തിരൂർ: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. ചെന്നൈയിൽ പിടിയിലായ ഹോട്ടൽ ജീവനക്കാരനായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി ഷിബിലി (22), സുഹൃത്ത് ഫർഹാന (19) എന്നിവരെ അർദ്ധരാത്രിയോടെ തിരൂർ ഡിവൈ,എസ്.പി ഓഫീസിൽ എത്തിച്ചു. ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇവരുടെ സുഹൃത്തായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖ് എന്ന ചിക്കുവിനെ (26) കഴിഞ്ഞ ദിവസം പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തിരുന്നു.
സിദ്ദീഖും ഫർഹാനയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടെന്ന സൂചനകളുണ്ട്. ഇതിലുള്ള പക കാരണമാകാം ഷിബിലി കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇതിനായി ഷിബിലി ഫർഹാനയേയും ഉപയോഗിച്ചുവെന്നും പൊലീസിന് സംശയമുണ്ട്. ഇവർ തമ്മിലുള്ള ബന്ധം ഷിബിലിക്ക് നേരത്തെ അറിയില്ലായിരുന്നു. ഫോൺ സംഭാഷണത്തിനിടെ സിദ്ദീഖുമായുള്ള ബന്ധം ഫർഹാന അറിയാതെ പറഞ്ഞുപോയി. ഇതോടെ സിദ്ദീഖിനോട് ഷിബിലിക്ക് പക തോന്നിയത്. ഷിബിലിക്ക് ഹോട്ടലിൽ ജോലി തരപ്പെടുത്തി കൊടുത്തതും ഫർഹാനയാണെന്ന് സൂചനയുണ്ട്. ഫർഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷിബിലിയും സുഹൃത്തുക്കളായ ഫർഹാന, ആഷിഖ് എന്നിവർ ചേർന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയിൽ വലിച്ചെറിഞ്ഞു. അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിലെ കൊക്കയിൽ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടായിരുന്നു.
സിദ്ദിഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടൽ മുറിയിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം, സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് സിദ്ദിഖ് ഹോട്ടലിൽ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവൻ ശമ്പളവും നൽകിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |