കുട്ടനാട്: കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ വണ്ടാനത്തെ മരുന്ന് സംഭരണശാലയിലുണ്ടായ
തീപിടിത്തം വൻദുരന്തമാകാതിരുന്നത്, സെക്യൂരിറ്റി ജീവനക്കാരനായ കൈനകരി പത്താം വാർഡ് പനന്താനം വീട്ടിൽ എം.അനിലിന്റെ അവസരോചിതമായ ഇടപെടൽ കാരണം. പുലർച്ചെ 1നും1.30നും ഇടയിലായി മരുന്നുസംഭരണശാലയിൽ നിന്ന് പൊടുന്നനെ തീയും പുകയും ഉയരുന്നത് അനിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഇവിടേയ്ക്കുള്ള വൈദ്യുത മീറ്ററിന്റെ ഫ്യൂസ് ഓഫ് ചെയ്തു അപകടം ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ, ജനറേറ്റർ പെട്ടന്ന് ഓണായത് കാര്യങ്ങൾ കുഴപ്പത്തിലാക്കി.
പെട്ടെന്ന് അകലെയുണ്ടായിരുന്നു ജനറേറ്റർ ഓഫാക്കിയെങ്കിലും അപ്പോഴേക്കും തീ പടർന്നു കഴിഞ്ഞിരുന്നു.
മരുന്നുസംഭരണശാലയ്ക്ക് മുകളിലെ ടാങ്കിലെ പൈപ്പ് തുറന്ന് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിക്കാതെ വന്നതോടെ വിളിച്ചുകൂവി ആളെകൂട്ടി. ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അവർ വേഗത്തിൽ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതുവരെ അനിലിൽ നടത്തിയ അക്ഷീണ പരിശ്രമമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
സൈന്യത്തിൽ എൻജിനീയറിംഗ് വിഭാഗത്തിൽ 18 വർഷത്തിലേറെ സേവനമനുഷ്ഠിച്ച അനിൽ,
ആലപ്പുഴ എക്സൽ ഗ്ലാസ് ഫാക്ടറി, ജില്ലാആശുപത്രി, വാട്ടർ അതോർട്ടിയുടെ നെടുമുടിയിലെ പമ്പിംഗ് സെന്റർ എന്നിവിടങ്ങളിൽ സെക്യൂരിറ്റിയായി ജോലിനോക്കിയിട്ടുണ്ട്. പിന്നീടാണ് വണ്ടാനത്ത് എത്തിയത്.
നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയായ അനിൽ, എസ്.എൻ.ഡി.പിയോഗം
23ാ നമ്പർ തോട്ടുവാത്തല ശാഖ ഗുരുക്ഷേത്രയോഗം പ്രസിഡന്റായി കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചുവരുന്നു. ഭാര്യ:ശോഭന, മകൾ: ഐശ്വര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |