തിരുവനന്തപുരം: ഡിസ്റ്രിലറികൾക്ക് ബെവ്കോ വെയർ ഹൗസുകളിൽ മദ്യമെത്തിക്കാനുള്ള പെർമിറ്റ് ഓൺലൈനാക്കി. വെയർഹൗസുകളിൽ ലോഡ് എത്തിക്കുന്നതിലെ കാലതാമസം ഇതോടെ ഒഴിവാകും. ജനപ്രിയ ബ്രാൻഡുകൾക്ക് ക്ഷാമവും തീരും.
തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിന് 60 പെർമിറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകി. ബുധനാഴ്ച മുതൽ എല്ലാ ഡിസ്റ്റിലറികളെയും ഓൺലൈൻ സംവിധാനത്തിലാക്കും.
ഡിസ്റ്റിലറികൾക്ക് പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് പെർമിറ്റിന് അപേക്ഷിക്കാം. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഡിജിറ്റൽ സിഗ്നേച്ചർ വഴി അനുമതി നൽകും.
വിവിധ ബ്രാൻഡുകളിലെ ശരാശരി 70,000 കെയ്സ് (6.3 ലക്ഷം ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ബെവ്കോ പ്രതിദിനം വിൽക്കുന്നത്. 26 വെയർഹൗസുകളിൽ നിന്നാണ് ചില്ലറവില്പനശാലകൾക്കും ബാറുകൾക്കും മദ്യം നൽകുന്നത്.
നിലവിലെ രീതി
ഓരോ കമ്പനിയുടെയും പ്രതിനിധി ബെവ്കോ ആസ്ഥാനത്തെത്തി അപേക്ഷ നൽകണം. ബെവ്കോ ഇത് അനുവദിച്ചാൽ ആസ്ഥാനത്തുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അനുമതി നൽകും. 720 കെയ്സാണ് (ഒരു ലോഡ്) ഒരു പെർമിറ്റ്. ഡിസ്റ്റിലറികളിലെ എക്സൈസ് ഇൻസ്പെക്ടറുടെ പരിശോധനയോടെയാണ് മദ്യം വെയർഹൗസുകളിലേക്ക് കൊണ്ടുപോകുന്നത്.
വില്പന ദിവസവും
ആസ്ഥാനത്തറിയും
270 ചില്ലറവില്പന ശാലകളിലെയും ബില്ലിംഗ് ബെവ്കോ ആസ്ഥാനവുമായി ബന്ധിപ്പിച്ചു. ഓരോ ഷോപ്പിലെയും ലഭ്യതയും ഓരോ ദിവസത്തെ വില്പനയും അറിയാനാണിത്
രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായുള്ള ഇ -കണക്റ്റ് എന്ന സ്ഥാപനത്തിനാണ് കമ്പ്യൂട്ടർവത്കരണത്തിന്റെ കരാർ. ഇത് അവസാന ഘട്ടത്തിലായി
70,000 കെയ്സ്
പ്രതിദിനം വിൽക്കുന്ന മദ്യം
55,000 കെയ്സ്
കേരളത്തിലെ ഡിസ്റ്റിലറികളുടെ പങ്ക്
18
സംസ്ഥാനത്തെ ഡിസ്റ്റിലറികൾ
മദ്യവിതരണം കുറ്റമറ്റതാക്കാൻ കെയ്സുകളിലും കുപ്പികളിലും സെക്യൂരിറ്റി ലേബൽ ജൂണിൽ ഏർപ്പെടുത്തും
യോഗേഷ്ഗുപ്ത,
ചെയർമാൻ, ബെവ്കോ
തീരദേശങ്ങളിൽ അനധികൃത മദ്യം:
പരിശോധന കടുപ്പിക്കാൻ ബെവ്കോ
തിരുവനന്തപുരം: തീരദേശങ്ങളിലെ ബിവറേജസ് ഔട്ടലെറ്റുകളിൽ വ്യാജമദ്യം വിൽക്കുന്നതായി വിജിലൻസ് കണ്ടെത്തിയതോടെ ഇവിടങ്ങളിൽ അനധികൃത മദ്യം എത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ വെയർഹൗസുകൾക്കും ഔട്ട്ലെറ്റുകൾക്കും എം.ഡി നിർദ്ദേശം നൽകി. തിരുവനന്തപുരം, കാസർകോട് ജില്ലകളിലുൾപ്പെടെയുള്ള തീരദേശ ഷോപ്പുകളിലാണ് സെക്കൻഡ്സ് മദ്യവിൽപന കണ്ടെത്തിയത്.
തീരമേഖലയിൽ അമ്പതോളം ഔട്ട്ലെറ്റുകളഉണ്ട്. വില കുറഞ്ഞ മദ്യത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്. ഇത്തരം മദ്യത്തിന് ക്ഷാമമുള്ളതിനാൽ വ്യാജമദ്യ വിൽപനയ്ക്ക് സാദ്ധ്യതയുണ്ടെന്ന് വിജിലൻസ് പറയുന്നു. രണ്ടുരീതിയിലാണ് വ്യാജമദ്യം എത്താനുള്ള സാദ്ധ്യത. പുറമേനിന്ന് സ്പിരിറ്റ് വാങ്ങി വ്യാജമദ്യം ഉണ്ടാക്കി ലേബൽ പതിച്ച് കുപ്പിയിലാക്കി വിൽക്കുക., അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് നികുതി വെട്ടിച്ച് ഡിസ്റ്റിലറി നിർമ്മിത വിദേശമദ്യം എത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |