തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ നാളെ അഴിമതിക്കും ജനദ്രോഹത്തിനുമെതിരെ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയും. സർക്കാരിനെതിരായ കുറ്റപത്രവും ജനസമക്ഷം സമർപ്പിക്കും. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 7ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റുകൾ വളയും. 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവരും 9 ന് ഇടുക്കി, എറണാകുളം ജില്ലക്കാരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരക്കും.
10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും. കെ.സുധാകരൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ഷിബു ബേബിജോൺ, എം.കെ.പ്രേമചന്ദ്രൻ, സി.പി.ജോൺ, പി.എം.എ സലാം, എം.കെ.മുനീർ, ജി.ദേവരാജൻ, എ.രാജൻ ബാബു, ജോൺ ജോൺ എന്നിവരും എം.പിമാരും, എം.എൽ.എമാരും പങ്കെടുക്കും.
വിലക്കയറ്റം നിയന്ത്രിക്കുക, പെൻഷൻ കുടിശിക നൽകുക, നികുതി വർദ്ധന പിൻവലിക്കുക, എ.ഐ ക്യാമറ അഴിമതിയിൽ ജുഡിഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
വാഹനങ്ങൾക്ക് ക്രമീകരണം
എൻ.എച്ചിലൂടെ വരുന്ന വാഹനങ്ങൾ ചാക്ക വഴി ആശാൻ സ്ക്വയറിലെത്തി പ്രവർത്തകരെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസിൽ പാർക്ക് ചെയ്യണം
എം.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ബൈപാസ് വഴി ആശാൻ സ്ക്വയറിലെത്തി പ്രവർത്തകരെ ഇറക്കി ഈഞ്ചയ്ക്കലിൽ പാർക്കു ചെയ്യണം
യൂത്ത് കോൺ. സംസ്ഥാന
സമ്മേളനം തൃശൂരിൽ
▪︎25ന് ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനം
▪︎പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം തൃശൂരിൽ 23 മുതൽ 26 വരെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല എന്ന പ്രമേയത്തിൽ ഊന്നിയാണ് സമ്മേളനം .
21ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ രക്തസാക്ഷി ഛായാചിത്രജാഥ കാസർകോട് പെരിയയിൽ നിന്നാരംഭിക്കും. 22ന് തിരുവനന്തപുരത്ത് നിന്ന് വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരിനാഥ്, എസ്.എം ബാലു എന്നിവർ നയിക്കുന്ന പതാക ജാഥ പുറപ്പെടും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ് നുസൂർ, എസ്.ജെ പ്രേംരാജ് എന്നിവർ നയിക്കുന്ന കൊടിമര ജാഥ വൈക്കത്ത് നിന്നാരംഭിക്കും. 23ന് വൈകീട്ട് തൃശൂർ നഗരത്തിൽ മൂന്ന് യാത്രകളും സമാപിക്കും. സാംസ്കാരിക സംഗമം 22ന് നടക്കും. 24ന് വൈകീട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന കുടുംബസംഗമം പുഴയോരം ഗാർഡൻസിൽ നടക്കും. 25ന് വൈകിട്ട് മൂന്നിന് ലക്ഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന റാലി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിക്കും. വൈകിട്ട് പൊതുസമ്മേളനം തേക്കിൻകാട് മൈതാനിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. 26ന് പ്രതിനിധി സമ്മേളനം തൃശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിൽ നടക്കും. 20ന് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിക്കും.
കർണാടകയിൽ മികച്ചഭരണം
സാദ്ധ്യമാവും: കെ.സുധാകരൻ
തിരുവനന്തപുരം:ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്ന മികച്ച ഭരണം കർണാടകയിൽ സാദ്ധ്യമാവുമെന്ന് എല്ലാ മതേതരവിശ്വാസികളും പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ബി.ജെ.പിയുടെ വർഗീയ ഫാസിസ്റ്റ് ഭരണത്തെ തെക്കേ ഇന്ത്യയിൽ നിന്ന് തുടച്ചുമാറ്റി ജനാധിപത്യ മതേതര സർക്കാരിന്റെ സാരഥ്യം ഏറ്റെടുക്കുന്ന നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും എല്ലാ ആശംസകളും നേരുന്നതായും സുധാകരൻ പറഞ്ഞു.
ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തുന്ന ജനവിധിയാണ് കന്നട ജനത കോൺഗ്രസിന് സമ്മാനിച്ചത്. അവരോട് നീതിപുലർത്തി ഉചിതമായ വ്യക്തിയെ തന്നെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കുന്നത്. കർണാടകയിലേത് കൂട്ടായ്മയുടെയും ഐക്യത്തിന്റെയും വിജയമാണ്. പി.സി.സി അഅദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സംഘടനാപാടവവും പ്രവർത്തനമികവും സിദ്ധരാമയ്യയുടെ ഭരണനൈപുണ്യവും ചേരുമ്പോൾ അഴിമതിരഹിത സുസ്ഥിരവികസനം യാഥാർത്ഥ്യമാകും.
സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്താൽ വിഷലിപ്തമായ കന്നട മണ്ണിൽ മതസൗഹാർദ്ദവും ബഹുസ്വരതയും ഐക്യവും സമാധാനവും പുനഃസ്ഥാപിച്ച് മികച്ച ഭരണം നടത്താൻ സിദ്ധരാമയ്യ സർക്കാരിന് കഴിയട്ടെയെന്നും സുധാകരൻ ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |