ബ്രസീലിയ : കൊവിഡ് 19 മഹാമാരി ലോകത്ത് വിതച്ച ഭീകരത നമുക്ക് മറക്കാനാകില്ല. കൊവിഡിനെ പോലെ മറ്റൊരു മഹാമാരി ലോകത്ത് ആവർത്തിച്ചേക്കാമെന്നും അതിനായി മുൻകരുതലുകൾ സ്വീകരിക്കണമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇപ്പോഴിതാ, അടുത്ത വിനാശകാരിയായ മഹാമാരിയുടെ ഉത്ഭവം ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകളിൽ നിന്നാകാമെന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ആമസോണിന്റെയുള്ളിലെ പ്ലാനൽറ്റീന പോലുള്ള ഗുഹകളിലേക്കാണ് ഇവർ വിരൽ ചൂണ്ടുന്നത്.
1.5 കിലോമീറ്ററിലേറെ ആഴമുള്ള പ്ലാനൽറ്റീനയിൽ ആയിരക്കണക്കിന് വവ്വാലുകൾ ജീവിക്കുന്നുണ്ട്. ഇതുപോലെ നിരവധി ഗുഹകൾ വേറെയും ആമസോണിലുണ്ട്. കൊവിഡിന് കാരണമായ കൊറോണ വൈറസിന് സമാനമായ മറ്റ് വൈറസുകൾ ഇവിടെ നിന്ന് ഉത്ഭവിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല. മനുഷ്യന് അജ്ഞാതമായ നിരവധി വവ്വാൽ സ്പീഷീസുകളുണ്ട്. ഇവ എവിടെ ജീവിക്കുന്നുവെന്നും അജ്ഞാതമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ വവ്വാൽ സ്പീഷീസുകൾ കാണപ്പെടുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ബ്രസീലിന്. കൊവിഡ്, സാർസ്, മെർസ്, ഹെൻഡ്ര, നിപ, എബോള, മാർബർഗ് തുടങ്ങി ലോകത്ത് ഭീതി വിതച്ച ചില വൈറസുകളുടെ ഉത്ഭവ കേന്ദ്രം വവ്വാലുകളാണ്. അതിനാൽ ഇത്തരം വൈറസുകളുടെ ഉത്ഭവം പഠിച്ച് ഭാവിയിൽ മഹാമാരികൾ തടയാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞർ.
ആമസോണിലെ വ്യാപക വനനശീകരണമാണ് ഗവേഷകരിൽ ആശങ്കയുണ്ടാക്കുന്നത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നുകയറ്റം വ്യാപകമായി. വനത്തിൽ നിന്നുള്ള വൈറസുകൾ മനുഷ്യരിലേക്കെത്താൻ ഇത് കാരണമാകാം.
ആവാസവ്യവസ്ഥ നഷ്ടമാകുന്ന വവ്വാലുകളിൽ സമ്മർദ്ദം ഉയരുമെന്നും ഇത്തരം വവ്വാലുകൾക്ക് കൂടുതൽ വൈറസുകളെ വഹിക്കാനും അവയെ പുറത്തുവിടാനും കഴിയുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. വവ്വാലുകളിൽ നിന്നുള്ള അപകടകരമായ വൈറസുകൾക്ക് മറ്റ് ജീവികളിലൂടെ മനുഷ്യനിലേക്ക് വ്യാപിക്കാനാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യരിൽ സാധാരണ ജലദോഷം മുതൽ കൊവിഡ് 19, സാർസ് തുടങ്ങിയ അപകടകരമായ ശ്വാസകോശരോഗങ്ങൾക്ക് വരെ കാരണക്കാരായ വലിയ വൈറസ് കുടുംബമാണ് കൊറോണ. 5000ത്തോളം കൊറോണ വൈറസുകളെ ആണത്രെ ലോകമെമ്പാടുമുള്ള വവ്വാൽ സ്‌പീഷീസുകളിൽ നിന്ന് ഇനിയും കണ്ടുപിടിക്കാനുള്ളതെന്ന് വിദഗ്ദ്ധർ പറയുന്നു. അതേ സമയം, ഇവയിൽ മനുഷ്യന് ഹാനികരമല്ലാത്തവയും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |