
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ കൊവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് പി.പി.ഇ കിറ്റും ഗ്ലൗസുമുൾപ്പെടെ 15 ഇനങ്ങളെ അവശ്യമരുന്നുകളുടെ ഗണത്തിൽപ്പെടുത്തി വില നിയന്ത്രിച്ച് ഉത്തരവിറക്കിയിരുന്നു.
ഇത് ലംഘിച്ച് കഴക്കൂട്ടം ആസ്ഥാനമാക്കി പച്ചക്കറി വിൽക്കാനായി ആരംഭിച്ച അഗ്രത ആവയോൺ എക്സിമിൽ നിന്ന് 12.15 രൂപ നിരക്കിൽ ഒരു കോടി ഗ്ലൗസുകൾ സംഭരിക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. എം.ഡിയെ ഒഴിവാക്കി കാരുണ്യ പർച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജരാണ് 12.15 കോടിയുടെ നൈട്രൈൽ ഗ്ലൗസ് ഇറക്കുമതി ചെയ്യാനുള്ള ഓർഡറിൽ ഒപ്പിട്ടത്. കരാർ രേഖയിൽ 'ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണമെന്നത് 5 ദിവസത്തിനുള്ളിലെന്ന് തിരുത്തി. ഉല്പന്നത്തിന് ചുരുങ്ങിയത് 60 ശതമാനം ഉപയോഗ കാലാവധി വേണമെന്നതും വെട്ടിമാറ്റി. രണ്ട് പർച്ചേസ് ഓർഡറുകളിലായി ഒരു കോടി ഗ്ലൗസിന് ഓർഡർ നൽകി മൂന്നാം ദിവസം മുൻകൂർ തുകയുടെ ചെക്കും നൽകി. 15 ദിവസത്തിനുള്ളിൽ 41.6 ലക്ഷം ഗ്ലൗസുകൾ മാത്രമാണെത്തിച്ചതെന്ന കാരണത്താൽ കരാർ റദ്ദാക്കിയെങ്കിലും, 50 ലക്ഷം ഗ്ലൗസുകൾക്കായി നൽകിയ മുൻകൂർ പണത്തിൽ ശേഷിക്കുന്ന ഒരു കോടി രൂപ തിരിച്ചു വാങ്ങിയിട്ടില്ല.വീണ്ടും ടെൻഡർ വിളിച്ചപ്പോൾ കരാർ ലഭിച്ച ജേക്കബ് സയന്റിഫിക്സ്, ലിബർട്ടി മെഡ് സപ്ലയേഴ്സ് എന്നിവർ കുറഞ്ഞ തുകയായ 8.78 രൂപയ്ക്കും 7 രൂപയ്ക്കുമാണ് ഗ്ലൗസ് വിതരണം ചെയ്തത്.
പച്ചക്കറി സ്ഥാപനം ഉയർന്ന വിലയ്ക്ക് നൽകിയതും, ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഗ്ലൗസുകളുടെ ഗുണമേന്മ സംബന്ധിച്ച പരിശോധന അന്വേഷണ ഏജൻസികൾ നടത്താനിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |