
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ രൂപം ധ്യാനിച്ചും നാമം ജപിച്ചും ഭക്തജനങ്ങൾക്ക് പരമമായ ആനന്ദത്തേയും നിർവൃതിയേയും പ്രാപിക്കാമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനകാലത്തിന്റെ ആറാംദിനമായ ഇന്നലെ ഗുരുദേവസ്തുതികളുടെ അനസ്യൂതാലാപനത്തിന് ആമുഖമായി അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
കുമാരനാശാൻ ഗുരുസ്തവത്തിൽ ആഹാ ബഹുലക്ഷം ജനമങ്ങേ തിരുനാമ വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ എന്ന് എഴുതിയിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ ഗുരുദേവന്റെ നാമം ജപിച്ചും രൂപം ധ്യാനിച്ചുപാസിച്ചും വിജയിച്ചു കൊണ്ടിരിക്കുന്നു. .ശ്രീനാരായണ സമൂഹത്തിന് ലഭിച്ചിട്ടുളള എല്ലാ പുരോഗതിക്കും അടിസ്ഥാനപരമായിട്ടുളളത് ഗുരുദേവന്റെ ദിവ്യമായ നാമമാണ്. ആ നാമം കൊണ്ട് സംഘടനാശക്തി വർദ്ധിച്ചു. ആ നാമത്തിന്റെ ലക്ഷ്യം ഈശ്വരീയമാണ്. നാരായണനെന്ന പദം ദൈവികതയെക്കുറിക്കുന്നതാണ്. നാരായണൻ ശ്രീനാരായണഗുരുവായി മാറിയപ്പോൾ പൂർവ്വാശ്രമത്തിലെ നാമം ഗുരു ഉപേക്ഷിച്ചില്ല. ഇത് ഗുരുവിന്റെ ദർശനത്തിന്റെ പ്രത്യേകതയെ സൂചിപ്പിക്കുന്നതാണ്. നരൻ നാരായണനായി ലോകസേവ ചെയ്യണമെന്ന് ഗുരുദർശനം നമ്മെ പഠിപ്പിക്കുന്നുവെന്നും സ്വാമി പറഞ്ഞു.
, രാവിലെ 6.30ന് എസ്.താണുവൻആചാരി കവിതചൊല്ലി ആരംഭം കുറിച്ച ഗുരുദേവ സ്തുതികളുടെ അനസ്യൂതാലാപനം ശ്രീനാരായണ ധർമ്മസംഘം മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, സഹോദരൻ അയ്യപ്പൻ, പളളത്ത് രാമൻ, മറവൂർ ഭാസ്കരൻനായർ, ശ്രീകണ്ഠേശ്വരം പത്മനാഭപിളള, പണ്ഡിറ്റ് കറുപ്പൻ, ചെമ്പത്ത് വേലായുധൻ തുടങ്ങിയവരുടെ കവിതകളാണ് ആലാപനത്തിൽ പങ്കെടുത്ത നൂറ്കണക്കിന് ഗുരുഭക്തർ ചൊല്ലിയത്. ഭക്തരുടെ കണ്ഠങ്ങളിൽ നിന്നും ഉയർന്ന ഗുരുദേവ സ്തുതി ഗീതങ്ങൾ ശിവഗിരിക്കുന്നുകളെ ഭക്തി നിർഭരമാക്കി.സായംസന്ധ്യ വരെ തുടർന്ന പരിപാടിയിൽ മുംബൈ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |