തിരൂർ: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിനെ (58) കൊന്ന് വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസിൽ ചെന്നൈയിൽ പിടിയിലായ പ്രധാന പ്രതികളെ ഇന്നലെ രാത്രി വൈകി തിരൂർ ഡിവൈ.എസ്.പി ഒാഫീസിൽ എത്തിച്ചു. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി ഷിബിലി (22), സുഹൃത്ത് ഫർഹാന (19) എന്നിവരെയാണ് എത്തിച്ചത്. ഇവരുടെ സുഹൃത്തായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖ് എന്ന ചിക്കുവിനെ (26) കഴിഞ്ഞ ദിവസം പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തു തുടങ്ങി.
കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വച്ചാണ് ഒളവണ്ണ കുന്നത്തുപാലത്തെ ചിക് ബേക്ക് ഹോട്ടൽ ഉടമ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയിൽ തള്ളുകയായിരുന്നു.
അരയ്ക്ക് മുകളിലുള്ള ഭാഗം ഒരുട്രോളിയിലും ശേഷിക്കുന്നവ മറ്റൊരു ട്രോളിയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് ഒമ്പതാം വളവിലെ കൊക്കയിൽ തള്ളിയത്. ഇന്നലെ രാവിലെ മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ ആഷിഖുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ഏഴിന് ജാർഖണ്ഡിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ചെന്നൈ എഗ്്മോർ സ്റ്റേഷനിൽ നിന്നാണ് ഷിബിലിയേയും ഫർഹാനയേയും പിടികൂടിയത്.
സിദ്ദീഖിന്റെ ഹോട്ടലിലെ സപ്ളയറായിരുന്നു ഷിബിലി. 15 ദിവസം മാത്രമാണ് ഇവിടെ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടതോടെ 18ന് ഉച്ചയോടെ ശമ്പളം നൽകി കടയിൽ നിന്ന് ഒഴിവാക്കി. അരമണിക്കൂറിന് ശേഷം കടയിൽ നിന്ന് പുറത്തുപോയ സിദ്ദീഖിനെ പിന്നീട് കാണാതാവുകയായിരുന്നു. സിദ്ദീഖ് തന്നെയാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ രണ്ട് മുറികളെടുത്തത്. ഇതിലൊരു മുറിയിൽ വച്ചായിരുന്നു കൊലപ്പെടുത്തിയത്. ഇവിടെ സിദ്ദീഖ് എന്തിന് മുറിയെടുത്തു എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നു.
കൊലയ്ക്കുശേഷം പ്രതികൾ സിദ്ദീഖിന്റെ ഫോണിലെ ഗൂഗിൾ പേയിലൂടെ പണം ട്രാൻസ്ഫർ ചെയ്തശേഷം എ.ടി.എമ്മിൽ നിന്ന് പലയിടങ്ങളിൽ നിന്നാണ് രണ്ടുലക്ഷം രൂപ പിൻവലിച്ചു.
22ന് സിദ്ദീഖിന്റെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൃതദേഹം കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച സിദ്ദീഖിന്റെ കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തിരൂർ കോരങ്ങോത്ത് പള്ളിയിൽ ഇന്നലെ രാത്രി 11.30 ഓടെ മൃതദേഹം കബറടക്കി.
ഭാര്യ: ഷക്കീല. മക്കൾ: സുഹൈൽ, ശിഹാസ്, ഷാഹിദ്, ഷംല.
ഹണിട്രാപ്പ് സാദ്ധ്യതയും
പരിശോധിച്ച് പൊലീസ്
സിദ്ദീഖും ഫർഹാനയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടെന്ന സൂചനകളുണ്ട്. ഇതിലുള്ള പകകാരണമാകാം ഷിബിലി കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇതിനായി ഷിബിലി ഫർഹാനയേയും ഉപയോഗിച്ചുവെന്നും പൊലീസിന് സംശയമുണ്ട്. ഇവർ തമ്മിലുള്ള ബന്ധം ഷിബിലിക്ക് നേരത്തെ അറിയില്ലായിരുന്നു. ഫോൺ സംഭാഷണത്തിനിടെ സിദ്ദീഖുമായുള്ള ബന്ധം ഫർഹാന അറിയാതെ പറഞ്ഞുപോയി. ഇതോടെ സിദ്ദീഖിനോട് ഷിബിലിക്ക് പക തോന്നിയത്. ഷിബിലിക്ക് സിദ്ദീഖിന്റെ ഹോട്ടലിൽ ജോലി തരപ്പെടുത്തി കൊടുത്തതും ഫർഹാനയാണെന്ന് സൂചനയുണ്ട്. ഫർഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹം മുറിച്ചത്
ഇലക്ട്രിക് കട്ടറിനാൽ
സിദ്ദിഖിന്റെ നെഞ്ചിനേറ്റ ചവിട്ടാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ശരീരം വെട്ടിമാറ്റുകയായിരുന്നു. തുടർന്നാണ് സിദ്ദിഖിന്റെതന്നെ കാറിൽ മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത്.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
n സിദ്ദീഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് എന്തിന്, ആർക്കൊക്കെ വേണ്ടി
n ആര് വിളിച്ചിട്ടാണ് സിദ്ദീഖ് ഹോട്ടലിൽ എത്തിയത്
n കൊലയ്ക്കുപിന്നിൽ സാമ്പത്തിക ഇടപാടുണ്ടോ
n ഫർഹാനയുടെ റോളെന്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |