
പുൽപ്പളളി : വയനാട്ടിൽ വനാതിർത്തിയിൽ വിറക് ശേഖരിക്കാൻ പോയയാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുൽപ്പളളി കാപ്പിസെറ്റ് വണ്ടിക്കടവ് ദേവർഗദ്ദ ഉന്നതിയിലെ മാരനാണ് (കൂമൻ- 65) കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുറിച്യാട് റെയ്ഞ്ചിലാണ് സംഭവം.
വിറകുശേഖരിക്കുന്നതിനിടെ മാരന്റെ കരച്ചിൽ കേട്ടെന്നും പരിസരത്ത് രക്തത്തുള്ളികൾ കണ്ടതോടെ ഉന്നതിയിലെത്തി മറ്റുള്ളവരോട് പറഞ്ഞെന്നും സഹോദരി കുള്ളി പറഞ്ഞു. വനപാലകർ വനത്തിൽ നടത്തിയ തെരച്ചിലിൽ മുക്കാൽ കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തി. മുഖത്താകെ പരിക്കേറ്റിരുന്നു.
അതിനിടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം, ആശ്രിത ജോലി, കടുവയെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസ് പരിസരത്ത് മണിക്കൂറുകളോളം നാട്ടുകാർ പ്രതിഷേധിച്ചു. വൈകിട്ട് കുടുംബാംഗങ്ങളും ജനപ്രതിനിധികളുമായി വനപാലകർ നടത്തിയ ചർച്ചയിൽ പത്തുലക്ഷം രൂപ നൽകുമെന്നും വനംവകുപ്പിൽ മകന് ജോലി നൽകുമെന്നും ഉറപ്പ് നൽകി. കൂട് സ്ഥാപിക്കാനും തീരുമാനിച്ചു. ആദ്യ ഘട്ടമായി ആറ് ലക്ഷം രൂപ ഉടൻ കൈമാറും. തുടർന്ന് വൈകിട്ട് 5 മണിയോടെയാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം സുൽത്താൻ ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ ഉന്നതിയിലെത്തിക്കും.
വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, സുൽത്താൻ ബത്തേരി തഹസിൽദാർ പ്രശാന്ത്, ഡെപ്യൂട്ടി തഹസിൽദാർ പ്രകാശ്, എ.സി.എഫ് എം. ജോഷിൽ, പൊതുപ്രവർത്തകരായ എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, കെ.ഡി. ഷാജിദാസ്, മനുപ്രസാദ്, ടി.എസ്. ദിലീപ് കുമാർ, മണി പാമ്പനാൽ, ബിന്ദു പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |