ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് ആര് വരുമെന്ന് തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇവരുടെ കൂടിയാലോചനകൾക്ക് ശേഷം സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരുമായി മല്ലികാർജുൻ ഖർഗെ പ്രത്യേകം ചർച്ച നടത്തും.അതികം വെെകാതെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഡി കെ ശിവകുമാർ ഡൽഹിയിലെത്തിയിട്ടുണ്ട്. 'പാർട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് നൽകും' എന്നാണ് ഡൽഹി യാത്രയ്ക്ക് തൊട്ട് മുൻപ് ഡി കെ ശിവകുമാർ വ്യക്തമാക്കിയത്. എം എൽ എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യങ്ങളെല്ലാം ഹെെക്കമാൻഡ് വിലയിരുത്തുണ്ട്. ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ പൂർത്തിയാക്കി. ഇരുപക്ഷവും വിട്ടുവീഴ്ചകൾക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
അതേസമയം, 75കാരനായ സിദ്ധരാമയ്യയ്‌ക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വർഷം അവസരം നൽകാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ട്രബിൾഷൂട്ടറും വിശ്വസ്തനുമായ ശിവകുമാറിനെ ഇപ്പോൾ മുഖ്യമന്ത്രിയാക്കിയാൽ ഇ.ഡി കേസുകളും അഴിമതി ആരോപണങ്ങളും കേന്ദ്രം കുത്തിപ്പൊക്കുമെന്ന് ഹൈക്കമാൻഡ് ഭയപ്പെടുന്നു. ശിവകുമാറിന്റെ ശത്രുവും കർണാടക ഡി.ജി.പിയുമായിരുന്ന പ്രദീപ് സൂദിനെ കേന്ദ്രസർക്കാർ സി ബി ഐ ഡയറക്‌ടറാക്കിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |