കാലാതിവർത്തിയായ രാമാവതാരത്തെ കാത്തിരിക്കുകയാണ് വീണ്ടും അയോദ്ധ്യ.അടുത്ത മകരസംക്രമത്തിന്, 2024 ജനുവരി14ന്, ശ്രീരാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ. ശ്രീരാമജൻമഭൂമിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമാണ് പൂർത്തിയാക്കുന്നത്.അയോദ്ധ്യ സന്ദർശിച്ച ലേഖകൻ എഴുതുന്നു
സരയൂ നദിയും അയോദ്ധ്യാനഗരവും
പതിനാല് വർഷത്തെ വനവാസം.അതുകഴിഞ്ഞ് മടക്കം. കാലാതിവർത്തിയായ രാമാവതാരത്തെ കാത്തിരിക്കുകയാണ് വീണ്ടും അയോദ്ധ്യ.അടുത്ത മകരസംക്രമത്തിന്, 2024 ജനുവരി14ന്, ശ്രീരാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ. ശ്രീരാമജന്മഭൂമിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയമാണ് പൂർത്തിയാക്കുന്നത്.അയോദ്ധ്യ അതോടെ ഏറ്റവും വലിയ ക്ഷേത്രനഗരിയായി മാറും.അതിനുള്ള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ് സർക്കാരും അയോദ്ധ്യയും. നിർമ്മാണ പ്രവർത്തനങ്ങളും അനുബന്ധപദ്ധതികളും തീരാറായി.
ക്ഷേത്രനിർമ്മാണത്തിന്റെ ഒന്നാം ഘട്ടം അവസാനമിനുക്കുപണികളിലാണ്.57 ഏക്കർഭൂമി,അതിൽ 10ഏക്കർ വിസ്തൃതിയിൽ അതിഗാംഭീര്യത്തോടെ ക്ഷേത്രനിർമ്മിതി.360അടിനീളവും 235അടി വീതിയുമുള്ള കൂറ്റൻ ക്ഷേത്രഘടന കാഴ്ചയിൽ സുവ്യക്തമാണ്.മുന്നിൽ മൂന്ന് മണ്ഡപങ്ങൾ.കുഡു,നൃത്യ,രംഗ.പിന്നിൽ രണ്ടെണ്ണം.കീർത്തൻ,പ്രാർത്ഥന.മധ്യത്തിൽ 161അടി ഉയരത്തിൽ 'ശിഖര"ത്തോടെ ഗർഭഗൃഹം,ദശാവതാരങ്ങൾ,സരസ്വതിയുടെ പന്ത്രണ്ട് അവതാരരൂപങ്ങൾ,ചൗസാത് യോഗിനിമാർ,ശൈവാവതാരങ്ങൾ എന്നിവയാൽ അലംകൃതമായ 366ഉപക്ഷേത്രങ്ങൾ ചുറ്റിലും പ്രാർത്ഥനാഹാൾ,പഠനമുറികൾ,രാമജന്മഭൂമിയിൽ നിന്ന് ഉത്ഖനനം ചെയ്തെടുത്ത പുരാവസ്തുക്കളുടെ മ്യൂസിയം കൂടാതെ ഭോജനശാലയും നിർമ്മിക്കുന്നുണ്ട്.
നാഗര വാസ്തുവിദ്യാ ശൈലിയിലുള്ള ക്ഷേത്രനഗരത്തിലെ കെട്ടിടങ്ങൾക്കെല്ലാം രാമായണകാലഘട്ടമായ ത്രേതായുഗത്തെ പ്രതിഫലിപ്പിക്കുന്ന മഞ്ഞചായം പൂശുന്ന ജോലി ഇൗ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് ക്ഷേത്രനിർമ്മാണ ട്രസ്റ്റ് അദ്ധ്യക്ഷൻ ശ്രീനിഥ് ഗോപാൽ ദാസ് മഹാരാജ് പറഞ്ഞു. അർദ്ധസൈനികവിഭാഗത്തിന്റെയും പൊലീസിന്റെയും കർശന സുരക്ഷാവലയത്തിലാണ് നിർമ്മാണപ്രവർത്തനം.ഗുജറാത്തിലെ അക്ഷർധാം ശില്പികളായ സോമ്പുരഗ്രൂപ്പിനാണ് നിർമ്മാണചുമതല. ചന്ദ്രകാന്ത് സോമ്പുരയുടേതാണ് രൂപകല്പന.മേൽനോട്ടം മകൻ ആശിഷ് സോമ്പുരയ്ക്കാണ്.ചെലവ് 1000കോടി.
രാമജന്മഭൂമി യാഥാർത്ഥ്യമാകുന്നതിന്റെ ആവേശം നഗരത്തിലെ കച്ചവടക്കാരിലും പ്രകടമാണ്. ലക്ഷക്കണക്കിന് ഭക്തർ ഇനിഇവിടേക്ക് എത്തും. ജനജീവിതം മാറിമറിയും.മസ്ജിദിന്റെ നിർമ്മാണത്തിനും തുടക്കമായി. അയോദ്ധ്യയ്ക്കടുത്ത് ധാനിപുർ ഗ്രാമത്തിലാണ് മസ്ജിദ്.നഗരത്തിന് നടുവിലായാണ് സുഗ്രീവൻകോട്ട.അവിടെ നിന്നാൽ നഗരത്തിന്റെ നാല് വശങ്ങളും കാണാം. ശ്രീരാമദാസനായ ഹനുമാൻ ഈകോട്ടയ്ക്ക് മുകളിലിരുന്ന് നഗരം സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസം.
ആഗോളനഗരം അയോദ്ധ്യ
കൂട്ടത്തോടെ ഭിക്ഷ യാചിക്കാനെത്തുന്ന കുട്ടികൾ. നിലംപൊത്താറായ കെട്ടിടങ്ങൾ.പൊട്ടിപൊളിഞ്ഞ റോഡുകൾ.ഇരുട്ടിൽ മുങ്ങുന്ന,പുറമ്പോക്കിൽ തള്ളപ്പെട്ട നഗരം.സരയൂനദിക്കരയിലെ കാടുപിടിച്ച ഘട്ടുകൾ പഴങ്കഥയായികൊണ്ടിരിക്കുന്നു. രാമക്ഷേത്രം ഉയരുമ്പാൾ രാജ്യത്തെ ഏറ്റവും വലിയനഗരങ്ങളിൽ ഒന്നായി അയോദ്ധ്യയെ മാറ്റുകയാണ് ലക്ഷ്യം. ഇടുങ്ങിയ വഴികൾ.ഓരങ്ങളിൽ മഹാക്ഷേത്രങ്ങളും മഠങ്ങളും. ഇതെല്ലാം പൊളിച്ചുനീക്കി പുതുനഗരം പണിയുകയാണിവിടെ.
ദിവസം ഒരുലക്ഷം തീർത്ഥാടകരെങ്കിലും അയോദ്ധ്യ പ്രതീക്ഷിക്കുന്നു. അത് ലക്ഷ്യമിട്ടാണ് ഒരുക്കങ്ങളെല്ലാം. 'അയോദ്ധ്യ വിഷൻ 2047"ഇന്ത്യയുടെസ്വാതന്ത്ര്യശതാബ്ദിയിൽ പൂർത്തിയാകും.2024മാർച്ചിൽ ആദ്യഘട്ടം യാഥാർത്ഥ്യമാകും. രാമക്ഷേത്രത്തിന്റെ 500മീറ്റർ ചുറ്റളവിൽ ക്ഷേത്രസമുച്ചയ ടൗൺ. ചുറ്റിനുമായി 31,662കോടി ചെലവിൽ നഗരം പുനർനിർമ്മിക്കും.സഹദത്ഗഞ്ച് മുതൽ നയാഘട്ട് വരെ രാംപഥ്,അയോദ്ധ്യമെയിൻറോഡ് മുതൽ രാമജന്മഭൂമിവരെ ഭക്തിപഥ്, സുഗ്രീവൻകോട്ട മുതൽ രാമജന്മഭൂമി വരെ ജന്മഭൂമി പഥ് എന്നിങ്ങനെ ക്ഷേത്രത്തിലേക്കുള്ള മൂന്ന് പ്രധാനറോഡുകൾ പൂർത്തിയായി.
സഞ്ചാരികൾക്കായി രാജ്യാന്തരവിമാനത്താവളം,പഞ്ചനക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയും ഒരുങ്ങുന്നു.
ആഗോള ആത്മീയതലസ്ഥാനം, പാരിസ്ഥിതികടൂറിസംകേന്ദ്രം,സുസ്ഥിര ആവാസകേന്ദ്രം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി 37 സംസ്ഥാന,ദേശീയ ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്ന 264 ബിഗ് ടിക്കറ്റ് പദ്ധതികളാണ് വിഷൻ അയോദ്ധ്യയ്ക്കുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഭജൻ സന്ധ്യ കോംപ്ലക്സ്, രാംകഥ പാർക്ക് ആംഫി തിയേറ്റർ, പാർക്കിംഗ് കോംപ്ലക്സ്, റെസ്റ്റൊറന്റ് തുടങ്ങി പദ്ധതികളും നടപ്പിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഒരു ഡാഷ്ബോർഡ് സ്ഥാപിച്ചാണ് ഇവയുടെ മേൽനോട്ടം. കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം വേറെ.വിഷൻ ഡോക്യുമെന്റ് അനുസരിച്ച്, 2047ഓടെ അയോദ്ധ്യയിൽ പ്രതിവർഷം പത്തുകോടിസന്ദർശകരെത്തിയേക്കും. അതിനാൽ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന ഉറപ്പിലാണ്, അയോദ്ധ്യവികസന അതോറിട്ടി വൈസ് ചെയർമാൻ വിശാൽ സിംഗ്.
ബ്രഹ്മാവിന്റെ തപസ് കണ്ട് മനസലിഞ്ഞ മഹാവിഷ്ണുവിന്റെ കണ്ണിൽ നിന്ന് പൊഴിഞ്ഞ കണ്ണുനീരാണ് സരയു നദി.ഭക്തർക്ക് ഗംഗയുടെ രൂപം തന്നെയാണ് സരയു.വസിഷ്ഠന് വേണ്ടി അയോദ്ധ്യയിലേക്ക് ഒഴുകിയ സരയു അയോദ്ധ്യ കടന്നാൽ ഗംഗയിൽ ചേരും. ശ്രീരാമന്റെ കളിക്കൂട്ടുകാരിയായിരുന്നു സരയു.കൊച്ചുവർത്തമാനങ്ങൾ പറയുമായിരുന്നു അവർ തമ്മിൽ. ഇന്നും കാതോർത്താൽ രാമൻ പറഞ്ഞ കഥകൾ സരയു പറഞ്ഞുതരുമെന്നാണ് വിശ്വാസം.
ചരിത്രത്തിൽ നിന്ന് ഉയർന്നുനിൽക്കുന്നതുപോലെ മുഗൾ മിനാരങ്ങൾ, ക്ഷേത്രക്കെട്ടുകൾ,പഴയ കടമുറികൾ.എല്ലാംചേർന്ന് അയോദ്ധ്യ. അതിനിടയിലൂടെ നിശബ്ദയായി ഒഴുകുന്ന സരയൂ നദി.കോസല തലസ്ഥാനമായി മനു സ്ഥാപിച്ചതാണ് അയോദ്ധ്യ.ആർക്കും ആക്രമിക്കാനാകാത്തതും ജയിക്കാനാകാത്തതും എന്നാണ് 'അയോദ്ധ്യ"യുടെ അർത്ഥം.രാമപുത്രൻ ലവൻ ആണ് ഇവിടെ രാമജന്മഭൂമി ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. പിന്നീടത് വിക്രമാദിത്യനും ഗാഡ്വാൾ രാജാക്കന്മാരും പുനർനിർമ്മിച്ചു.
സ്നാനഘട്ടങ്ങൾ,രാമജന്മഭൂമി ക്ഷേത്രം,ലക്ഷ്മൺഗഡീ,ഹനുമാൻഗഡി,കനക്ഭവൻ,സീതാരസോയി,തീർത്ഥ് കാ താക്കൂർ എന്നിവ രാമന്റെസ്മരണ തുടിക്കുന്ന കാഴ്ചകളാണെങ്ങും.പൂർവ്വവൈഭവത്തിന്റെ നിഴൽ മാത്രമാണ് അയോദ്ധ്യയിന്ന്. എങ്കിലും സഞ്ചാരികൾക്കും തീർത്ഥാടകർക്കും കാണാനേറെയുണ്ടിവിടെ.അയോദ്ധ്യയിലെവിടെയുമുണ്ട് ശ്രീരാമദാസനായ ഹനുമാന്റെ നിറസാന്നിദ്ധ്യം.
അയോദ്ധ്യനഗരത്തിന്റെ മദ്ധ്യ ഭാഗത്ത് കോട്ടക്കുള്ളിലായാണ് ഹനുമാൻ ഗർഹി.അപാര തിരക്കാണവിടെ.76പടികൾ കയറിയാൽ പ്രധാന ക്ഷേത്രത്തിന്റെ മുന്നിൽ എത്താം.അവിടെ ഹനുമാന്റെ മാതാവായ അഞ്ജനയുടെ വലിയ പ്രതിമ. അമ്മയുടെ മടിയിൽ ഹനുമദ്പ്രതിഷ്ഠ. അയോദ്ധ്യ സംരക്ഷിക്കാൻഹനുമാൻ ഇവിടെ ക്ഷേത്രത്തിനുള്ളിലെ ഗുഹയിൽ ആണ് താമസിച്ചിരുന്നത്.
പ്രസിദ്ധമായ അശ്വമേഥയാഗം നടത്തിയ ഇടമാണ് തീർത്ഥ് കാ താകൂർ. സരയൂ നദിയുടെ തീരത്താണ് കൃഷ്ണശിലയിലുള്ള ഈ ക്ഷേത്രം. രാമന്റെയും ലക്ഷ്മണ-ഭരത-ശത്രുഘ്നന്മാരുടേയും പ്രതിഷ്ഠകളുണ്ടിവിടെ.
രാമന്റെ വളർത്തമ്മയായ കൈകേയി സീതാദേവിക്ക് സമ്മാനിച്ച കനക് ഭവൻ ആണ് മറ്റൊരുകേന്ദ്രം.അയോദ്ധ്യയിലെ ഏറ്റവും പഴയ ക്ഷേത്രം.സ്വർണ്ണകിരീടം ധരിച്ച രാമന്റെയും സീതയുടെയും മനോഹരചിത്രങ്ങൾ കനക് ഭവനിലുണ്ട്.
സരയൂതീരത്തെ മറ്റൊരു ക്ഷേത്രമാണ് നാഗേശ്വർനാഥ്.രാമപുത്രൻ കുശൻ നാഗകന്യകയ്ക്കായി പണികഴിപ്പിച്ചത്.മണിപർവതമാണ് മറ്റൊരുപുണ്യസങ്കേതം. സ്വയംവരത്തിന് ജനക മഹാരാജാവ് നൽകിയ സ്വർണ്ണങ്ങളും രത്നങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ ഒരു മലയോളം ഉണ്ടായിരുന്നു. അതാണ് 65അടി ഉയരമുള്ള മണിപർവതം എന്നാണ് വിശ്വാസം. മലമുകളിൽ ചെറിയൊരു ക്ഷേത്രവുമുണ്ട്. വർഷകാലത്ത് രാമനും സീതയും മലമുകളിലെത്തി ഊഞ്ഞാലാടുമെന്നാണ് വിശ്വാസം. രാമജന്മഭൂമി ക്ഷേത്രത്തിന് സമീപമാണ് സീത രാമനു വേണ്ടി ആദ്യമായി ഭക്ഷണം പാകം ചെയ്ത 'സീതാ കീ രസോയി". സരയുവിലെ കുളിക്കടവുകളാണ് രാം കീ പൈദി.അതിനടുത്താണ് ചക്രഹർജി വിഷ്ണുക്ഷേത്രം. മറ്റൊന്ന് ഭക്തകവി തുളസിദാസിന്റെ സ്മരണയുമായി നിർമ്മിച്ച തുളസി സ്മാരക് ഭവൻ.കാഴ്ചകളങ്ങനെ നിരവധി അയോദ്ധ്യ ഒരുക്കിവച്ചിട്ടുണ്ട്.
അയോദ്ധ്യ വിട്ട രാമൻ ആദ്യം തങ്ങിയത് തമസാനദിയുടെ തീരത്താണ്. ഇപ്പോഴതിന്റെ പേര് മന്ദാനദി. രാമൻ അന്തിയുറങ്ങിയ തീരം ഇന്ന് ഗൗരവ് കുണ്ഡ്. ഒപ്പം എത്തിയ അയോദ്ധ്യവാസികൾ പൂർവ ചക്കിയയിൽ കിടന്നുറങ്ങിയപ്പോൾ രാമൻ,അവരെ ഉപേക്ഷിച്ച് യാത്ര തുടർന്നു. അവിടെ ചെറിയൊരു കാണിക്കമണ്ഡപം കാണാം. ഉണർന്നപ്പോൾ രാമനെ കാണാഞ്ഞ് അയോദ്ധ്യവാസികൾ കൂട്ടത്തോടെ അലമുറയിട്ട പ്രദേശമാണ് 'ടാഹിതി".ഇവിടെ രാമ-ലക്ഷ്മണ പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്. അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് പ്രഭാതസ്നാനത്തിനുശേഷം സീതാ,രാമ ലക്ഷ്മണന്മാർ സൂര്യവന്ദനം ചെയ്ത സൂര്യകുണ്ഡ്. ഇൗയിടെ സർക്കാർ സൂര്യകുണ്ഡ് എന്ന പേരിൽ വിശാലമായ പാർക്കും സൂര്യക്ഷേത്രവും നിർമ്മിച്ചിട്ടുണ്ട്. തമസാ നദിക്കരയിൽ നിന്ന് 18 കിലോമീറ്റർ അകലെ വേദശ്രൂതിനദി. ഇപ്പോഴത്തെ പേര്, വിഷുഹി. ഇവിടെ രാമൻ നദി മറികടന്ന സ്ഥലത്തുമുണ്ട് മനോഹരമായൊരു ചെറുക്ഷേത്രം. അയോദ്ധ്യ ഉൾപ്പെട്ട ഫൈസാബാദ് ജില്ലയിലാണ് ഈ സ്ഥലങ്ങളെല്ലാം. ഗോമതീതീരത്താണ് വാല്മീകി ആശ്രമം അത് തൊട്ടടുത്ത സുൽത്താൻ പൂർ ജില്ലയിലാണ്. അടുത്തജില്ലയായ പ്രതാപ് ഘട്ട് കടന്നാൽ രാമപ്രയാഗായി.അയോദ്ധ്യയിൽ രാമനുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ് ഗുപ്തർ ഘട്ട്. ഇവിടെ വച്ചാണ് രാമൻ സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും സ്വർഗ്ഗാരോഹണം നടത്തിയതും. അതുകൊണ്ടുതന്നെ ചെയ്ത തെറ്റുകളിൽ നിന്നും മോചനം തേടി മോക്ഷഭാഗ്യം ആഗ്രഹിച്ചാണ് വിശ്വാസികൾ ഈ പവിത്രമായ സ്ഥലത്ത് എത്തുക.
'സമയമായ് സരയൂ, കൈകൊൾകെന്നെ
നിന്നെയാ സാഗരമായിരം കൈകളാലെന്ന പോൽ,
ഇനിയെന്റെ ജീവന്റെ മുക്തിഹർഷങ്ങൾ നിൻ
നീരവഗൗരവമാർന്ന കയങ്ങളിൽ,
പ്രിയസരയൂ,
ശരണാർത്ഥിയാകുമാത്മാവിൽ
സംപ്രീതയായെന്നെയും നിന്നോടണയ്ക്കുക."
('സരയുവിലേക്ക് ",ഒ.എൻ.വി.കുറുപ്പ്.)
(ലേഖകന്റെ ഫോൺ: 99461007930)
എങ്ങനെ എത്തിച്ചേരാം
ഡൽഹിയിൽ നിന്നും 675 കിലോമീറ്ററും ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ നിന്ന് 134കിലോമീറ്ററും ദൂരത്താണ് അയോദ്ധ്യ. വിമാനത്തിലാണെങ്കിൽ ലക്നൗവിലെത്തി അവിടെ നിന്ന് റോഡ് മാർഗമോ,ട്രെയിനിലോ അയോദ്ധ്യയിലോ, ഫൈസാബാദിലോ എത്താം. ട്രെയിനിലാണെങ്കിൽ നോർത്ത് സെൻട്രൽ റെയിൽവേയുടെ തിരക്കേറിയ മുഗൾ സരായ് ലക്നൗ റൂട്ടിലാണ് ഫൈസാബാദ്. തിരുവനന്തപുരം - ഡൽഹി റൂട്ടിലാണ് ലക്നൗ,അവിടെയിറങ്ങി ട്രെയിൻ മാറികയറിയും അയോദ്ധ്യയിലെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |