കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ള പ്രതികളെ അറസ്റ്റ് ചെയ്യുംമുമ്പ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രോസിക്യൂട്ടറോട് അന്വേഷിച്ച് ഇക്കാര്യം ഉറപ്പാക്കാൻ പൊലീസിനു ബാദ്ധ്യതയുണ്ടെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി. ഡി.ജി.പി ഇതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകണം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു മറികടന്ന്, കെ.എസ്.എഫ്.ഇയുമായുള്ള സാമ്പത്തിക ഇടപാട് കേസിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി നിയാസലിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പുതിയ ഉത്തരവ്. കഴിഞ്ഞ ഡിസംബറിൽ നിയാസലിയുടെ മുൻകൂർ ജാമ്യഹർജിയിൽ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റിയിരുന്നു. ഇതു കണക്കിലെടുക്കാതെ താമരശേരി സി.ഐ പ്രതിയെ അറസ്റ്റ് ചെയ്തു. ഹർജി വീണ്ടും പരിഗണിച്ചപ്പോൾ അറസ്റ്റ് വിവരം ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് താമരശേരി സി.ഐ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയിൽ ഹാജരായ സി.ഐ തനിക്കു തെറ്റുപറ്റിയതാണെന്നും ദയവുണ്ടാകണമെന്നും അപേക്ഷിച്ചു. പ്രതിയെ ജനുവരി 16 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നതെന്നും ഈ തീയതിക്കു ശേഷം ഹർജി പരിഗണനയ്ക്കു വന്നിരുന്നില്ലെന്നും കെ.എസ്.എഫ്.ഇ മാനേജർ വ്യക്തമാക്കി. ഏപ്രിൽ 29നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് കാരണമില്ലെന്ന് വിലയിരുത്തിയാണ് ഇടക്കാല ഉത്തരവുണ്ടോയെന്ന് ഉറപ്പാക്കാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. അറസ്റ്റിലായ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |