SignIn
Kerala Kaumudi Online
Sunday, 06 July 2025 3.32 AM IST

ഹരിച്ചിട്ടും ഗുണിച്ചിട്ടും സീറ്റില്ല

Increase Font Size Decrease Font Size Print Page

photo

പാലക്കാട്, മലപ്പുറം, കോഴിക്കോട് ഉൾപ്പെടുന്ന മലബാറിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണക്കുറവ് ഇത്തവണയും കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്. ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കണമെങ്കിൽ മലബാറിൽ 30000ലധികം സീറ്റുകൾ വേണ്ടിവരും. സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള മറ്റു സിലബസുകളിൽ പത്താം ക്ലാസ് വിജയിച്ചുവരുന്നവരെക്കൂടി പരിഗണിക്കുമ്പോൾ സീറ്റ് ക്ഷാമം കൂടും. ഇഷ്ടവിഷയത്തിൽ തുടർപഠനത്തിന് അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

മലബാറിൽ ഇത്തവണ 2,25,702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 1,95,050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണുള്ളത്. സി.ബി.എസ്.ഇ പഠനം പൂർത്തിയാക്കിയ കുട്ടികളിൽ കുറച്ച് പേരെങ്കിലും സ്റ്റേറ്റ് സിലബസിലേക്ക് മാറും. അങ്ങനെ വരുമ്പോഴും സീറ്റ് ക്ഷാമം വർദ്ധിക്കും. മികച്ച ഗ്രേഡ് നേടിയവർക്ക് പോലും ഇഷ്ട വിഷയം വലിയ കടമ്പയാകും.

മലപ്പുറം ജില്ലയിലാണ് സീറ്റ് ക്ഷാമം രൂക്ഷം. ഇവിടെ 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. മലപ്പുറത്ത് ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചത് 77,827 പേരാണ്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 41950 സീറ്റുകൾ മാത്രമാണ്. 11,300 അൺ എയ്ഡഡ് സീറ്റുകൾ കൂടെ ചേർന്നാൽ ആകെ 53,250 സീറ്റുകളാണുള്ളത്. താത്‌കാലിക ബാച്ചുകളും വി.എച്ച്.സി, ഐ.ടി.ഐ സീറ്റുകൾകൂടി ഉൾപ്പെടുത്തിയാലും 20,000 വിദ്യാർത്ഥികൾ പുറത്താകും. പാലക്കാട്ടെ സ്ഥിതിയും വ്യത്യസ്തമല്ല. 38794 പേരാണ് ഇത്തവണ പത്താംക്ലാസ് വിജയിച്ചത്. പാലക്കാട് ജില്ലയിലും 18000 കുട്ടികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന.

സ്‌പെഷ്യൽ

പാക്കേജ് എവിടെ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ് പ്രകടനപത്രികയിൽ സ്‌പെഷ്യൽ പാക്കേജ് എന്ന തലക്കെട്ടിന് താഴെ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും നയപരമായ തീരുമാനങ്ങൾ സ്വീകരിച്ചില്ല.

പുതിയ അദ്ധ്യയനവർഷത്തിലെ ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ബാച്ചുകളുടെ പുനഃക്രമീകരണം, അധികബാച്ചുകൾ, ഏകജാലക പ്രവേശന മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സംബന്ധിച്ച പഠനത്തിനായി പ്രൊഫ. വി.കാർത്തികേയൻ നായർ അധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. സീറ്റ് ക്ഷാമം പഠിച്ച വി.കാർത്തികേയൻ കമ്മിറ്റി മലബാറിൽ 150 ഹയർസെക്കൻഡറി അധിക ബാച്ചുകൾ വേണമെന്നാണ് സർക്കാരിന് ശുപാർശ നൽകിയിരുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്ക് മാറ്റാമെന്നും കമ്മിറ്റി നിർദേശിച്ചിരുന്നു.

വിജയശതമാനം

കണ്ടില്ലെന്ന് നടക്കുന്നു

മലബാർ മേഖലയിൽ ആദ്യകാലത്ത് പത്താം ക്ലാസ് വിജയശതമാനം കുറവായതിനാൽ സീറ്റ് പരിമിതി വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാൽ ഓരോവർഷം കഴിയുന്തോറും വിജയശതമാനം ഉയരുകയും സീറ്റുപ്രതിസന്ധി വർദ്ധിക്കുകയും ചെയ്തു. 2005നു ശേഷം എസ്.എസ്.എൽ.സി വിജയശതമാനം മലബാർ ജില്ലകളിലും 80 ശതമാനത്തിനും മുകളിലായി. ഇതോടെ അരലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഓരോ വർഷവും ഉപരിപഠനത്തിന് സൗകര്യമില്ലാതെ പുറത്തുനിൽക്കേണ്ട അവസ്ഥയായി. മാറിമാറി വന്ന സർക്കാരുകൾ അസന്തുലിതമായ സീറ്റുവിതരണവും ബാച്ച് സംവിധാനവും പഠിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയില്ല.

അശാസ്ത്രീയ

വീതംവയ്പ്പ്

അശാസ്ത്രീയവും അസന്തുലിതവുമായ പ്ലസ് വൺ ബാച്ചുകളുടെ വീതംവയ്പ്പാണ് മലബാർ മേഖല അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നം. നിലവിൽ സംസ്ഥാനത്തുള്ള ബാച്ചുകളുടെ പുനഃക്രമീകരണങ്ങൾക്കൊപ്പം മലബാർ ജില്ലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ.

ഓരോ വർഷവും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കലായിരുന്നു പതിവ്. കഴിഞ്ഞ വർഷം അത് മുപ്പത് ശതമാനം വരെയായിരുന്നു. അമ്പത് പേർക്കിരിക്കാവുന്ന ഒരു ക്ലാസിൽ മലബാർ ജില്ലകളിൽ മാത്രം 65 വിദ്യാർത്ഥികൾ വരെ പഠിക്കേണ്ടിവരുന്ന അനാരോഗ്യകരമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതുകൊണ്ടുണ്ടായത്. വരുംവർഷങ്ങളിൽ ഇത് ആവർത്തിക്കരുതെന്ന് കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഹൈക്കോടതി കേരള സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇങ്ങനെ അശാസ്ത്രീയമായ രീതിയിൽ ഇരുപത് മുതൽ മുപ്പത് ശതമാനം വരെ സീറ്റുകൾ വർദ്ധിപ്പിച്ച ശേഷവും കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾ സീറ്റില്ലാതെ ഓരോ വർഷവും മലബാർ ജില്ലകളിൽ മെയിൻ സ്ട്രീം വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വരാറുണ്ട്.

പരിഹാര മാർഗങ്ങൾ

താത്ക്കാലിക ബാച്ചുകളല്ല, പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് സ്ഥിരം പുതിയ ബാച്ചുകളാണ് പരിഹാരം. മലബാർ മേഖലയിൽ മുന്നൂറിലധികം പുതിയ ബാച്ചുകൾ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂളുകളിൽ ഹയർ സെക്കൻഡറിയില്ലാത്തവയെ കണ്ടെത്തി. അത്തരം സ്‌കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിക്കണം. തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ ഈ ജില്ലകളിലേക്ക് മാറ്റാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

സംസ്ഥാനത്ത് മൊത്തത്തിൽ അനുവദിക്കപ്പെട്ട സീറ്റ്, ബാച്ച് എന്ന രീതിയിലുള്ള കണക്കുകൾ അല്ലാതെ ഓരോ ജില്ലകളിലും അനുവദിക്കപ്പെട്ട പ്ലസ് വൺ സീറ്റുകൾ, ബാച്ചുകൾ, മണ്ഡലം തലത്തിൽ വരുന്ന ബാച്ചുകൾ, അവിടങ്ങളിലെ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റിസ് കോഴ്സുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകളുടെ എണ്ണം, വി.എച്ച്.എസ്.സി ബാച്ചുകൾ എന്നീ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് പ്ലസ് വൺ സീറ്റ് പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സ്വീകരിക്കേണ്ടത്.

TAGS: SHORTAGE OF PLUS ONE SEATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.