കാസർകോട്: കടൽത്തീര സംരക്ഷണത്തിന്റെ പേരിൽ കോടികൾ വിഴുങ്ങിയുള്ള കടൽഭിത്തി നിർമ്മാണത്തിന് വിലക്ക്. കടലിൽ കല്ലിടുന്നതിനും ടെട്രാപോഡിനും വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചതായി കാസർകോട്ടെ പ്രമുഖ വ്യവസായിയും യു.കെ ഗ്രൂപ്പ് ചെയർമാനുമായ ഉപ്പളയിലെ യു.കെ യൂസഫ് അറിയിച്ചു. ജഡ്ജി ജസ്റ്റിസ് ഷാജി പി. ചാലി ആണ് നടപടികൾ സ്റ്റേ ചെയ്തത്. അഡ്വ. പി.കെ മുഹമ്മദ് മുഖേന സമർപ്പിച്ച ഹർജി വാദങ്ങൾക്ക് ശേഷമാണ് കോടതി അനുവദിച്ചത്.
ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ ഒരു വർഷത്തെ പോലും ഗ്യാരന്റിയില്ലാതെ വിഴിഞ്ഞത്തടക്കം പല വൻകിട പദ്ധതികൾക്കും വേണ്ടി കടലിൽ കല്ലിട്ട് മാസങ്ങൾക്കകം തന്നെ കടലെടുത്തിരുന്നു. ഇതുകൊണ്ട് കടലിന്റെ ആഴം കുറയുകയും കല്ലിടിച്ച് ബോട്ടപകടം തുടർച്ചയാകുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ കല്ലും ടെട്രാപോഡും നാഷണൽ ഗ്രീൻ ട്രിബ്യൂണൽ നിരോധിക്കുകയും ചെയ്തു. എൻ.ജി.ടിയുടെ ഉത്തരവിന് വിരുദ്ധമായാണ് കേരളത്തിലെ കടൽഭിത്തി നിർമ്മാണമെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് യു.കെ യൂസഫ് കോടതിയെ സമീപിച്ചത്. മത്സ്യ തൊഴിലാളികൾക്കും തീരദേശ വാസികൾക്കും പ്രതീക്ഷ നൽകുന്നതാണ് ഹൈക്കോടതി വിധി. മുൻപ് പുഴകളും ഡാമുകളും മണ്ണ് മാറ്റി ശുദ്ധീകരിക്കാൻ യൂസഫ് നിയമ പോരാട്ടം നടത്തിയിട്ടുണ്ട്. വളരെ ചെറിയ ചെലവിൽ മനോഹരവും ശാശ്വതവുമായ ബദൽ പദ്ധതി സർക്കാരിന് സമർപ്പിക്കുകയും, സൗജന്യമായി കാസർകോട് നെല്ലിക്കുന്നിൽ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ ടെക്നോളജി മറ്റ് സ്ഥലങ്ങളിലും നടപ്പിലാക്കുന്നത് സർക്കാർ പരിഗണനയിൽ ആണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചിരുന്നു.
മാതൃകയാകാൻ സീവേവ് ബ്രേക്കേഴ്‌സ്
കടലാക്രമണം തടയുന്നതിനും തീരദേശത്തെ സംരക്ഷിക്കാനും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ മാർഗം യു.കെ യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്‌സ് എന്ന പേരിൽ പ്രസിദ്ധമാണ്. നിലവിലുള്ള മറ്റ് കടൽത്തീര സംരക്ഷണ പദ്ധതികൾ വിജയിക്കാത്തിടത്താണ് ഈ പദ്ധതി മാതൃകയായി അംഗീകരിക്കപ്പെടുന്നത്. കേരളത്തിലും കർണ്ണാടകയിലും ഈ പദ്ധതി വരുന്നതോടെ തീരദേശം മുഴുവൻ പരിസ്ഥിതി സൗഹൃദമാകും. കൂറ്റൻ കല്ലുകൾ പൊളിച്ചു മാറ്റുന്നത് കുറയും എന്നതിനാൽ പ്രകൃതിക്ക് കോട്ടവും തട്ടില്ലെന്ന് പറയുന്നു.
പതിറ്റാണ്ടുകളായി നടക്കുന്ന അഴിമതി തടയുന്നതാണ് ഹൈക്കോടതിയുടെ ഇടപെടൽ. നിയമവിരുദ്ധമായ ഇടപാടുകൾക്ക് എല്ലാവരും കൂട്ടുനിൽക്കുകയായിരുന്നു.
യു.കെ യൂസഫ് ഉപ്പള (കാസർകോട്ടെ വ്യവസായി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |