ബംഗളൂരു: കോൺഗ്രസ് എം എൽ എയും മലയാളിയുമായ യു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറായേക്കും. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് നടപടി.
നേരത്തെ ആർ വി ദേശ്പാണ്ഡെ, എച്ച് കെ പാട്ടീൽ, ടി ബി ജയചന്ദ്ര തുടങ്ങിയവരുടെ പേരുകളാണ് സ്പീക്കർ സ്ഥാനത്ത് കേട്ടിരുന്നത്. അതിനാൽത്തന്നെ വളരെ അപ്രതീക്ഷിതമായിട്ടാണ് അമ്പത്തിരണ്ടുകാരനായ ഖാദർ ഈ സ്ഥാനത്തേക്ക് വരുന്നത്.
കാസർകോട് ഉപ്പള പള്ളത്ത് കുടുംബാംഗമായ ഖാദർ കഴിഞ്ഞ നിയമ സഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. ഇദ്ദേഹം സ്പീക്കർ സ്ഥാനത്തെത്തിയാൽ ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാകും.
ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് ഖാദർ. ബി ജെ പി നേതാവ് സതീഷ് കുംപാലയെ ഇരുപതിനായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം സഭയിലെത്തിയത്. അഞ്ചാം തവണയാണ് ഖാദർ നിയമസഭയിലെത്തുന്നത്. 2007ലാണ് ആദ്യമായി നിയമസഭയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |