SignIn
Kerala Kaumudi Online
Friday, 26 April 2024 5.14 PM IST

കോൺഗ്രസിന്റെ തിരിച്ചുവരവ്

rahul-gandhi-mallikarjun-

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സമംഗളം നടന്നു. പ്രതീക്ഷിച്ചതുപോലെ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിച്ചു. നാലുവർഷം സംസ്ഥാനം അടക്കിഭരിച്ച ബി.ജെ.പിക്ക് നേർപകുതി സീറ്റുകൾ പോലും നേടാൻ കഴിഞ്ഞില്ല. ജനതാദൾ സെക്യുലറിന്റെ കാര്യം അതിലും ദയനീയമായി. കിംഗ് മേക്കറാകാൻ കൊതിച്ച എച്ച്.ഡി കുമാരസ്വാമി ഒരു ഹാസ്യകഥാപാത്രമായി പരിണമിച്ചു. കോൺഗ്രസ് ജയിച്ചു എന്നതിനേക്കാൾ ബി.ജെ.പി തോറ്റു എന്നതാണ് പരമാർത്ഥം. അഴിമതി, കെടുകാര്യസ്ഥത, സമുദായ പ്രീണനം, അവയെ മറികടക്കാൻ വർഗീയ ധ്രുവീകരണം - ഇതായിരുന്നു ബി.ജെ.പി അജൻഡ. ഹിജാബ് നിരോധനവും 'കേരള സ്റ്റോറി'യും മുസ്ളിങ്ങളുടെ നാലുശതമാനം സംവരണം റദ്ദാക്കലും അഴിമതിക്കും ദുർഭരണത്തിനും മറുമരുന്നല്ലെന്ന് കന്നട ജനത തെളിയിച്ചു. സംവരണാനുകൂല്യത്തിൽ രണ്ടുശതമാനം വർദ്ധന ലഭിച്ചിട്ടും ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ ബി.ജെ.പിയെ കൈയൊഴിഞ്ഞു. ജനപിന്തുണയും സമുദായ പിന്തുണയുമുള്ള ബി.എസ്. യദ്യൂരപ്പയെ മാറ്റി ബസവരാജ ബൊമ്മയെ നൂലിൽ കെട്ടിയിറക്കിയ അമിത് ഷായ്ക്കും പിഴച്ചു. ലിംഗായത്ത് സമുദായക്കാരനെങ്കിലും ബൊമ്മയെ പിന്തുണയ്ക്കാൻ ലിംഗായത്ത് മഠങ്ങളോ സമുദായ നേതാക്കളോ തയ്യാറായില്ല. 2008 ൽ മാത്രം പാർട്ടിയിൽ ചേർന്ന ബസവരാജിന് ബി.ജെ.പിയിൽ കാര്യമായ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല ; മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മയുടെ മകനെന്ന മേൽവിലാസമേ ആകെയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് ഭരണനൈപുണ്യം തീരെയുണ്ടായിരുന്നില്ല. സഹപ്രവർത്തകരെ ഏകോപിപ്പിച്ചു കൊണ്ടുപോകാൻ കഴിഞ്ഞില്ല. അങ്ങനെ എല്ലാ വിധത്തിലും ഭരണം പരമ പരാജയമായി മാറി. ഭരണപരാജയത്തെ മറികടക്കാൻ നരേന്ദ്രമോദിയും അമിത് ഷായും നയിച്ച ഹൈ വോൾട്ടേജ് പ്രചാരണത്തിനും കഴിഞ്ഞില്ല. അങ്ങനെ അനിവാര്യമായ പരാജയം പാർട്ടി ഏറ്റുവാങ്ങി. ബംഗളൂരു നഗരപരിധിയിലും ഹിന്ദു - മുസ്ളിം സംഘർഷം തുടർക്കഥയായ തീരദേശത്തും മാത്രമാണ് ബി.ജെ.പിക്ക് കുറച്ചെങ്കിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. മറ്റെല്ലാ മേഖലകളും അവരെ കൈവിട്ടു.

മറുഭാഗത്ത് കോൺഗ്രസ് പതിവിലും നേരത്തെ മുന്നൊരുക്കം പൂർത്തിയാക്കി. പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അഭിപ്രായവ്യത്യാസങ്ങൾ തത്കാലത്തേക്കെങ്കിലും പറഞ്ഞൊതുക്കി. സ്ഥാനാർത്ഥികളെ മുൻകൂട്ടി തീരുമാനിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും മുന്നിൽ നിന്ന് പ്രചാരണം നയിച്ചു. ബി.ജെ.പിയോടു കിടപിടിക്കുന്ന രീതിയിൽ പണം ഒഴുക്കാനും കോൺഗ്രസിനു സാധിച്ചു. അഭിപ്രായ വോട്ടെടുപ്പുകളും അവര തുണച്ചു. അതിലുപരി ജഗദീഷ് ഷെട്ടാർ അടക്കം കൂടുവിട്ടു കൂടുമാറിയത് മനഃശാസ്ത്രപരമായ മുൻതൂക്കം നൽകി. ക്രിസ്ത്യൻ, മുസ്ളിം വോട്ടുകൾ പൂർണമായും കൈപ്പത്തിയിലേക്ക് ഒഴുകി. എല്ലാ ഘടകങ്ങളും അവർക്ക് അനുകൂലമായി. അങ്ങനെ കേവല ഭൂരിപക്ഷം നേടാനും ഭരണമുറപ്പിക്കാനും കോൺഗ്രസിനു കഴിഞ്ഞു. തൂക്കു നിയമസഭയായിരുന്നെങ്കിൽ മുമ്പ് ഗോവയിലും മറ്റും സംഭവിച്ചതുപോലെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ഭരണം പിടിക്കുമായിരുന്നു. മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ നടന്ന പിടിവലിയും ചക്കളത്തിപ്പോരാട്ടവും വിജയത്തിന്റെ ശോഭ ഒട്ടൊന്നു കുറച്ചുവെന്നത് സത്യമാണ്. എങ്കിൽപോലും കർണാടകയിലെ വിജയം കോൺഗ്രസിന് പുതിയൊരു ഊർജ്ജം പകർന്നു നൽകിയെന്നു മാത്രമല്ല രാജ്യത്തെമ്പാടും ബി.ജെ.പി വിരുദ്ധ ശക്തികൾക്ക് പുത്തൻ ഉണർവും പ്രദാനം ചെയ്തു. കോൺഗ്രസിതര, ബി.ജെ.പി വിരുദ്ധ പാർട്ടികളൊക്കെ കർണാടകത്തിലെ തിരഞ്ഞെടുപ്പുഫലത്തെ സഹർഷം സ്വാഗതം ചെയ്തു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ഒരിക്കൽകൂടി ജീവൻവച്ചു. സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ വേദിയിൽ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ കേളികൊട്ട് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വർഷം അവസാനം രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു നടക്കും. നാലിടത്തും കോൺഗ്രസ് പ്രബല ശക്തിയാണ്. തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ഭാരതീയ രാഷ്ട്രസമിതിയാണ് പ്രധാന എതിരാളി. മറ്റു മൂന്നിടത്തും ഭാരതീയ ജനതാ പാർട്ടിയുമായി നേരിട്ടുള്ള പോരാട്ടമാണ്. നാലിടത്തും നല്ല പ്രകടനം കാഴ്ച വയ്‌ക്കാൻ കഴിഞ്ഞാൽ കോൺഗ്രസ് വീണ്ടും ദേശീയ ബദലായി സ്ഥാനം പിടിക്കും. ഇടതുപക്ഷ പാർട്ടികൾ കൂടിയും കോൺഗ്രസിന്റെ മേൽക്കോയ്മ അംഗീകരിക്കാൻ നിർബന്ധിതമാകും. നിലവിൽ സഖ്യകക്ഷികളായ എൻ.സി.പി, ഡി.എം.കെ, ആർ.ജെ.ഡി, മുസ്ളിം ലീഗ് എന്നിവയ്‌ക്കൊപ്പം ഒരുപക്ഷേ തൃണമൂൽ കോൺഗ്രസും വൈ.എസ്.ആർ കോൺഗ്രസും കൂടി ചേരാൻ സാദ്ധ്യതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിൽ പോലും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാൻ അതു ധാരാളം മതിയാകും. ഇപ്പോഴുള്ള സഖ്യകക്ഷികളെ ഉറപ്പിച്ചു നിറുത്താനും പുതിയവയെ കൂടാരത്തിലേക്ക് നയിച്ചു കൊണ്ടുവരാനും കോൺഗ്രസ് ഹൈക്കമാൻഡ് മെയ്‌വഴക്കവും ഇച്ഛാശക്തിയും പ്രകടിപ്പിക്കണം. അല്ലാത്തിടത്തോളം കർണാടകയിലെ വിജയം അപ്രസക്തമായി മാറും.

2018 ൽ ജനതാദൾ (എസ്) നു മുഖ്യമന്ത്രിസ്ഥാനം നൽകി കർണാടക ഭരണം പിടിച്ചപ്പോഴും തുടർന്ന് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഢ് സംസ്ഥാനങ്ങളിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയപ്പോഴും കോൺഗ്രസിന് ഇതുപോലെ ആത്മവിശ്വാസം തോന്നിയിരുന്നു. പക്ഷേ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സഖ്യമുണ്ടാക്കി കോൺഗ്രസിനെ ഒറ്റപ്പെടുത്തിയപ്പോൾ ആ പ്രതീക്ഷകൾ പൊലിഞ്ഞു. കോൺഗ്രസുമായി സഖ്യം ചെയ്യാൻ ഇടതുപക്ഷ പാർട്ടികളും ബിജു ജനതാദൾ, തൃണമൂൽ കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി, വൈ.എസ്.ആർ കോൺഗ്രസ് എന്നിങ്ങനെയുള്ള പ്രബല പ്രാദേശിക പാർട്ടികളും വിസമ്മതിച്ചു. അങ്ങനെ പ്രതിപക്ഷ വോട്ടുകൾ ചിന്നിച്ചിതറി. അതിനു പുറമേ പുൽവാമ ആക്രമണവും ബാലക്കോട്ട് പ്രത്യാക്രമണവും ചേർന്നു സൃഷ്ടിച്ച തീവ്രദേശീയ വികാരവും കൂടി ചേർന്നപ്പോൾ 2019 ലെ പൊതുതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വളരെ എളുപ്പമായി. 2019 ലെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിയുമോ എന്നിടത്താണ് 2024 നെക്കുറിച്ചുള്ള പ്രത്യാശയും നിലകൊള്ളുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.