SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.37 PM IST

പ്രതീക്ഷ പകരുന്ന കേരള സ്റ്റോർ

photo

നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട റേഷൻകടകൾ ആധുനികകാലത്തിന് അനുസൃതമായി പരിഷ്‌കരിച്ച് കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കേരള സ്റ്റോർ എന്ന കെ-സ്റ്റോർ പദ്ധതിയെ വലിയൊരുമാറ്റത്തിന്റെ തുടക്കമായിവേണം കാണാൻ. നിലവിലെ റേഷൻകടകളുടെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം തൃശൂരിൽ നിർവഹിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ ആഭിമുഖത്തിൽ ആരംഭിച്ച പദ്ധതി രണ്ടാംവാർഷികം ആഘോഷിക്കുന്ന പിണറായി സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമാണ്.

ആദ്യഘട്ടത്തിൽ 108 റേഷൻ കടകളാണ് കെ - സ്റ്റോറുകളായി മാറ്റുന്നതെങ്കിലും ഈ വർഷം തന്നെ ആയിരത്തിലെത്തും. നിലവിൽ 850 ഓളം റേഷൻവ്യാപാരികൾ പദ്ധതി നടപ്പിലാക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിംഗ്, ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻകടകൾക്കാണ് പദ്ധതിയിൽ മുൻഗണന. അത്യാവശ്യ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ഇടയാക്കുന്ന കെ-സ്റ്റോറുകൾ പൊതുവിതരണരംഗം ശക്തിപ്പെടുത്തുമെന്നതിൽ സംശയമില്ല.

പതിനായിരം രൂപവരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ഉൾപ്പെടയുള്ളവ അടയ്ക്കാവുന്ന യൂട്ടിലിറ്റി പേമെന്റ് സംവിധാനം, ശബരി ഉത്‌പന്നങ്ങളുടെയും മിൽമ ഉത്പ്പന്നങ്ങളുടെയും വിപണനം, അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക സിലിണ്ടറുകളുടെ വിപണനം എന്നിങ്ങനെ സവിശേഷമായ സൗകര്യങ്ങൾ കെ-സ്റ്റോറുകളിലുണ്ടാകും. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉത്പ്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉൾപ്പെടയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉത്പന്നങ്ങൾ ഭാവിയിൽ കെ-സ്റ്റോറിലൂടെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സർക്കാർ പൊതുവിപണിയിൽ ശക്തമായ ഇടപെടൽ നടത്തുമ്പോഴാണ് വിലക്കയറ്റത്തെ പിടിച്ചുനിറുത്താനാവുന്നത്. പ്രതീക്ഷിക്കുന്നതുപോലെ കെ-സ്റ്റോർ പദ്ധതി പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ അത് സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

പൊതുരംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുമായാണ് മന്ത്രി ജി.ആർ.അനിൽ രണ്ടുവർഷം മുമ്പ് ഈ വകുപ്പിന്റെ ചുമതലയിലേക്ക് എത്തിച്ചേർന്നത്. പൊതുജനങ്ങളുമായി നിത്യസമ്പർക്കം ആവശ്യമായ വകുപ്പായതിനാൽ പരാതികളും സ്വാഭാവികമാണ്. എന്നാൽ അവയെല്ലാം പരിഹരിക്കാനും സേവനം കൂടുതൽ സുഗമമായി ലഭ്യമാക്കുംവിധം പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിനെ മാറ്റിയെടുക്കാനും മന്ത്രിയെന്ന നിലയിൽ അനിലിന് കഴിഞ്ഞിട്ടുണ്ടെന്നത് വിസ്മരിക്കാനാവില്ല. ഇപോസ് മെഷീനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ആക്ഷേപങ്ങൾക്ക് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ പരിഹാരം കണ്ടെത്തിയിരുന്നു.

നമ്മുടെ റേഷൻകടകളിൽ വിപ്ളവകരമായ ഒരു പരിവർത്തനം നടത്താൻ കെ-സ്റ്റോറുകൾക്ക് കഴിയും. ഏതൊരു പദ്ധതിയും വിജയകരമാകുന്നത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ്. എന്നാൽ ഏതാനും ജീവനക്കാരുടെ കെടുകാര്യസ്ഥത പദ്ധതികൾ തകിടം മറിക്കും. കെ-സ്റ്റോറുകൾക്ക് ആ ഗതി വരരുത്. ശ്ളാഘനീയമായ ഈ പരിഷ്കാരം ജനങ്ങൾ വലിയ പ്രത്യാശയോടെയാണ് നോക്കിക്കാണുന്നത്. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചവരാതിരിക്കാൻ മന്ത്രിയുടെ നേരിട്ടുള്ള മോണിട്ടറിംഗ് ഈ പദ്ധതിക്കുണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA STORE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.