SignIn
Kerala Kaumudi Online
Saturday, 27 April 2024 10.51 AM IST

തുടങ്ങണം കൂടുതൽ നഴ്‌സിംഗ് കോളേജുകൾ

photo

സംസ്ഥാനത്ത് അൻപത് നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതിനുവേണ്ട ഒത്താശ നല‌്കാൻ സർക്കാർ ഒരുങ്ങുകയാണ്. അങ്ങേയറ്റം സ്വാഗതാർഹമെന്നു മാത്രമല്ല, നഴ്സിംഗ് ബിരുദം നേടി വിദേശരാജ്യങ്ങളിൽ പോയി മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന നൂറുകണക്കിനു യുവതീയുവാക്കൾക്ക് ഏറെ അനുഗ്രഹമാകുന്ന തീരുമാനമാണിത്. സംസ്ഥാനത്തിന്റെ കയറ്റുമതിയിൽ മുഖ്യ ഇനമായി മനുഷ്യശേഷി മാറിക്കഴിഞ്ഞു. ആ നിലയ്ക്ക് വളരെയധികം രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള നഴ്‌സുമാർക്ക് നല്ല അവസരങ്ങളാണ് ഒരുക്കുന്നത്. തൊഴിലധിഷ്ഠിത കോഴ്സുകളോട് പണ്ടേയുള്ള യാഥാസ്ഥിതിക സമീപനമാണ് നഴ്‌സിംഗ് ഉൾപ്പെടെ തൊഴിൽസാദ്ധ്യത ഏറെയുള്ള കോഴ്സുകൾക്ക് ഇവിടെ പരിമിതമായ സൗകര്യങ്ങൾ മാത്രം ഏർപ്പെടുത്താൻ കാരണം. മൂക്കിനപ്പുറം കാണാൻ ത്രാണിയില്ലാത്ത ഇരുപക്ഷത്തുമുള്ള വിദ്യാർത്ഥിസംഘടനകളുടെ പിന്തിരിപ്പൻ സമീപനവും പുതിയ നഴ്സിംഗ് കോളേജുകൾക്ക് തടസമായിരുന്നു.

രണ്ട് ദശാബ്ദങ്ങൾക്കു മുൻപ് യാഥാർത്ഥ്യം മനസിലാക്കിത്തുടങ്ങിയപ്പോഴാണ് സ്വാശ്രയ മേഖലയിലെങ്കിലും നഴ്സിംഗ് കോളേജുകൾ കൂടുതലായി വരാൻ തുടങ്ങിയത്. അപ്പോഴും എന്തുകൊണ്ടോ സർക്കാർ ഈ രംഗത്തേക്കു കടക്കാതെ മടിച്ചുനില്‌ക്കുകയാണുണ്ടായത്. സംസ്ഥാനത്ത് നിലവിൽ 130 നഴ്‌സിംഗ് കോളേജുകളുള്ളതിൽ സർക്കാർ വക ഏഴെണ്ണം മാത്രമാണെന്ന കണക്കുമാത്രം മതി സർക്കാരിനുള്ള താത്‌പര്യക്കുറവിന്റെ വ്യാപ്‌തി തിരിച്ചറിയാൻ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സീമെറ്റ് നടത്തുന്ന ഏഴ് നഴ്‌സിംഗ് കോളേജുകളിലേതിൽ ഉൾപ്പെടെ സംസ്ഥാനത്ത് 6930 നഴ്സിംഗ് സീറ്റ് മാത്രമാണുള്ളത്. നഴ്സ‌ിംഗ് കോളേജ് തുടങ്ങണമെങ്കിൽ കർക്കശമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മുന്നൂറ് കിടക്കകളുള്ള ആശുപത്രിയോടനുബന്ധിച്ചേ കോളേജുകൾക്ക് അനുമതി നല്‌കൂ. എന്നാൽ അയൽ സംസ്ഥാനങ്ങളിലെ പല കോളേജുകൾക്കും സ്വന്തമെന്നു പറയാൻ ആശുപത്രി പോലുമുണ്ടായിരിക്കില്ല. സൗകര്യങ്ങൾ വിലയിരുത്തിയാണ് ഇവിടെ നഴ്‌സിംഗ് കോളേജുകൾക്ക് സീറ്റ് നിശ്ചയിക്കുന്നത്. നഴ്സിംഗ് പഠനത്തിനായി മലയാളി കുട്ടികൾ വൻതോതിൽ പുറത്തേക്കു പോകേണ്ടിവരുന്നത് ഇവിടെ പഠനസൗകര്യമൊരുക്കാൻ സർക്കാരിനു കഴിയാത്തതുകൊണ്ടാണ്.

മലയാളി നഴ‌്‌സുമാർക്ക് വിദേശത്തെ ആശുപത്രികളിൽ പണ്ടുമുതലേ വലിയ ഡിമാൻഡാണുള്ളത്. സമീപകാലത്ത് അത് കൂടിയിട്ടുമുണ്ട്. ബ്രിട്ടൻ, ജർമ്മനി, അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്ക് മികച്ച അവസരങ്ങൾ നല്‌കാറുണ്ട്. അടുത്ത ദശകങ്ങളിൽ ഡിമാൻഡ് അഭൂതപൂർവമായി വർദ്ധിക്കുമെന്നാണ് തൊഴിൽ മേഖലയിലെ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

സ്വകാര്യ മേഖലയ്ക്കൊപ്പം സർക്കാർ മേഖലയിലും വരണം പുതിയ കോളേജുകൾ. പുതുതായി തുടങ്ങാനുദ്ദേശിക്കുന്നവയിൽ പത്തെണ്ണമേ സർക്കാരിന്റേതായുള്ളൂ എന്നാണു സൂചന. ആരോഗ്യമേഖലയിൽ വർദ്ധിച്ച സാന്നിദ്ധ്യമുള്ള സർക്കാരിന്റെ പശ്ചാത്തല സൗകര്യങ്ങൾക്കനുസരിച്ച് ഡസൻ കണക്കിന് നഴ്‌സിംഗ് കോളേജുകൾ തുടങ്ങാനാവും. യുവതലമുറയ്ക്ക് ഒരു ഗതിയും കിട്ടാത്ത കോഴ്സുകളുമായി പുതിയ കോളേജുകൾ തുടങ്ങുന്നതിനു പകരം തൊഴിൽസാദ്ധ്യത ഏറെയുള്ള നഴ്സിംഗ് പാരാമെഡിക്കൽ പഠനത്തിനായി പുതിയ സ്ഥാപനങ്ങൾ ആരംഭിച്ചാൽ വലിയ ഉപകാരമാകുമത്. വിദേശത്ത് ജോലി സമ്പാദിക്കുന്ന ഒരു നഴ്സിന് മൂന്നുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നതു മാത്രമല്ല നേട്ടം. തൊഴിൽ - ജീവിത സാഹചര്യങ്ങളും വളരെ മെച്ചപ്പെട്ടതായിരിക്കും. പുതുതായി 25 മെഡിക്കൽ കോളേജുകൾ തുടങ്ങാൻ മുൻപ് സർക്കാർ 20 കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയതാണ്. നടപ്പാകാതെപോയ പദ്ധതികളുടെ കൂട്ടത്തിൽ അതും ഒലിച്ചുപോയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NURSING COLLEGES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.