കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ശനിയാഴ്‌ച കൊച്ചി തീരത്ത് നടന്നത്. ഓപ്പറേഷൻ സമുദ്രഗുപ്‌തിൽ പിടികൂടിയ മയക്കുമരുന്നിന്റെ യഥാർത്ഥ വില 25000 കോടി രൂപയാണെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറിയിച്ചു. കൊച്ചി തുറമുഖത്ത് എത്തിച്ച ലഹരിമരുന്നിന്റെ പരിശോധന ഇന്നലെ വൈകിട്ട് പൂർത്തിയായതോടെയാണ് അന്തിമവില തിട്ടപ്പെടുത്തിയത്. 15000 കോടി രൂപയെന്നായിരുന്നു ആദ്യനിഗമനം. മുന്തിയ ഇനം മെത്താംഫെറ്റാമിൻ ആയതിനാലാണ് വിലയിൽ വലിയ അന്തരമുണ്ടായത്. ഒരു കിലോഗ്രാം വീതം വരുന്ന 2,800 പെട്ടികളിലായിരുന്നു മയക്കുമരുന്ന്. ബോക്സിൽ വെള്ളം കടക്കാത്തവിധം മൂന്ന് പാളികളായി പൊതിഞ്ഞിട്ടുണ്ട്. പെട്ടികൾ പാകിസ്ഥാനിലെ വിവിധ ബസുമതി അരിക്കമ്പനികളുടെ പേരുള്ള 134 ചാക്കുകളിലാക്കിയിരുന്നു.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ജിവ്വാനിയിലെ ലാബുകളിൽ നിർമ്മിച്ച മയക്കുമരുന്നാണ് കടലിൽ മുക്കിയ 'മദർഷിപ്പിൽ" ഉണ്ടായിരുന്നതെന്ന് പിടിയിലായ പാകിസ്ഥാൻ പൗരൻ സുബൈർ എൻ.സി.ബിയോട് സമ്മതിച്ചു. പാകിസ്ഥാനിലെ കുപ്രസിദ്ധ ലഹരിക്കടത്തു സംഘമായ ഹാജി സലിം നെറ്റ്‌വർക്കിന്റേതാണ് മയക്കുമരുന്നും കടത്താനുള്ള സംവിധാനങ്ങളും. തനിക്കൊപ്പം മദർഷിപ്പിൽ ആറു പാകിസ്ഥാൻകാർ കൂടി ഉണ്ടായിരുന്നെന്നാണ് ഇയാളുടെ മൊഴി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ എൻ.സി.ബി പരിശോധിച്ച് വരികയാണ്.
ഹാജി സലിം നെറ്റ്‌വർക്കിനായി സുബൈർ നേരത്തെയും ലഹരി കടത്തിയിട്ടുണ്ടെന്നും ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കാണ് അന്ന് മരുന്ന് എത്തിച്ചതെന്നും എൻ.സി.ബി വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. പേരില്ലാത്ത മദർഷിപ്പ് മുക്കിയശേഷം നാവികസേനയുടെ കണ്ണുവെട്ടിച്ച് സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടവർ ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ ഒളിച്ചെന്ന സൂചനയെ തുടർന്ന് നാവികസേനയും കോസ്റ്റ്ഗാർഡും പരിശോധന തുടരുകയാണ്.
രണ്ട് സ്പീഡ് ബോട്ടാണ് മദർഷിപ്പിലുണ്ടായിരുന്നത്. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് സുബൈറിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബോട്ടും പടിച്ചെടുത്തു. മുങ്ങുകയായിരുന്ന മദർഷിപ്പിൽ നിന്ന് ലഭിച്ച ജി.പി.എസ് ട്രാക്കർ പരിശോധിച്ച് വരുന്നു.
ആരാണ് ഹാജി സലിം
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം അഫ്‌ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഹാജി സലിം. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളാണ് ഇയാളുടെ പ്രധാന കച്ചവട മേഖലകൾ. ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്‌ബ, പാകിസ്ഥൻ ചാര സംഘടനയായ ഐഎസ്ഐ എന്നിവയുമായി ചേർന്ന് ജമ്മു കാശ്‌മീരിൽ പലയാവർത്തി നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പിന്നിൽ ഹാജി സലിമിന്റെ വ്യക്തമായ പങ്കുണ്ടെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയാണ് ഇയാളെന്നും രഹസ്യ വിവരങ്ങളുണ്ട്. എകെ 47 അടക്കമുള്ള ആയുധങ്ങളുടെ അകമ്പടിയോടെ അനുചരന്മാർ 24 മണിക്കൂറും ഒരുക്കുന്ന കനത്ത സുരക്ഷയ്‌ക്കുള്ളിലാണ് സലിമിന്റെ ഓരോ നീക്കവും. നിരവധി കോഡ് ഭാഷകൾ ഉപയോഗിച്ചാണ് ഓരോതവണയും വമ്പൻ ഇടപാടും ഇയാൾ നടത്തുക. അവയിൽ ചിലത് ഇങ്ങനെയാണ്-
777
999
പായുന്ന കുതിരയുടെ ചിത്രം
21 രാജാക്കന്മാരുടെ ചിത്രം
555
യൂണികോൺ
ഡ്രാഗൺ
ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ഏറ്റവും ആശങ്കയോടെ കാണുന്ന പേരാണ് ഹാജി സലിമിന്റെത്. എൽ.ഇ.ടി, ഐഎസ്ഐ എന്നിവരുമായി ചേർന്ന് ഇന്ത്യയെ തകർക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇയാൾ പലപ്പോഴും ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് സൂചന. അഫ്‌ഗാനിസ്ഥാനിലാണ് ജനനമെങ്കിലും ഹാജി സലിമിന്റെ ഭീകരപ്രവർത്തനങ്ങൾക്ക് വളക്കൂറേകിയത് പാകിസ്ഥാന്റെ മണ്ണാണ്.
2016ന് ശേഷം ഇന്ത്യയിൽ പിടിക്കപ്പെട്ടിട്ടുള്ള മയക്കുമരുന്ന് കൺസൈൻമെന്റിന്റെയെല്ലാം പിന്നിൽ ഹാജി സലിം ഗ്രൂപ്പാണ്. അറബിക്കടലിൽ അതിനിഗൂഡമായ ഒരു ശൃംഖല തന്നെ ഇവർക്കുണ്ട്. ഐഎസ്ഐ വളർത്തിയ ദാവൂദ് ഇബ്രാഹിം എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |