തിരുവനന്തപുരം:പേട്ട -കണ്ണമ്മൂല റൂട്ടിൽ ഭഗത് സിംഗ് റോഡിലെ സ്വീവേജ് ലൈനിലെ പണികൾ ദ്രുതഗതിയിൽ നടക്കുന്നു. 31ന് തീരുന്ന തരത്തിലാണ് പണികൾ തുടരുന്നതെന്ന് പാറ്റൂർ സ്വീവേജ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. ഈ റോഡിലെ സ്വീവേജ് ലൈനുകളിൽ നിരവധി സ്ഥലത്ത് ചോർച്ചകളുണ്ട്.അതിനാൽ തന്നെ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനൊപ്പം രണ്ട് മാൻഹോളുകളും മാറ്റിസ്ഥാപിക്കുന്നുണ്ട്.25 വർഷം പഴക്കമുള്ള 200 എം.എം സ്റ്റോൺവെയർ പൈപ്പുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.കാലപ്പഴക്കത്തെ തുടർന്ന് ഇവയിൽ പലതും കേടുവന്നിട്ടുണ്ട്. പൈപ്പിലെ ചോർച്ചയെ തുടർന്ന് ഇവിടങ്ങളിലെ മാൻഹോളുകൾ നിറഞ്ഞൊഴുകുന്നതും നിത്യസംഭവമാണ്.കൂടാതെ റോഡിന്റെ പലഭാഗത്തും സ്വീവേജ് പൊട്ടിയൊഴുകുന്നുണ്ട്. പേട്ട പൊലീസ് സ്റ്റേഷന് സമീപത്തുള്ള ലൈനിലും ഭഗത് സിംഗ് റോഡിലുള്ള ലൈനുകളിലും സമാന പ്രശ്നങ്ങളുണ്ട്. ലീക്കുള്ള പൈപ്പുകൾക്ക് പകരം 127 മീറ്ററോളം 300 എം.എം സ്റ്റോൺവെയർ പൈപ്പുകൾ വാട്ടർ അതോറിട്ടിയുടെ സ്വീവേജ് വിഭാഗം സ്ഥാപിക്കുന്നത്.
അറ്റകുറ്റപ്പണി വീണ്ടും ചെയ്യും
കണ്ണമ്മൂല റോഡിലെ മറ്റ് ലൈനുകളിലും പ്രശ്നമുണ്ട്.എന്നാൽ, നിലവിലേതു പോലെ സ്ഥിതി ഗുരുതരമല്ല. അതിനാൽ നിലവിലെ പണി തീർന്ന ശേഷം രണ്ടാംഘട്ടമായിട്ടായിരിക്കും മറ്റ് ചോർച്ചകളുള്ള ലൈനുകളിൽ അറ്റകുറ്റപ്പണി നടത്തുക. നിലവിൽ പള്ളിമുക്കിൽ നിന്ന് കണ്ണമ്മൂല - മെഡിക്കൽ കോളേജ് റോഡ് അടച്ച് പൂർണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കണ്ണമ്മൂല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിലവിൽ നാലുമുക്കിൽ നിന്നാണ് അവിടേക്ക് എത്തുന്നത്.നേരത്തെ വൺവേ ആയിരുന്ന റോഡിൽ ഇപ്പോൾ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. എങ്കിലും ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |