തിരുവനന്തപുരം: എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങിയാൽ ചെലാൻ അയയ്ക്കണമെങ്കിൽ അംഗീകൃത ഏജൻസി ഈ ഉപകരണങ്ങളുടെ പ്രവർത്തനം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നതിനാൽ അംഗീകൃത അതോറിട്ടിയെ നിശ്ചയിച്ച് ഉത്തരവ് ഇറക്കാൻ ഗതാഗത വകുപ്പ് നീക്കമാരംഭിച്ചു. പിഴ ഇൗടാക്കുന്നത് അടുത്ത മാസം 5 വരെ മരവിപ്പിച്ചിരിക്കെ ഏതെങ്കിലും ഏജൻസിയെ കണ്ടെത്തി അംഗീകൃതമാക്കാനാണ് ധൃതഗതിയിലുള്ള നടപടികൾ.
ഗതാഗത വകുപ്പ് കെൽട്രോൺ മുഖേന കേരളത്തിൽ സ്ഥാപിച്ച ക്യാമറകളൊന്നും അംഗീകൃത അതോറിട്ടി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയവയല്ല. സർട്ടിഫിക്കേഷൻ ഇല്ലാത്ത ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിലെ നോട്ടീസുകൾക്ക് കേന്ദ്ര ഗതാഗത നിയമ പ്രകാരം നിയമസാധുത ഇല്ലെന്നതിനാൽ വാഹന ഉടമകൾക്ക് അത് ചോദ്യം ചെയ്യാം. ഈ പ്രതിസന്ധി ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് അന്തിമാനുമതി നൽകുന്ന കാര്യം പരിശോധിക്കാനായി 24ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ക്യാമറകൾക്ക് നിയമപ്രകാരം വേണ്ട സർട്ടിഫിക്കേഷൻ നടത്തുന്ന കാര്യത്തിലും 24ലെ യോഗം തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |