ന്യൂഡൽഹി: ഡൽഹിയിൽ അധികാരത്തർക്കം മുറുകുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആം ആദ്മി സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച നിതീഷ് കുമാർ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ബി.ജെ.പിക്കെതിരെ അണിനിരത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ആവർത്തിച്ചു. ഡൽഹി സർക്കാരുമായുള്ള അധികാരത്തർക്കത്തെ തുടർന്ന് കേന്ദ്രം ഓർഡിനൻസ് ഇറക്കിയതിനു പിന്നാലെയാണ് നീക്കം. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് എങ്ങനെ അധികാരം തട്ടിയെടുക്കാനാകുമെന്ന് നിതീഷ് കുമാർ കേന്ദ്ര നീക്കത്തിനെതിരെ പ്രതികരിച്ചു. സുപ്രീകോടതി ഡൽഹി സർക്കാരിന് പ്രവർത്തിക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്. നിങ്ങൾക്കത് എങ്ങനെ എടുത്തുകളയാനാകും. ഇത് ആശ്ചര്യമുണ്ടാക്കുന്നു. ഞങ്ങൾ സർക്കാരിനൊപ്പമുണ്ട്. കൂടുതൽ യോഗങ്ങൾ നടത്തും. കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നെന്നും നിതീഷ് കുമാർ പറഞ്ഞു. ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
രണ്ടാഴ്ചയ്ക്കകം പ്രതിപക്ഷ നിരയെ അണിനിരത്തിക്കൊണ്ട് ശക്തി പ്രകടനത്തിനൊരുങ്ങുന്ന നിതീഷ് കുമാർ പാട്നയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുന്നതിനു മുന്നോടിയായാണ് കേജ‌്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത്.
സർക്കാരിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് മറികടന്ന് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കേജ്‌രിവാൾ ഈ വിഷയത്തിൽ നിതീഷ് കുമാർ തനിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ഒന്നിച്ചു പോരാടുമെന്നും പറഞ്ഞു.
ഓർഡിനൻസിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടിയ കേജ്‌രിവാൾ, ഓർഡിനൻസ് രാജ്യസഭയിൽ ബില്ലിന്റെ രൂപത്തിൽ എത്തുമ്പോൾ പ്രതിപക്ഷം പരാജയപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ പരാജയപ്പെടുത്തിയാൽ 2024ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലാകും ഇത്. 2024ൽ ബി.ജെ.പി അധികാരത്തിൽ വരുന്നതിനെ തടയാൻ കഴിയും. ബി.ജെ.പിക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന സന്ദേശം രാജ്യത്തുടനീളം എത്തിക്കും. പിന്തുണയ്ക്കായി പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി സമീപിക്കുമെന്നും യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ച കേജ്‌രിവാൾ പറഞ്ഞു.
ചൊവ്വാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി നേതാവ് ശരദ് യാദവ് എന്നിവരുമായും ഉടൻ കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |