്മദ് ദേവർകോവിലുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലെ സമഗ്രവികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കിഫ്ബി ഫണ്ടിൽ നിന്നും 84.26 ലക്ഷം ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. 229.61 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ ഒരു ക്ലാസ് റൂം, ഡൈനിംഗ് ഹാൾ, ഭിന്നശേഷി സൗഹൃദമുൾപ്പെടെയുള്ള ശുചിമുറികൾ എന്നിവയാണ് ഉള്ളത്.
കെ.എസ്.സി.എ.ഡി.സി റീജിയണൽ മാനേജർ പി.കെ രഞ്ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ഡോ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. വാർഡ് കൗൺസിലർ പി മുഹ്‌സിന, സ്‌കൂൾ എച്ച്.എം സി ശശി കുമാർ, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ കോണിച്ചേരി, കെ.എസ്.സി.എ.ഡി.സി ഡയറക്ടർ ബോർഡ് അംഗം ഹാരിസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |