SignIn
Kerala Kaumudi Online
Saturday, 27 April 2024 3.49 AM IST

മൊബൈൽഫോൺ ബോംബുകളാകാതിരിക്കാൻ ഇക്കാര്യങ്ങൾ കരുതിയിരിക്കുക, ഫോണിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഏത് ഭാഗമെന്ന് അറിയാമോ?

phone

തിരുവില്ല്വാമലയിൽ മൊബെെൽ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചതിനു പിന്നാലെ കോഴിക്കോട് പാന്റ്‌സിന്റെ പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റ വാർത്തയും മൊബൈൽ ഉപയോഗത്തെക്കുറിച്ച് ഭീതി ഉയർത്തിയിട്ടുണ്ട് . റെയിൽവേ കരാർ ജീവനക്കാരനായ യുവാവിന്റെ പോക്കറ്റിൽനിന്ന് പുക ഉയർന്നതിനു പിന്നാലെ ഫോൺ പൊട്ടിത്തെറിച്ച് തീപടർന്ന് പൊള്ളലേൽക്കുകയായിരുന്നു.

നടക്കാൻ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വാർദ്ധക്യത്തിലെത്തിയവർ വരെ രാവും പകലും മൊബെെലിനെ കൂടെക്കൂട്ടുന്നു.

തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയുടെ ദാരുണാന്ത്യം രാത്രി പത്തരയോടെയായിരുന്നു. ആ സംഭവത്തിൽ നടന്നത് 'കെമിക്കൽ ബ്‌ളാസ്റ്റ്' ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്റെ ബാറ്ററി ചൂടായി ബാറ്ററിയിലെ രാസവസ്തുക്കൾ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ബാറ്ററിയിലെ രാസവസ്തുക്കൾക്ക് അപൂർവമായി രാസമാറ്റം വന്നാണ് ഇത് സംഭവിക്കുന്നത്.

'ബോംബയിൽ" എന്ന കെമിക്കൽ എക്‌സ്‌പ്ലോഷൻ പ്രതിഭാസമാണിതെന്ന് പറയുന്നു. തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറ് കൊണ്ടോ ഫോൺ ചൂടാകുന്നതാണ് ബോംബയിൽ പ്രതിഭാസത്തിലേക്ക് നയിക്കുന്നത്. ബാറ്ററിയിലെ ലിഥിയം അയോണിന് സംഭവിക്കുന്ന രാസമാറ്റമാണ് അപകടകാരണം. വെടിയുണ്ട കണക്കേ ഫോണിൽനിന്ന് ഇത് പുറത്തേക്ക് ചിതറും. ഡിസ്‌പ്ലേ തകർന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഫോണിന് തകരാർ കാണുന്നുണ്ടായിരുന്നില്ല. ബോംബയിൽ എന്ന പ്രതിഭാസം മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. കുട്ടിയുടെ മുഖത്തും തലയിലും ഗുരുതരമായി പരുക്കേറ്റിരുന്നു. കൊറിയർ സ്ഥാപനം നടത്തിവരുന്ന മാതാപിതാക്കൾ സാധാരണ രാത്രി വൈകിയാണ് വീട്ടിലെത്താറുള്ളത്. മുത്തശ്ശി ഭക്ഷണമെടുക്കാനായി അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു അപകടം. കിടന്നു കൊണ്ട് മൊബെെൽ കാണുന്നതിനിടെ മൊബൈൽ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആദിത്യശ്രീയുടെ അച്ഛന്റെ മാലിദ്വീപിൽ ജോലിയുള്ള സഹോദരൻ മൂന്ന് വർഷം മുമ്പ് പാലക്കാട് നിന്ന് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം അവിടെ ചെന്നു തന്നെ ബാറ്ററി മാറ്റിയിരുന്നു. സ്ഫോടന ശബ്ദം അമ്പതുമീറ്റർ അകലം വരെ കേട്ടിരുന്നു.

മൊബൈലിൽ കണ്ണ് വേണം

മൊബൈൽ ഉപയോഗിക്കുമ്പോൾ കരുതൽ വേണമെന്ന് തൃശൂർ ഗവ. എൻജി.കോളേജ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലെ പ്രൊഫസർ ഡോ.എ.ആർ.ജയൻ പറയുന്നു. ചെറിയ ഏരിയയിൽ ബാറ്ററി, പ്രോസസ്സർ , ചാർജർ, ഡിസ്‌പ്ലേ തുടങ്ങിയ ഘടകങ്ങൾ മൊബൈൽ ഫോണിലുണ്ട്. ബാറ്ററി വളരെ പ്രധാനമാണ്. ചാർജിംഗ് / ഡിസ്ചാർജിംഗ് തുടരെ ചെയ്യുന്നത്, മറ്റു ബാറ്ററികൾ ഉപയോഗിക്കുന്നത്, ബാറ്ററിക്ക് അനുയോജ്യമല്ലാത്ത ചാർജർ ഉപയോഗിക്കുന്നത്, എന്നിവ സ്ഥിരമായ വ്യതാസങ്ങൾ ഉണ്ടാക്കും. ഉയർന്ന ചൂടുള്ള ഫോണിനകത്ത് കൂടുതൽ പവർ ആവശ്യമുള്ള ആപ്ളിക്കേഷൻസ് ഉപയോഗിക്കുമ്പോഴും കൂടുതൽ സമയം തുടർച്ചയായി ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്ന ഉയർന്ന ചൂട് കാരണം ബാറ്ററി പൊട്ടിത്തെറിക്കാം. കെെയിലും തല, ചെവി, കണ്ണുകൾ എന്നീ ഭാഗങ്ങളോട് ചേർത്തും വയ്ക്കുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുമ്പോൾ നേരിട്ട് ഏൽക്കുന്ന ഷോക്ക്, അപകടകരമാകും. തുടർച്ചയായ മൊബൈൽ ഉപയോഗം കുറക്കുകയും കമ്പനി നിഷ്‌കർഷിക്കുന്ന സ്പെസിഫിക്കേഷൻ ഉള്ള ബാറ്ററി, ചാർജർ എന്നിവ ഉപയോഗിക്കുകയും ചെയ്യണം. അധികം ചൂട് ശ്രദ്ധയിൽ പെട്ടാൽ സർവീസ് സെന്ററിൽ പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു.

phone1

ഫോൺ ഉപയോഗം നിയന്ത്രിക്കാം

കുട്ടികളെ സ്മാർട്ട് ഫോണുകളിൽ നിന്നും അകറ്റി നിറുത്താൻ പ്രയാസമാണെങ്കിലും ചില മുൻകരുതലുകൾ എടുക്കാനാകും. അദ്ധ്യയനത്തിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ പഠനത്തിൽ ​ഗുണകരമായ സ്വാധീനമുണ്ടായെങ്കിലും ദോഷവശങ്ങളും ഏറെയാണ്. മൊബൈൽ അഡിക്‌ഷൻ വ്യക്തിത്വത്തേയും ബാധിക്കുന്നുണ്ട്. തെറ്റായ ശീലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുങ്ങുന്നുമുണ്ട്. വായനാശീലം വളർത്തിയെടുക്കാൻ ആകാംക്ഷയുണ്ടാക്കുന്ന കഥകളും കവിതകളും കുട്ടികൾക്ക് വായിച്ചുകൊടുത്താൽ കുറേയൊക്കെ അവരെ മാറ്റാനാകുമെന്ന് തൃശൂരിലെ പ്രശസ്ത മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ.പി.കെ.സുകുമാരൻ പറയുന്നു. പകൽനേരം ഇൻഡോർ ​കളികൾക്കും വൈകിട്ട് ഔട്ട്ഡോർ കളികൾക്കും അവസരമുണ്ടാക്കുന്നത് വളരെ നല്ലതാണ്. ഔട്ട്ഡോർ കളികളാണ് ശരീരത്തിനും മനസ്സിനും ഏറെ ഗുണകരം. മാതാപിതാക്കളും കളികളിൽ ഒപ്പം കൂടുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യണം. മൊബൈൽ ഉപയോഗത്തിന് കൃത്യമായ ടൈം‌ടേബിൾ തയ്യാറാക്കി നിശ്ചിതസമയം മാത്രം നൽകുക.

ബാറ്ററിയും ചാർജറും
സ്മാർട്ട് ഫോണുകളുടെ സുരക്ഷയിൽ ഏറ്റവും ശ്രദ്ധവേണ്ടത് ബാറ്ററിയിലാണ്. ലിഥിയം അയോൺ ബാറ്ററികളാണിവ. ഫോണിന്റെ സുരക്ഷയിൽ ചാർജർ വലിയ പങ്കുവഹിക്കുന്നുണ്ട്. വലിയ വിലകൊടുത്ത് വാങ്ങുന്ന ഫോണിന് വിലകുറഞ്ഞ ചാർജറാണ് പലരും ഉപയോഗിക്കുന്നത്. പലപ്പോഴും അപകടത്തിനു കാരണവും ഇതാണ്. ഓരോ മോഡൽ ഫോണിനും ചാർജിംഗിന് വ്യത്യസ്ത വോൾട്ടേജ് ആയിരിക്കും. വിലകുറഞ്ഞ ചാർജർ പലപ്പോഴും നിലവാരം പുലർത്താറില്ല. അത് ഫോണിന്റെ ബാറ്ററി ലൈഫ് കുറയ്‌ക്കുകയും ചെയ്യും. ഫോൺ പ്രവർത്തനത്തെയും കാര്യമായി ബാധിക്കും. ഫോൺ അമിതമായി ചൂടാകാനും കാലക്രമേണ ബാറ്ററി വീർത്ത് അപകടമുണ്ടാകാനും കാരണമാകുന്നു.സ്മാർട്ട് ഫോണുകൾക്ക് ഉൾകൊള്ളാവുന്ന ചൂട് 35 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ്. നമ്മുടെ അന്തരീക്ഷ താപനില ഇതിനടുത്ത് വരുന്ന സമയവുമുണ്ട്.

സ്മാർട്ട് ഫോണുകളിൽ സാൻഡ്‌വിച്ച് സർക്യൂട്ട് ബോർഡാണ് ഉപയോഗിക്കുന്നത്. അമിതമായി ചൂടാവുമ്പോൾ അവയിൽ സോൾഡറിംഗ് ഉരുകുകയും ഷോർട്ട് സർക്യൂട്ടിന് ഇടയാവുകയും ചെയ്യും. കഴിവതും ഫോൺ അമിതമായി ചൂടായിരിക്കുമ്പോഴും ചാർജ്ജ് ചെയ്യുമ്പോഴും ഉപയോഗിക്കാതിരിക്കുക.


ബാറ്ററിക്ക് വരുന്ന ക്ഷതവും പൊട്ടിത്തെറിക്ക് വഴിവച്ചേക്കാം. ബാറ്ററി കാലഹരണപ്പെടുമ്പോഴോ ചൂട് അമിതമാകുമ്പോഴോ പൊട്ടിത്തെറിക്ക് സാദ്ധ്യത കൂടുതലാണ്. ഫോൺ താഴെ വീഴുമ്പോഴും കൂടുതൽ ശ്രദ്ധ കൊടുക്കണം. ചൂട് കൂടുതലുള്ള ഇടങ്ങളിൽ ഫോൺ സൂക്ഷിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തണം.

ഇനി ഒരാൾക്കും ഈ ദുരന്തം ഉണ്ടാവരുത്


ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള കരുതൽ വേണമെന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ച ആദിത്യശ്രീയുടെ അച്ഛൻ അശോക് കുമാർ പറയുന്നു. 2022 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ സർവീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയത്. സംഭവം നടക്കുന്ന ദിവസം അഞ്ചുമണിക്കാണ് ഫോൺ ചാർജിലിട്ടത്. അതിന് ശേഷമാണ് മകൾ ഫോൺ കളിക്കാനായി എടുത്തത്. മകളുടെ അവസ്ഥ ഇനിയാർക്കും ഇതു വരരുത്. സമൂഹം ഇതിനെക്കുറിച്ച് ബോധവാന്മാരാകണമെന്നും അശോക് കുമാർ പറയുന്നു. വീട്ടിൽനിന്ന് രാത്രി പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെങ്കിലും, പടക്കം പൊട്ടിക്കുന്നുവെന്നാണെന്ന് ആദ്യം കരുതിയതെന്നാണ് അയൽക്കാർ പറയുന്നത്. പിന്നീട് വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തുമ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കാണുന്നത്. കുട്ടിയുടെ മുഖത്തും വലതു കയ്യിലും ഗുരുതരമായ പരിക്കുകളേറ്റിരുന്നു. ദുരന്തം ആവർത്തിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും മൊബെെൽ കമ്പനികളും മുൻകരുതലും നിയന്ത്രണങ്ങളും എടുത്തേ തീരൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOBILE POHNE, EXPLOTATION, CAUSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.