ശബരിമല: ഇടവ മാസ പൂജകളുടെ സമാപന ദിനമായ ഇന്നലെ സന്നിധാനം അഭിഷേക നിറവിലായി. രാവിലെ പതിവ് പൂജകൾക്കും ഗണപതിഹോമത്തിനും ശേഷം നെയ്യഭിഷേകം ആരംഭിച്ചു. തുടർന്ന് അഷ്ടാഭിഷേകവും തേനഭിഷേകവും പാലഭിഷേകവും നടത്തി. വിശേഷാൽ സഹസ്രകലശാഭിഷേകത്തിനുശേഷം കളഭാഭിഷേകം നടന്നു. ലക്ഷാർച്ചനയുടെ ഭാഗമായി പൂജിച്ച ഭസ്മകലശവുമായുള്ള ക്ഷേത്രപ്രദക്ഷിണത്തിനുശേഷം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം നടത്തി.
വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം പുഷ്പാഭിഷേകം ആരംഭിച്ചു. അത്താഴപൂജയ്ക്ക് തൊട്ടു മുമ്പ് വരെ പുഷ്പാഭിഷേകം തുടർന്നു. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ നടന്ന പടിപൂജ ദർശിക്കാൻ താഴെ തിരുമുറ്റത്ത് ഭക്തജനങ്ങൾ തിങ്ങിനിറഞ്ഞു. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം മേൽശാന്തിയുടെ നേതൃത്വത്തിൽ ഭഗവതിസേവ നടന്നു.
ഇടവമാസപൂജകൾ പൂർത്തിയാക്കി രാത്രി 10ന് അയ്യപ്പസ്വാമിയെ ഭസ്മാഭിഷിക്തനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കി. തുടർന്ന് തന്ത്രി കണ്ഠരര് മേഹേഷ് മോഹനര്, മേൽശാന്തി വി. ജയരാമൻ നമ്പൂതിരി, കീഴ്ശാന്തി ശ്രീകാന്ത് നമ്പൂതിരി എന്നിവർ ചേർന്ന് ഹരിവരാസനം പാടി ശ്രീലകത്തെ വിളക്കുകൾ ഓരോന്നായി അണച്ച് പിന്നോട്ടിറങ്ങി നടയടച്ചു.
പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് വീണ്ടും നടതുറക്കും. അത്തം നക്ഷത്രദിനമായ 30നാണ് പ്രതിഷ്ഠാദിനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |