തിരുവല്ല: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ബഹുജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ച് അടിയന്തരമായി പൂർത്തിയാക്കാൻ സംയുക്തയോഗം തീരുമാനിച്ചു.
പുതിയ അദ്ധ്യയനവർഷം ആരംഭിക്കുംമുമ്പ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കണം. പി.ടി.എയുടെ നേതൃത്വത്തിൽ ജനകീയ സന്നദ്ധപ്രവർത്തനം നടത്തി സ്‌കൂളും പരിസരവും വൃത്തിയാക്കണം. കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കി ക്ലോറിനേഷൻ അടക്കമുള്ള ജലശുചീകരണ നടപടികൾ പൂർത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സ്‌കൂളുകളിൽ ലഹരിവിരുദ്ധ കാമ്പയിനിന്റെ മൂന്നാംഘട്ടം ജൂൺ 1മുതൽ ആരംഭിക്കണം. പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷനും പ്രധാനദ്ധ്യാപകൻ കൺവീനറുമായി രൂപീകരിച്ചിട്ടുള്ള സ്‌കൂൾതല ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കണം.സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എസ്.എസ്.എൽ.സി. പരീക്ഷ വിജയത്തിൽ 14ാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ എട്ടാം സ്ഥാനത്തെത്തിയത് അഭിമാനകരമായ നേട്ടമാണെന്നും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ മുന്നേറ്റം പദ്ധതി ഗുണകരമായെന്നും യോഗം വിലയിരുത്തി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാദ്ധ്യാപകരുടെയും പി.ടി.എ പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ നടന്ന സംയുക്തയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡി.ഇ.ഒ പി.ആർ. പ്രസീന അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല എ.ഇ.ഒ വി.കെ.മിനികുമാരി, ആറന്മുള എ.ഇ.ഒ ജെ.നിഷ, ഹരിലാൽ, ഷാജി മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |