തിരുവനന്തപുരം: കൊള്ളവിലയ്ക്ക് മരുന്നും മറ്റും വാങ്ങിയതിലെ അഴിമതിയിൽ ലോകായുക്ത അന്വേഷണം തുടരവേ, മെഡിക്കൽ സർവീസസ് കോർപറേഷന്റെ രണ്ട് ഗോഡൗണുകൾ കത്തിനശിച്ചതിൽ ദുരൂഹത. കൊവിഡ് ചികിത്സയുടെ മറവിൽ അമിതവിലയ്ക്ക് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടിയത് വിവാദമായിരുന്നു. 1127കോടിയുടെ പർച്ചേസാണ് അന്ന് നടത്തിയത്.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മേനംകുളം കിൻഫ്ര പാർക്കിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ (32) ജീവനും നഷ്ടമായി.
കൊല്ലം ഉളിയക്കോവിലിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗോഡൗൺകത്തിയത്. രണ്ടിടത്തുമായി കോടികളുടെ മരുന്നും മറ്റും കത്തിപ്പോയി. കാലാവധി തീർന്ന മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്.
തീപിടിത്തം ദുരൂഹമാണെന്നും കൊവിഡ് കാലത്തെ 1032കോടി രൂപയുടെ പർച്ചേസിന്റെ തെളിവുകൾ നശിപ്പിച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കഴക്കൂട്ടം അസി.കമ്മിഷണർ സി.എസ്.ഹരി പറഞ്ഞു.
കാരണം കണ്ടെത്താൻ ഫോറൻസിക് ലാബിലെ വിദഗ്ദ സംഘം ഗോഡൗണിൽ പരിശോധന നടത്തി സാമ്പിളുകളെടുത്തു. ഗോഡൗണിന് ഫയർഫോഴ്സിന്റെ അംഗീകാരമില്ലായിരുന്നെന്ന് ഡി.ജി.പി ബി.സന്ധ്യ പറഞ്ഞു.കത്തിയത് മരുന്ന് ഗോഡൗണല്ല, രാസവസ്തു സൂക്ഷിച്ച സ്ഥലമെന്ന് കോർപറേഷൻ.
കൊവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ നേരത്തേ കോർപറേഷൻ ആസ്ഥാനത്തെ കമ്പ്യൂട്ടറിൽ നിന്ന് നശിപ്പിച്ചിരുന്നു. പിന്നീട് വീണ്ടെടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഏതൊക്കെ ഫയലുകളാണ് നശിപ്പിച്ചതെന്ന് വ്യക്തമല്ല. ക്രമക്കേട് കാട്ടിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു.
അട്ടിമറി സംശയം
1. ചട്ടവിരുദ്ധമായി വാങ്ങിക്കൂട്ടിയ മരുന്നുകളും ഉപകരണങ്ങളും നശിപ്പിക്കാൻ ഗോഡൗണുകളിൽ തീപിടിത്തമുണ്ടാക്കുന്നതായി സംശയം
2. തീപിടിത്തങ്ങളും അഴിമതിയും ചർച്ചയായിട്ടും കാര്യമായ അന്വേഷണമില്ലാത്തതും ഗോഡൗണുകളിൽ അഗ്നിശമന സൗകര്യങ്ങളൊരുക്കാത്തതും ദുരൂഹം
3. മൂന്നിരട്ടി വിലയ്ക്ക് ഉപകരണങ്ങൾ വാങ്ങിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമികാന്വേഷണത്തെത്തുടർന്ന് മുൻ ആരോഗ്യമന്ത്രിയടക്കം ഒൻപതു പേർക്ക് ലോകായുക്ത നോട്ടീസയച്ചിരുന്നു
കത്തിനശിച്ചത്
മരുന്നുകൾ,ശുചീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡർ, ഫിനോൾ, സാനിട്ടൈസർ, സിറിഞ്ച്, കോട്ടൺപഞ്ഞി, സ്പിരിറ്റ്
കുറ്റം ബ്ലീച്ചിംഗ് പൗഡറിന്
ആശുപത്രികളിൽ നൽകാനായി അടുത്തിടെ വാങ്ങിയ ബ്ലീച്ചിംഗ്പൗഡറാണ് വില്ലനെന്ന് കോർപറേഷൻ പറയുന്നു. വീര്യംകൂടിയതായതിനാൽ ഗോഡൗണുകളുടെ മുകൾഭാഗത്ത് വായുസഞ്ചാരം ഉറപ്പാക്കിയിരുന്നു. ഇതിനിട്ട ഗ്രില്ലിലൂടെ മഴവെള്ളം അകത്തുകയറി.
ബ്ലീച്ചിംഗ് പൗഡറിൽ വെള്ളംവീണപ്പോൾ 100 ഡിഗ്രിക്കുമേൽ ചൂടും ക്ലോറിൻ വാതകവുമുണ്ടായി. സമീപത്ത് സൂക്ഷിച്ചിരുന്ന ഫിനോളും സാനിട്ടൈസറും സ്പിരിറ്റുമായി പ്രതിപ്രവർത്തിച്ച് കത്തുകയായിരുന്നു. കൊല്ലത്തെ ഗോഡൗൺ കത്തിയതും ഇങ്ങനെയാണ്
ദുരൂഹതയ്ക്ക് കാരണം
1. മുൻകാലങ്ങളിലും ബ്ളീച്ചിംഗ് പൗഡർ സംഭരിച്ചിട്ടുണ്ട്. പക്ഷേ, തീപിടിത്തം ഉണ്ടായിട്ടില്ല
2. കാലാവധി കഴിഞ്ഞ മരുന്നുകൾ രണ്ടിടത്തും വൻതോതിൽ കത്തി
3. രാസവസ്തുക്കളും മരുന്നുകളും വേർതിരിച്ച് സൂക്ഷിച്ചില്ല
4. സ്പിരിറ്റിനും സാനിട്ടൈസറിനും സമീപത്ത് പഞ്ഞിയും ഹാർഡ്ബോർഡും
5. ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടും അഗ്നിമശന സംവിധാനമില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |